ഡോ. സിറിയക് തോമസ്
സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടുമുമ്പുള്ള നാളുകളിലൊന്നില്‍, സ്വതന്ത്ര ഇന്ത്യയെക്കുറിച്ച് താങ്കള്‍ക്കുള്ള സ്വപ്നമെന്താണെന്ന് ഗാന്ധിജിയോട് ചോദിച്ച പാശ്ചാത്യ പത്രവര്ത്തകനോട് രാഷ്ട്രപിതാവ് പറഞ്ഞ മറുപടി ”താഴ്ന്നവനില് ഏറ്റവും താഴ്ന്നവന് ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റാവണം” എന്നതായിരുന്നു. രാഷ്ട്രപതിയെക്കുറിച്ചുള്ള രാഷ്ട്രപിതാവിന്റെ സ്വപ്നം സാക്ഷാത്കാരിക്കപ്പെടാനും നമുക്ക് മുക്കാല്‍ നൂറ്റാണ്ട് വേണ്ടി വന്നു. ഗോത്രവര്ഗ്ഗക്കാരില്പ്പെട്ട ഒരാളെ-അതും ഒരു വനിതയെ-ആദ്യം ഗവര്‍ണറും പിന്നീട് പ്രസിഡന്റുമാക്കിയതിന്റെ ബഹുമതിയും പ്രധാനമന്ത്രിയുടെ കണക്കു പുസ്തകത്തില്‍ത്തന്നെ ചേര്ക്കപ്പെടുന്നുവെന്നതും ചരിത്രമാകും.
സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം രാജ്യമാകെ മാത്രമല്ല, ഇന്ത്യക്കാരുള്ള എല്ലായിടങ്ങളിലും നാം ആഘോഷിക്കുമ്പോള്‍ നമ്മള് നമ്രശിരസ്കരാകേണ്ടത് 1857ലെ സ്വാതന്ത്ര്യസമരം മുതല്‍-ബ്രിട്ടീഷുകാര്‍ അതിനെ ശിപായി ലഹള എന്ന് മുദ്രകുത്തിയെങ്കിലും 1942ലെ ക്വിറ്റ് ഇന്ത്യ സമരവും പിന്നീട് നേതാജിയുടെ നേതൃത്വത്തില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ ആര്‍മി (ഐഎന്‍എ) മുന്നേറ്റവും ഉള്‍പ്പെടെ ഇന്ത്യയില്‍ ഉണ്ടായ സ്വാതന്ത്ര്യ സമരത്തിന്റെ സര്‍വ്വ സമാന്തരധാരകളിലും ഉള്‍പ്പെട്ട് ജീവന് നഷ്ടപ്പെട്ടവരും തടവിലാക്കപ്പെട്ടവരും കിരാത മര്‍ദ്ദനങ്ങള്‍ക്ക് വിധേരായവരുമായ സര്‍വ്വ രക്തസാക്ഷികളുടെയും ധീരപോരാളികളുടെയും സത്യഗ്രഹികളുടെയും ധന്യ സ്മരണകള്‍ക്ക് മുന്‍പിലാണ്.
അതില്‍ കോണ്‍ഗ്രസെന്നോ ഹിന്ദു മഹാസഭയെന്നോ ആര്‍എസ്എസ് എന്നോ മുസ്ലിം ലീഗെന്നോ അംബേദ്കര്‍ പ്രസ്ഥാനമെന്നോ വിപ്ലവകാരിളെന്നോ അഹിംസാവാദികളെന്നോ കമ്മ്യൂണിസ്റ്റുകാരെന്നോ ഒന്നും ഭേദം കലര്‍ത്തേണ്ടതില്ല. അവരവരുടെ ബോധ്യങ്ങളില്‍ നിന്നുകൊണ്ട് അവരെല്ലാം അണിചേര്‍ന്നത് മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിലെ വ്യത്യസ്ത ധാരകളിലായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ജീവന് ത്യജിച്ചതും ജയിലില്‍ പോയതും സ്വത്തുക്കള്‍ നഷ്ടപ്പെടുത്തിയതും മര്‍ദ്ദനമേറ്റതുമെല്ലാം രാജ്യത്തിനു വേണ്ടിത്തന്നെ.
ഭേദചിന്തകള്‍ മാറ്റി ഈ സ്വാതന്ത്ര്യ ദിനത്തിലെങ്കിലും നമുക്ക് എല്ലാ രക്തസാക്ഷികളെയും തല കുനിച്ച്, മനസ്സില്‍ വണങ്ങി നമസ്കരിക്കാം. ‘ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത’ എന്ന് പുനഃസമര്‍പ്പണം ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: