നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ആഘോഷിക്കുമ്പോഴാണ് കേരളാനിയമസഭാംഗവും സിപിഎം സഹയാത്രികനുമായ കെ.ടി. ജലീല്‍ രാജ്യവിരുദ്ധ പ്രസ്താവന നടത്തിയിരിക്കുന്നത്. കശ്മീരിനെ ‘ആസാദ് കശ്മീര്‍’ എന്നും ജമ്മു കശ്മീരിനെയും ലഡാക്കിനെയും ചേര്‍ത്ത് ‘ഇന്ത്യന്‍ അധീന കശ്മീര്‍’ എന്നും ജലീല്‍ പരാമര്‍ശിച്ചതിലൂടെ താന്‍ പാകിസ്ഥാന് പക്ഷത്താണ് നിലയുറപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുകയാണ്. കശ്മീര്‍ സന്ദര്‍ശനത്തിനിടെയുള്ള ജലീലിന്റെ ഫെയ്സ് ബുക് പോസ്റ്റ് തന്റെ പക്ഷം എവിടെയാണെന്നും തനിക്കെന്തിനോടാണ് കൂറെന്നും മറ്റു ചിലരെ അറിയിക്കാനുള്ളതായിരുന്നു എന്നു വ്യക്തം. ഒന്നും കാണാതെ ജലീല്‍ ഇത്തരമൊരു ദേശ ദ്രോഹ നിലപാട് പൊതു ഇടത്തിലൂടെ പരസ്യമാക്കില്ല. കരുതിക്കൂട്ടിയാണദ്ദേഹം അതു ചെയ്തത്. വിവാദമായപ്പോള്‍ ചില ഭാഗങ്ങള്‍ പിന്‍വലിച്ചെങ്കിലും നിലപാടറിയിക്കുക എന്ന ലക്ഷ്യം നിറവേറ്റി. ജലീലിന്റെ അമിത മത സ്നേഹം, പ്രതിനിധീകരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടി, മുമ്പ് അദ്ദേഹം പ്രവര്‍ത്തിച്ച സംഘടനകള്‍, പ്രചരിപ്പിച്ച ആശയങ്ങള്‍ എല്ലാം പരിഗണിക്കുമ്പോള്‍ ഈ ഫേസ്ബുക്കിലെ എഴുത്ത് വലിയ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് വ്യക്തം.
കശ്മീര്‍ സ്വത്വം എന്നത് കേവലം മുസ്ലിം സ്വത്വമാണെന്നും അത് കേന്ദ്ര സര്‍ക്കാര്‍ തകര്‍ത്തെന്നും പറയാതെ പറയുന്ന വരികള്‍ എഫ്ബി പോസ്റ്റില്‍ കാണാം. 1339 മുതല്‍ അഞ്ചുനൂറ്റാണ്ട് കശ്മീര്ഭരിച്ചത് മുസ്ലിം ഭരണാധികാരികള്‍ ആണെന്നും, 1819ല്‍ ഹിന്ദുരാജാവായ രഞ്ജിത് സിംഗ് കശ്മീര്‍ ‘അക്രമിച്ച്’ അദ്ദേഹത്തിന്റെ രാജ്യത്തോട് ചേര്‍ത്തു എന്നും തുടര്‍ന്ന് 1846ല്‍ ബ്രിട്ടീഷ് ഭരണത്തിലുമായി എന്നുമാണ് മുന്‍ സിമി നേതാവ് എഴുതുന്നത്. കേവലം 27 വര്‍ഷം ഭരിച്ച രഞ്ജിത് സിംഗിനല്ല മറിച്ച് അഞ്ചുനൂറ്റാണ്ട് ഭരിച്ച മുസ്ലിം ഭരണാധികാരികള്‍ക്കാണ് കശ്മീരിന്റെ അവകാശം എന്നാണ് ജലീല്‍ പറയുന്നത്.
കശ്മീരിന്റെ യഥാര്‍ത്ഥ ചരിത്രം
1339 മുതല്‍ 1819 വരെ ഉള്ള കാലത്ത് രൂപപെട്ട ഒരു ജനതയും സംസ്കാരവും മാത്രമാണോ കശ്മീരിന് അവകാശപ്പെട്ടത്. അല്ല, ആ ചരിത്രം അറിയാത്തവനല്ല കെ.ടി. ജലീല്‍. കശ്മീരം ശൈവ ആരാധനാ സമ്പ്രദായത്തിന്റെ ഭൂമികയാണ്. ആദി ശങ്കരന് സ്ഥാപിച്ച ശാരദാപീഠവും കശ്മീരത്തിലാണ്. ഗോപാദ്രി മലയിലെ ജ്യേഷ്ഠേശ്വരനും, ഝലം നദിക്കരയിലെ ദുര്ഗ്ഗാമന്ദിരവും, ആദിപരാശക്തിയുടെ വാസസ്ഥലമായ ഗൗരിമാര്ഗ്ഗും, വരാഹ മുല്ല എന്ന ബാരാമുല്ലയും എല്ലാം ഈ ശൈവിസത്തിന്റെ അലകളാണ്. കശ്യപമഹര്‍ഷിയും, ഭരതമുനിയും, ലളിതാദിത്യനും, ബുദ്ധനും, ശങ്കരനും, കശ്മീരത്തിന്റെ സ്വന്തമാണ്. അറിവിന്റെ കേന്ദ്രം. ക്രിസ്തുവിന് മുന്‍പ്, 3000 നുമപ്പുറം, നിയോ ലിതിക് കാലത്തുതന്നെ അവിടെ സാംസ്കാരിക വളര്‍ച്ചയെത്തിയ ഒരു ജനത ഉണ്ടായിരുന്നു എന്നതിനു തെളിവുണ്ട്. ശൈവിസത്തിനൊപ്പം മഹായാന ബുദ്ധിസവും കശ്മീരില്‍ പടര്‍ന്നിരുന്നു.
കശ്മീരത്തിന്റെ രാജനൈതിക ചരിത്രം ചര്‍ച്ചചെയ്യുമ്പോള്‍ ആദ്യം പ്രതിപാദിക്കേണ്ട ഗ്രന്ഥമാണ് രാജ തരംഗിണി. 12 നൂറ്റാണ്ടില്‍ കശ്മീരില്‍ ജീവിച്ചിരുന്ന് സംസ്കൃത പണ്ഡിതനായ കല്ഹണന് എഴുതിയ എട്ട് പുസ്തകങ്ങളാണ് രാജതംഗിണി എന്ന് അറിയപ്പെടുന്നത്. കല്‍ഹണന്റെ പിതാവ് കശ്മീര്‍ ഭരിച്ചിരുന്ന ഹര്‍ഷ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്നു. ബിസി 2448 മുതലുള്ള ചരിത്രം കല്ഹണന് രേഖപ്പെടുത്തുന്നു. ഗോനന്ദ ഒന്നാമന് 2448 ബിസി യില്‍ കശ്മീര്‍ ഭരിച്ചതായി അദ്ദേഹം പറയുന്നു. ബിസി 1100 വരെ ഭരിച്ചിരുന്ന മുഴുവന്‍ രാജാക്കന്മാരുടെയും ചരിത്രം അതിലുണ്ട്.
കെ.ടി. ജലീല്‍ അടക്കം ഇവിടുത്തെ ഇടത്-മൗദൂദി ബുദ്ധിജീവികള്‍ ഒരിക്കലും പറയാന്‍ തയാറാകാത്ത പേരാണ് ലളിതാദിത്യമഹാരാജവിന്റേത്. എഡി 625-855 കാലത്ത് കശ്മീര്‍ ഭരിച്ചിരുന്ന രാജവംശമാണ് കാര്‍ക്കോട രാജവംശം, ഈ കാഘമാണ് കശ്മീരിന്റെ സുവര്‍ണകാലമായി കണക്കാക്കുന്നത.് കല്‍ഹണന്റെ രാജതരംഗിണിയില്‍ പറയുന്ന കാലഗണന എഡി 724 -760 ആണ് രാജാ ലളിതാദിത്യയുടെ ഭരണം എന്നാണ്. മധ്യഭാരതം ഭരിച്ചിരുന്ന യശോധധര്‍മ്മനെ പരാജയപ്പെടുത്തിയ ലളിതാദിത്യന് വിന്ധ്യാചലം കടന്ന് കര്‍ണാടകവരെയുള്ള പ്രദേശം കശ്മീര്‍ കേന്ദ്രമാക്കി ഭരിച്ചിരുന്നു എന്ന് രാജതരംഗിണി സാക്ഷ്യപ്പെടുത്തുന്നു. ഇന്നത്തെ അഫ്ഗാനും, മധ്യേഷന്‍ രാജ്യങ്ങളും ചൈനീസ് രാജവംശമായ താങ്ങ് രാജവംശവും തിബറ്റും ലളിദാദിത്യന്റെ കീഴിലായിരുന്നു.
ഖലീഫ ഹിഷാമിന്റെ ഉത്തരവനുസരിച്ച് സിന്ധിലെ അറബ് ഗവര്‍ണറായ ജുനൈദ് കശ്മീര്‍ ആക്രമിച്ചു. ജുനൈദിനെയും അറബ് സൈന്യത്തെയും ലളിതാദിത്യ പരാജയപ്പെടുത്തി, ആക്രമണകാരികളായ തുഖാരന്മാരെ (തുര്‍ക്ക്മെനിസ്ഥാനിലെ തുര്‍ക്കികളും ബഡക്സ്ഥാനില്നിന്നുള്ള ടോക്രാനും), ബാള്‍ട്ടിസ്ഥാനില്‍ നിന്നും ടിബറ്റിലും നിന്നുള്ള ആക്രമണങ്ങളെ ലളിതാദിത്യനും പരാജയപ്പെടുത്തി. ഉസ്ബെക്കിസ്ഥാന്, താജിക്കിസ്ഥാന്‍, തെക്കന്‍ കിര്‍ഗിസ്ഥാന്‍, തെക്കുപടിഞ്ഞാറന്‍ കസാഖിസ്ഥാന്‍ തുടങ്ങിയ ആധുനിക രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന മധ്യേഷ്യയിലും അദ്ദേഹം വിജയിച്ചു. അതിനുശേഷം അദ്ദേഹം കാബൂളിലൂടെ തുര്‍ക്കിസ്ഥാന്‍ ആക്രമിക്കുകയും ബുഖാറയിലെ മോമിനെ നാലു തവണ പരാജയപ്പെടുത്തുകയും അഞ്ചാം തവണ വധിക്കുകയും ചെയ്തു. പേര്‍ഷ്യന്‍ ചരിത്രകാരനായ അല്ബെറൂണിയുടെ അഭിപ്രായത്തില്‍, കശ്മീരി രാജാവായ മുത്തായി ഉസ്ബെക്കിസ്ഥാന്റെ ഗവര്‍ണറായിരുന്ന മോമിനെ പരാജയപ്പെടുത്തി. ഈമുത്തായി മറ്റാരുമല്ല, ലളിതാദിത്യ മുക്തപിഡയായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം കശ്മീരിനെആക്രമിക്കുന്നതില് നിന്ന് മുസ്ലിം രാജ്യങ്ങളെ നിരുത്സാഹപ്പെടുത്തി. ഹിന്ദുക്കുഷ്-പാമിര്മേഖലയ്ക്കെതിരെയും അദ്ദേഹം വിജയിച്ചു. അദ്ദേഹം തന്റെ സാമ്രാജ്യം കാസ്പിയന്‍ കടലിലേക്കും കാരക്കോറം പര്‍വതനിരകളിലേക്കും വ്യാപിപ്പിപ്പിച്ചു. വടക്ക് ടിബറ്റ് മുതല്‍ ദ്വാരക വരെയും തെക്ക് ഒറീസാതീരം വരെയും കിഴക്ക് ബംഗാള്‍ മുതല്‍ പടിഞ്ഞാറ് മധ്യേഷ്യ വരെയും ലളിതാദിത്യന്റെ സാമ്രാജ്യം പരമോന്നത ശക്തിയോടെ സ്ഥാപിക്കപ്പെട്ടു. അദ്ദേഹത്തിന്റെ സൈന്യം പേര്‍ഷ്യയില്‍ (ഇറാന്)വരെഎത്തി. നിരവധി പട്ടണങ്ങളാണ് അദ്ദേഹം നിര്‍മ്മിച്ചത്, ഹിന്ദു ബൗദ്ധ ക്ഷേത്രങ്ങള്‍ അദ്ദേഹം പണിഞ്ഞു. ഇത്രയും ശക്തനായ ഹിന്ദുരാജാവിന്റെ കീഴിലാണ് കശ്മീര്‍ വിശ്വപ്രസിദ്ധമായത്.
കശ്മീരില്‍ മുസ്ലീം ഭരണം
ക്രിസ്തുവിന് പിന്‍പ് 1300 ലാണ് ആദ്യമായി താഴ്വരയില് മുസ്ലിം ഭരണം വരുന്നത്. 1339-ല്‍ ഷാ മിര്‍ കശ്മീരിലെ ആദ്യത്തെ മുസ്ലിം ഭരണാധികാരിയായി. 1586 മുതല്‍ 1751 വരെ ഭരിച്ചിരുന്ന മുഗള്‍ സാമ്രാജ്യവും 1747 മുതല്‍ 1819 വരെ ഭരിച്ചിരുന്ന അഫ്ഗാന് ദുറാനി സാമ്രാജ്യവും ഉള്‍പ്പെടെയുള്ള അഞ്ച്നൂറ്റാണ്ടുകളില് മുസ്ലിം രാജാക്കന്മാര് കശ്മീര്‍ ഭരിച്ചു. കശ്മീരിന്റെ എല്ലാ വൈവിധ്യങ്ങളും സംസ്കാരങ്ങളും ഇല്ലാതായ അഞ്ചുനൂറ്റാണ്ട്. താഴ്വരയിലെ തദ്ദേശീയ ജനതയെ മതപരിവര്‍ത്തനം നടത്തി. പല ക്ഷേത്രങ്ങളും ബുദ്ധസ്തൂപങ്ങളും തകര്‍ത്തു. താഴ്വര ദാറുള്‍ ഇസ്ലാം ആയി പ്രഖ്യാപിക്കാന്‍ തിരക്ക് കൂട്ടുന്ന ഒരു ജനത അവിടെ ഭൂരിപക്ഷമായി മാറുകയായിരുന്നു. മറ്റെല്ലാ മതബിംബങ്ങളും കശ്മീരില്‍ നിന്ന് മാറ്റപ്പെട്ടുകൊണ്ടിരുന്നു.
രാജാ രഞ്ജിത് സിങ്ങിന്റെ നേതൃത്വത്തില്‍ സിഖുകാര്‍ കശ്മീര്‍ പിടിച്ചെടുത്തു. 1846-ല്‍, ഒന്നാം ആംഗ്ലോ-സിഖ് യുദ്ധത്തിലെ സിഖ് പരാജയത്തിനുശേഷം, ലാഹോര്‍ ഉടമ്പടി ഒപ്പുവച്ചു, അമൃത്സര്‍ ഉടമ്പടി പ്രകാരം ഈ പ്രദേശം ബ്രിട്ടീഷുകാരില്‍ നിന്ന് വാങ്ങിയതിന് ശേഷം, ജമ്മുവിലെ രാജാവായ ഗുലാബ് സിംഗ് പുതിയ ഭരണാധികാരിയായി. ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ക്ക് കശ്മീര്‍ വേദിയായി.
ലാല്‍ ചൗക്കാണ് ശ്രദ്ധേയമായ സമരങ്ങള്‍ നടന്നത്. റഷ്യന്‍ വിപ്ലവത്തിന്റെ ഓര്മ്മക്കായ്പിറവികൊണ്ട ചത്വരമാണ് ലാല്‍ ചൗക്ക്, പിന്നീട് ബ്രിട്ടീഷ് വിരുദ്ധ സമരഭൂമിയായ്. 1947-1948 ലെഇന്ത്യ-പാകിസ്ഥാന് യുദ്ധത്തെത്തുടര്‍ന്ന്, നെഹ്റു ലാല്‍ ചൗക്കില്‍ നടത്തിയ പ്രസംഗത്തില്‍ കശ്മീരികള്‍ക്ക് അവരുടെ രാഷ്ട്രീയ ഭാവി തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരു ഹിതപരിശോധനയില്‍ വോട്ടുചെയ്യാനുള്ള അവസരവും, അതിലൂടെ പ്രത്യേക പദവിയും വാഗ്ദാനം ചെയ്യ്തതും ഇവിടെവെച്ചായിരുന്നു. എന്നാല്‍ കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലാതാകാന് നടന്ന മുഴുവന്‍ അതിക്രമങ്ങള്‍ക്കും ഈ ചുകപ്പന്‍ ചത്വരം സാക്ഷിയായി.
1990 ആകുംമ്പോഴേക്കും ലാല്‍ചൗക്കില്‍ പാക്കിസ്ഥാന് പതാക സ്ഥാനം പിടിച്ചു. ഇന്ത്യയുടെ പതാക ഉയര്‍ത്താന്‍ വിഘടനവാദികള്‍ ആരെയും അനുവദിച്ചില്ല. ദേശീയ സുരക്ഷാ ഗാര്‍ഡുകള്‍ വെല്ലുവിളി ഏറ്റെടുത്ത് പതാക ഉയര്‍ത്തി. 1992-ല്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ അന്നത്തെ അധ്യക്ഷന്‍ മുരളീമനോഹര്‍ ജോഷിയും അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന നരേന്ദ്രമോദിയും ചേര്‍ന്ന് റിപ്പബ്ലിക് ദിനത്തില്‍ ടവറിന് മുകളില്‍ ഇന്ത്യന്‍പതാക ഉയര്‍ത്തിയതോടെയാണ് ക്ലോക്ക് ടവറിന് രാഷ്ട്രീയ പ്രാധാന്യം ലഭിച്ചത്. 1963 ഡിസംബര്‍ 27 നാണ് ഹസ്രത്ത്ബാല്‍ പള്ളിയില്‍ സൂക്ഷിച്ചിരുന്ന് മുഹമ്മ്ദ് നബിയുടെതന്ന് കരുതുന്ന ‘വിശുദ്ധമുടി’ കാണാതായ സംഭവം ഉണ്ടാകുന്നത്. അതിനോട് അനുബന്ധിച്ച് നടന്ന കലാപത്തില്‍ നിരവധി ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു. 1965 യുദ്ധ സമയത്തും കശ്മീരില്‍ പണ്ഡിറ്റുകള്‍ ആക്രമിക്കപ്പെട്ടു. 66 ലെ താഷ്കന്റ് ഉടമ്പടി പ്രകാരം ലൈന്‍ ഒഫ് കണ്ട്രോള് വന്നു. ഇന്ത്യക്ക് നിയന്ത്രണമില്ലാത്ത കശ്മീര്‍ പ്രദേശം നിലവില്‍വന്നത് ഇസ്ലാമിക് ഗ്രൂപ്പുകള്‍ക്ക് പകുതിവിജയം ലഭിച്ചതു പോലെയായി, ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ പൂര്‍ണമായും മുസ്ലിം ഭൂരിപക്ഷമായി.
1980 ല്‍ ജമാ അത്തെ ഇസ്ലാമി കശ്മീര്‍ പാക്കിസ്ഥാനുമായി ചേര്‍ന്ന് കശ്മീരില്‍ കലാപങ്ങള്‍ക്ക് കോപ്പ് കൂട്ടി. ജമാ അത്തെ അമീര്‍ മൗലാന അബ്ദുള്‍ ബാറി കശ്മീരില്‍ മുഴുവന്‍ യാത്രചെയ്ത് കൂട്ടക്കൊലകള്‍ ആസൂത്രണം ചെയ്തു. അതിനുശേഷ്ം കശ്മീരില്‍ ജെകെല്‍എഫ് കൂടാതെ ഹിസ്ബുള്‍ മുജാഹുദീന്‍, അന്‍സറുള്ള ഇസ്ലാം, മുസ്ലിം യുണൈറ്റഡ് ഫ്രന്റ് തുടങ്ങിയ മിലിറ്റന്റ് ഗ്രൂപ്പുകള്‍ സജീവമായി. മക്ബൂല്‍ ഭട്ടിനെ ഇന്ത്യ തൂക്കിലേറ്റി. 1984 ഐഎസ്ഐ ജമാഅത്തെ ഇസ്ലാമിയെ ഒഴിവാക്കി ജെകെഎല്‍എഫുമായി കൈകോര്‍ത്തു. 1984 സിയാച്ചിന്‍ ഇന്ത്യതിരിച്ചു പിടിച്ചതോടെ കശ്മീര്‍ വാലിയില്‍ പാക്ക് അനുകൂല പ്രകടനവും ഹിന്ദുവിരുദ്ധ കലാപങ്ങളും നടന്നു. 1986 അനന്തനാഗില്‍ ഉണ്ടായ പണ്ഡിറ്റുകളുടെ കൂട്ടക്കൊലകള്‍ സമാനതകള്‍ ഇല്ലാത്തതായിരുന്നു. 1990 ആയപ്പോഴേക്കും കശ്മീരി പണ്ഡിറ്റുകളെ കൊന്നുതള്ളുന്ന ഇസ്ലാമിക രക്തദാഹികളുടെ ഇടമായി താഴ്വര. കൊല്ലുന്നതിന്റെ കാരണമായി ജെകെഎല്‍എഫ് നേതാവ് അമാനുള്ള ഖാന് പറഞ്ഞത് ‘അവര്‍ (പണ്ഡിറ്റുകള്‍) കശ്മീരിനെ ഇന്ത്യയില്‍ നിന്ന് മോചിപ്പിക്കാന്‍ സായുധ പോരാട്ടത്തിന് തയ്യാറല്ല, അതിനാല്‍ അവര്‍ തോക്കുകള്‍ക്ക് ഇരയാകും’ എന്നാണ്. 1990 ജനുവരി 19 കശ്മീരിന്റെ ചരിത്രത്തിലെ കറുത്ത അടയാളമായി. അഞ്ചുലക്ഷം ഹിന്ദുക്കളാണ് താഴ്വര വിട്ടോടേണ്ടിവന്നത്.
ശാന്തമാകുന്ന കശ്മീര്‍ താഴ്വര
ഇപ്പോള്‍ കാര്യങ്ങള്‍ മാറി. 356 വകുപ്പ് എടുത്തുമാറ്റി പണ്ഡിറ്റുകളുടെ പുനരധിവാസം നടപ്പാക്കി കേന്ദ്രം. ദാല്‍ തടാകത്തിനരില്‍ ഇന്നും കൃഷ്ണാ ധാബ എത്ര ആക്രമണം നേരിട്ടിട്ടും ഇന്നും തുറന്ന് പ്രവര്‍ത്തിക്കുന്നു. അന്ന് തകര്‍ത്ത നിരവധി ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മാണം നടക്കുന്നു, ലാല്‍ചൗക്കില്‍ ത്രിവര്‍ണ്ണം പാറുന്നു, തെരുവുകള്‍ ശാന്തമാണ്, എല്ലാ തരത്തിലുമുള്ള വിഘടനവാദവും ചോദ്യചെയ്യപ്പെടുന്നു. ഇന്ന് ഇന്ത്യ എന്ന വികാരത്തിനൊപ്പമാണ് കശ്മീര്‍ ജനത.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ ഡിവൈഎഫ്ഐയും ജമാ അത്തെ ഇസ്ലാമിയും മാത്രമാണ് കശ്മീരില്‍ സ്വതന്ത്ര സംഘടനയായി പ്രവര്‍ത്തിച്ചിരുന്നത്- ജമ്മു ആന്‍ഡ് കശ്മീര്‍ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷനും ജമാ അത്തെ ഇസ്ലാമി കശ്മീരും. കെ.ടി. ജലീല്‍ ജമാ അത്തെഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായി പ്രവര്‍ത്തിക്കുകയും പിന്നീട് നിരോധിക്കപ്പെട്ട സ്റ്റുഡന്റ്സ് ഇസ്ലാമിക മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) യുടെ നേതാവുമായി, ഇപ്പോള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മാര്‍ക്സിസ്റ്റിന്റെ സ്വതന്ത്ര എംഎല്‍എയുമാണ്. സ്വതന്ത്ര ഇന്ത്യയില്‍ ആദര്‍ശപരമായി കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി കാണാത്ത രണ്ട്പ്രസ്ഥാനങ്ങളായ സിപിഎമ്മിന്റേയും ജമാ അത്തെ ഇസ്ലാമിയുടേയും പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന കെ.ടി. ജലീലിന് എക്കാലവും കശ്മീര്‍ ജനതയുടെ സ്വത്വബോധത്തെ ഒരു വിഭാഗത്തിന്റെതു മാത്രമായേ കാണാന്‍ സാധിക്കൂ. പക്ഷേ, വര്‍ത്തമാനകാല ഇന്ത്യന്‍ പൊതുബോധം കെ.ടി. ജലീലിന്റെ മൗദൂദിയന്‍ സ്വത്വബോധത്തെ പൂര്‍ണമായും നിരാകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: