ഇറക്കത്ത് രാധാകൃഷ്ണന്
യോഗിവര്യനായ തുഞ്ചത്തെഴുത്തച്ഛന്‍ ആധ്യാത്മികതയ്ക്കും ഭക്തിയ്ക്കും പ്രാധാന്യം നല്കി കൈരളിക്ക് സമര്‍പ്പിച്ച അമൂല്യ നിധിയാണ് അധ്യാത്മരാമായണം. വേദോപനിഷത്തിന്റെ ഗുണം സാധാരണക്കാരന് അപ്രാപ്യമായ കാലഘട്ടത്തില്‍ ലളിത മനോഹരമായ കാവ്യ ഭാഷയില്‍ പാടി മനസ്സില്‍ പതിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഇതിന്റെ രചന നിര്‍വഹിച്ചത്. സംസാരബന്ധം വലിയവനും ചെറിയവനും തുല്യമാണല്ലോ. അത് മറി കടക്കണമെങ്കില്‍ ജ്ഞാനം ലഭിക്കണം. ജ്ഞാനം ലഭിക്കണമെങ്കില്‍ നാമം ജപിക്കണം. നാമം ജപിക്കുമ്പോള്‍ ഭക്തി കൈവരും. നമോച്ചാരണം പാപഹരമാണ്.
കലികാലത്ത് ഭക്തികൊണ്ട് മാത്രമെ മുക്തനാവാന്‍ കഴിയൂ. ഭക്തിയുടെ പ്രതിഫലനം ഒന്‍പത് വിധമാണ്. ശ്രവണം, കീര്‍ത്തനം, സേവനം, സ്മരണം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നിവയാണ്. ജ്ഞാനികളില്‍ നിന്ന് ശ്രവണത്തിലൂടെയും ആലാപനത്തിലൂടെ കീര്‍ത്തനവും വിവിധാചാരപൂജയിലൂടെ സേവനവും ഈശ്വരരൂപം, ശക്തി, ചരിത്രം ഇവ ഓര്‍മ്മയില്‍ നിലനിര്‍ത്തിയും ഉപഹാരസമര്‍പ്പണത്തിലൂടെ അര്‍ച്ചനയും നമസ്കാരം സാഷ്ടാംഗപ്രണാമം എന്നിവയിലൂടെ വന്ദനവും, സേവകവൃത്തിയിലൂടെ ദാസ്യവും ഈശ്വരനെ സുഹൃത്തായും സഖിയായും കണ്ട് സഖ്യവും, ആഗ്രഹവും പരിദേവനങ്ങളും പരാതിയും നിവേദനരൂപത്തിലൂടെയും അനുഷ്ഠിക്കുന്നവന് ഭക്തിയുടെ എല്ലാ നിലയിലും എത്തിച്ചേരാം. കലികാലത്ത് കീര്‍ത്തനം കൊണ്ടു മാത്രമേ കലികല്മഷങ്ങളില് നിന്ന് മുക്തനാവാന്‍ കഴിയൂ. അതിനുത്തമം കലി സന്തരണ മന്ത്രമാണെന്ന് നാരദമഹര്‍ഷിക്ക് ബ്രഹ്മദേവന് ചൊല്ലിക്കൊടുക്കുന്നു.
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണഹരേ ഹരേ
ഈ ഷോഡശ മന്ത്രം കീര്ത്തിക്കുന്നവന് കലി ബാധകളേല്ക്കേണ്ടി വരികയില്ല. രണ്ട് വരികളില്‍ നിന്ന് 8+8=16 നാമങ്ങളാണ് കീര്‍ത്തിക്കുന്നത്. ജപം വേണ്ടപോലെ ചെയ്താല്‍ ധ്യാനം അനുഭവപ്പെടും ഏത് മന്ത്രമായായലും പ്രണവത്തോടുകൂട് ജപിക്കണം. പ്രണവമാണ് മന്ത്ര ശരീരത്തിലെ ചൈതന്യം. വടക്കോ കിഴക്കോ തിരിഞ്ഞിരിക്കാം. ഭഗവദ് ചിന്തമാത്രമേ പാടുള്ളൂ. ഭഗമുള്ളവനാണ് ഭഗവാന്. ഭഗവാന് വിഷ്ണു പുരാണത്തില്‍ ഇങ്ങനെ പറയുന്നു.
ഐശ്വരസ്യ സമഗ്രസ്യ
വീരസ്യ യശസാ ശ്രിയഃ
ജ്ഞാന വൈരാഗ്യയോശ്ചേ-
തിഷണ്ണാം ഭഗ ഇതീരിണാ
(6.5.74) (വിഷ്ണുപരാണം)
അതായത് ഐശ്വര്യം, വീര്യം, യശസ്സ്, ശ്രീ, ജ്ഞാനം, വൈരാഗ്യം എന്നീ ആറ് ഗുണങ്ങളെയാണ് ഭഗങ്ങള്‍ എന്നു പറയുന്നത്. എട്ട് ഐശ്വര്യമുള്ളവന് ഭഗവാന് എന്നും അര്‍ത്ഥമുണ്ട്. അണിമ, മഹിമ, ലഘിമ, ഗരിമ, ഈശിത്വം, വശിത്വം, പ്രാപ്തി, പ്രാകാശ്യം ഇങ്ങനെയുള്ള ഭഗവാനെ അന്യചിന്തയില്ലാതെ ജപിക്കണം. ക്രമേണ പ്രജ്ഞക്ക് ഏകാഗ്രത കിട്ടും. ചിന്താമാലിന്യങ്ങളായ ഭയം, വ്യസനം, ക്രോധം ഇവ ഇല്ലാതാകണം. ഭക്തിയും വിശ്വാസവും ഒത്തു ചേരുമ്പോള്‍ ഭാവം ലഭിക്കും. ചിലപ്പോള്‍ ഒരേ ശബ്ദം തന്നെ ഭാവത്തെ പലതായിട്ട് കാണും. വാല്മീകി മരാ ശബ്ദത്തിലൂടെ രാമ ശബ്ദവും ഭാവവും ലഭിക്കാന്‍ ഇടയായി.നാമം ഉച്ചത്തിലും, മൗനത്തിലും ജപിക്കാം. ജപത്തിന്റെ തീവ്രത ഹൃദയത്തില്‍ അനുഭവപ്പെടുമ്പോള്‍ എല്ലാം തനിയേ വന്നു കൊള്ളും.
വ്യക്തി, ജപ സാധനകളനുഷ്ഠിക്കുമ്പോള് ആത്മാവ് ശുദ്ധമാകും. ഭക്തിയോടെ ഭജനം തുടരുമ്പോള്‍ ശുദ്ധിയും വര്‍ദ്ധിക്കും. ഭഗവദ് സ്മരണതന്നെ ആത്മശുദ്ധിക്ക് കാരണമാകുന്നു. രാമായണം രചിച്ച വാല്മീകി കാട്ടാളനായിരുന്നു. ഒരു കണക്കിന് ഭക്തിയില്ലാത്തവരെല്ലാം കാട്ടാളന്മാര് തന്നെ. ആഹാരം കഴിച്ച് ഇന്ദ്രിയമോഹത്താല് ലൗകികത്തില്‍ മുഴുകി കൃത്യനിഷ്ഠയില്ലാതെ ജീവിതം പാഴാക്കി കളയുന്നവരെല്ലാം കാട്ടാളന്മാര് തന്നെ. മനുഷ്യ ജന്മം ഉത്തമജന്മമാണെന്ന് അറിയാതെ ജീവിക്കുന്നവര്‍ പ്രാകൃതന്മാര് തന്നെയാണ്.
എത്ര ജന്മം കഴിഞ്ഞാണ് നമുക്ക് മനുഷ്യജന്മം ലഭിച്ചതെന്ന് ഇവര്‍ ചിന്തിക്കുന്നില്ല. പണം കയ്യില്‍ വരുമ്പോള്‍ ധൂര്‍ത്ത് ഒഴിവാക്കാന്‍ കഴിയാതിരുന്നാല്‍ സമ്പത്ത് ക്ഷയിച്ചുപോകും. അതുപോലെ മര്‍ത്ത്യ ജീവിതം ലഭിച്ചിട്ടും അലക്ഷ്യമായ ജീവിതചര്യകളില്‍ കൂടി ജന്മമഹത്വം പാഴാക്കി കളയുന്നു. നമുക്കു ചുറ്റും കാണുന്ന ജീവികളെ ശദ്ധ്രിച്ചാല്‍ അവര്‍ക്കില്ലാത്ത എത്രയോ പ്രത്യേകതകള്‍ ഗുണങ്ങള്‍ മനുഷ്യര്‍ക്കുണ്ടെന്ന് കണ്ടെത്താം. ഇത് ഈശ്വരഭജനയിലൂടെ മാത്രമേ ഈ തിരിച്ചറിവ് ലഭിയ്ക്കുകയുള്ളൂ. അഗ്നിശര്മ്മന്, ലോഹജംഘന്‍, വൈശാഖന്, രത്നാകരന് ഇതെല്ലാം വാല്മീകിയുടെ പേരായിരുന്നുവെന്ന് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. ബ്രാഹ്മണനായിരുന്നവന് വൃഷലി എന്ന കാടത്തി സ്ത്രീയെ ഭാര്യയാക്കിയതുമുതല് നീചമാര്‍ഗം സ്വീകരിച്ച് കിരാതനായി തീര്‍ന്നു. ജന്മം കൊണ്ടല്ല കര്മകൊണ്ടാണ് ജാതി തീരുമാനിക്കുന്നതെന്ന് രത്നാകരന് കാണിച്ചു തരികയും ചെയ്യുന്നു.
രത്നാകരന്റെ കാട്ടാള ജീവിതത്തിന് വിരാമമിടാന്‍ ഭഗവാന് കാണിച്ചുകൊടുത്തതാണ് സപ്തര്‍ഷികളുടെ ആഗമനം. വിലപിടിപ്പുള്ള സാധനങ്ങളൊന്നുമില്ലാതെ സഞ്ചരിക്കുന്ന സപ്തര്ഷികളെ കൊള്ളയടിക്കാന്‍ രത്നാകരന് ശ്രമിച്ചു. എന്നാല്‍ സപ്തര്‍ഷികളുടെ ആദ്ധ്യാത്മികതയാണ് രത്നാകരന് കിട്ടിയത്. താന്‍ ചെയ്യുന്ന പ്രവൃത്തി പാപമാണെന്നും അതിന്റെ ഉപഭോക്താവ് താന്‍ മാത്രമാണെന്നും ഉള്ള അറിവ് കാട്ടാള ബുദ്ധിയെ തളര്‍ത്തി. തെറ്റു ചെയ്തു പോയതില്‍ പശ്ചാത്തപിച്ചപ്പോള്‍ കാട്ടാളന് തന്നെ മരിച്ചു കഴിഞ്ഞിരുന്നു. തനിക്കുള്ളിലെ മനസ്സ് ശുദ്ധമായി ഒരു പുതിയ ജീവന് ഉടലെടുത്തു. രാമനാമജപത്തിലൂടെ സകല ശുദ്ധിയും കൈവരിച്ച് ബ്രഹ്മര്‍ഷിയായി മാറുവാന്‍ രാമശബ്ദത്തിലൂടെ കഴിഞ്ഞു. നാമജപം സകലപാപങ്ങളേയും ഇല്ലാതാക്കും. അര്‍ത്ഥമറിയാതെയാണെങ്കിലും ഭഗവാനെ സ്മരിച്ച് ജപിക്കുമ്പോള്‍ ഭഗവാന് പ്രസാദിക്കും.
ഹീനജാതിയില്‍ ജനിച്ച ശബരി എന്ന താപസി ഗുരു വചനം അനുസരിച്ച് കാട്ടില്‍ ശ്രീരാമദേവനെജപിച്ച് കാലം കഴിച്ചു കൂട്ടി. നാമജപത്തിന്റെ ശക്തിയാല്‍ ശ്രീരാമന് ശബരിയുടെ ആശ്രമത്തില്‍ എത്തിച്ചേരേണ്ടിവന്നു. ജ്ഞാനമില്ലാത്ത മൂഢയായ ഞാന്‍ ഈ ഭാഗ്യത്തിന് അര്‍ഹയല്ല എന്നു പറഞ്ഞ് സാഷ്ടാംഗം നമിച്ചപ്പോള്‍ ഭഗവാന് താപസിയോട് ഇങ്ങനെ പറയുന്നു.
‘നീ ദുഃഖിക്കണ്ട. പുരുഷന്, സ്ത്രീ, ജാതി, നാമം, ആശ്രമം തുടങ്ങിയവയൊന്നും മൂന്നു ലോകങ്ങളിലും എന്നെ ഭജിക്കുന്നതിന് കാരണമാകുന്നില്ല. ഭക്തി മാത്രമാണ് കാരണം. മുക്തി ലഭിക്കാനും വേറെ കാരണമൊന്നുമില്ല. തീര്‍ത്ഥസ്നാനം, തപസ്സ്, ദാനം, വേദ്യാധ്യയനം ക്ഷേത്രോപവാസം, യാഗം തുടങ്ങിയവ കൊണ്ട് എന്നെ ഒരുത്തര്‍ക്കും കണ്ടെത്താന്‍ കഴിയുകയില്ല. എന്റെ നേര്‍ക്കുള്ള ഭക്തി മാത്രമാണ് എന്നെക്കാണാനുള്ള ഉപായം എന്ന് മനസ്സിലാക്കുക. ഭക്തി സാധനങ്ങളും ഞാന്‍ പറഞ്ഞുതരാം.
ഒന്നാമത്തെ ഭക്തിസാധനം സത്സംഗമാണ്. എന്റെ കഥകള്‍ പറയുന്നത് രണ്ടാമത്തെ മാര്‍ഗം. മൂന്നാമത്തേത് എന്റെ ഗുണങ്ങളെ കീര്‍ത്തിക്കലാണ്. എന്റെ വാക്കുകളെ വ്യാഖ്യാനിക്കുന്നത് നാലാമത്തെ ഉപായം. എന്റെ കലകളോടെ ജനിച്ച ആചാര്യന്മാരെ ആരാധിക്കുന്നത് അഞ്ചാമത്തേത്. പുണ്യശീലതയോടെ യമ നിയമാദികള്‍ അനുസരിച്ച് പൂജിക്കുന്നത് ആറാമത്തെ മാര്‍ഗം. എന്റെമന്ത്രങ്ങള് ജപിച്ച് ഉപാസിക്കുന്നത്. ഏഴാമത്തേത്. സകല ജീവരാശികളിലും എന്റെ സാന്നിദ്ധ്യമറിയുന്നതും ഭക്തന്മാരോട് ഈശ്വര ഭക്തിയോടെ പെരുമാറുന്നതും ബാഹ്യവിഷയങ്ങളില്‍ വിരക്തയാവുന്നതും എട്ടാമത്തെ മാര്‍ഗം. എന്റെ തത്ത്വം ചിന്തിച്ചുറയ്ക്കുന്നത് ഒന്‍പതാമത്തെ ഭക്തി സാധനം. ആരുതന്നെയായാലും ഭക്തിയുണ്ടാകുമ്പോള്‍ എന്റെ തത്ത്വാനുഭൂതിയുണ്ടാകും. ഈ ജന്മത്തില് തന്നെ മുക്തിയും ലഭിക്കും. ഭക്തിയുള്ളതുകൊണ്ട് മാത്രമാണ് നിനക്ക് എന്നെ കാണുവാന്‍ കഴിഞ്ഞത്.’ രാമനാമജപത്തിലൂടെ നമുക്കും മുക്തി മാര്‍ഗം നേടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: