കൊളംബോ: ചൈനീസ് ചാരക്കപ്പലിന് ഹംബന്‍ടോട്ട തുറമുഖത്ത് പ്രവേശിക്കാനും ശ്രീലങ്കന്‍ തീരത്ത് നങ്കൂരമിടാനും ശ്രീലങ്കന്‍ സര്‍ക്കാര്‍ അനുമതി നല്കി. ചൈനീസ് കപ്പല്‍ ലങ്കന്‍ തീരത്തെത്തുന്നതില്‍ ഇന്ത്യ ഉന്നയിച്ച ആശങ്കകള്‍ വകവയ്ക്കാതെയാണ് ശ്രീലങ്കയുടെ നടപടി.
ശ്രീലങ്കയില്‍ ഇന്ധനം നിറയ്ക്കാനെന്ന പേരില്‍ വരുന്ന ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ് 5നാണ് ശ്രീലങ്ക അനുമതി നല്‍കിയത്. പ്രാദേശിക മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് കപ്പലിന്റെ സന്ദര്‍ശനം നീട്ടിവെയ്ക്കാന്‍ ശ്രീലങ്ക ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും കപ്പലിന്റെ വരവ് ഇന്ത്യയുടെ സൈനിക രഹസ്യങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്താനാണെന്നും ഇന്ത്യ ശ്രീലങ്കയെ അറിയിച്ചിരുന്നു.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ കടലിടുക്കുകളുടെ ദൂര പരിധിയും ആഴവും അളക്കാന്‍ ചാരക്കപ്പലിന്റെ മാപ്പിങ്ങിലൂടെ സാധിക്കും. ഇതിലൂടെ ചൈനീസ് അന്തര്‍ വാഹിനികള്‍ക്ക് സമുദ്രത്തിന്റെ അടിത്തട്ടിലെ സാഹചര്യത്തെ കുറിച്ച് പഠിക്കാനാകുമെന്ന് ഇന്ത്യ ശ്രീലങ്കക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും വകവയ്കാതെ ശ്രീലങ്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്നലുകള്‍ പിടിച്ചെടുത്തു വിശകലനം ചെയ്യാന്‍ കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണ് യുവാന്‍ വാംഗ് – 5. 750 കിലോമീറ്റര്‍ ആകാശ പരിധിയിലെ സകല സിഗ്നലുകളും പിടിച്ചെടുക്കാന്‍ കപ്പലിന് കഴിയുമെന്നതിനാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കു പടിഞ്ഞാറന്‍ മേഖലയിലെ സിഗ്നലുകള്‍ എല്ലാം നിരീക്ഷിക്കാന്‍ യുവാന്‍ വാംഗ് 5ന് ഹംബന്തോട്ട തുറമുഖത്ത് ഇരുന്ന് സാധിക്കും. കൂടംകുളം, കല്പാക്കം, ശ്രീഹരിക്കോട്ട തുടങ്ങി തെക്കേ ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ചോരുമോയെന്ന് ഇന്ത്യക്ക് ആശങ്കയുണ്ട്.
കൊളംബോയില്‍ നിന്നും 250 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഹംബന്‍ടോട്ട തുറമുഖം ചൈനയുടെ സഹായത്തോടെയാണ് നിര്‍മിച്ചത്. ഇന്ത്യയുടെ എതിര്‍പ്പിന് പിന്നാലെ ബിജീങ്ങിലെ ശ്രീലങ്കന്‍ എംബസി വഴി ചൈന ഇതിനെതിരെ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. ഇതിനൊടുവിലാണ് ഇപ്പോള്‍ അനുമതി നല്‍കിയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: