കൊച്ചി : സോളാര്‍ കേസ് പ്രതി ഹൈബി ഈഡന് എംപിക്കെതിരെ നല്കിയ ലൈംഗിക പീഡന കേസില്‍ തെളിവില്ലെന്ന് സിബിഐ. കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് സിബിഐ സംഘം രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളിലെ ആദ്യത്തെ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് ഹൈബി ഈഡന് തന്നെ പീഡിപ്പിച്ചെന്നായിരുന്നു സോളാര്‍ കേസ് പ്രതിയുടെ ആരോപണം. സംസ്ഥാന സര്‍ക്കാരാണ് ഈ കേസ് സിബിഐയെ ഏല്‍പ്പിച്ചത്. എന്നാല്‍ ബലാത്സംഗ കേസില്‍ തെളിവ് കണ്ടെത്താനായില്ല. ആരോപണം ഉന്നയിച്ച പരാതിക്കാരിക്കും തെളിവൊന്നും നല്കാന് സാധിച്ചില്ല. പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും സിബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കേസുമായി ബന്ധപ്പട്ട് പരാതിക്കാരിയുമായി എംഎല്‍എ ഹോസ്റ്റലില്‍ തെളിവെടുപ്പ് നടത്തിയിരുന്നുവെങ്കിലും ഹൈബി ഈഡന് കുറ്റക്കാരന്നെ് തെളിയിക്കുന്നതൊന്നും ലഭിച്ചില്ലെന്നും സിബിഐ അറിയിച്ചു. കേസില്‍ അന്വേഷണം നടത്തിയ കേരള പോലീസിനും ഹൈബി ഈഡന് എംപിക്കെതിരെ തെളിവ് കണ്ടെത്താനായിരുന്നില്ല.
നാലുവര്‍ഷത്തോളം അന്വേഷണം നടത്തിയെങ്കിലും കേരള പോലീസിന് കാര്യമായ തെളിവൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് വിടുകയായിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തുകയും വലിയ രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തിരുന്നു. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പാണ് കേസ് സിബിഐക്ക് കൈമാറിയത്. സോളാര്‍ പദ്ധതി നടപ്പാക്കാന്‍ ഹൈബി സഹായം വാഗ്ദാനം ചെയ്തു. എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു സോളാര്‍ കേസ് പ്രതിയുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: