ന്യൂദല്‍ഹി ബര്‍മിങ് ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങളെ തന്റെ ഔദ്യോഗിക വസതിയില്‍ സ്വീകരിച്ച്, വിരുന്നൊരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ബര്‍മിങ്ങ് ഹാമില്‍ നിന്നും മെഡല്‍ നേടി തിരിച്ചുവന്നാല്‍ അവരോടൊപ്പം ഒരു ദിവസം ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. തനിക്കൊപ്പം ഒരു ദിവസം പങ്കിടാന്‍ സന്മനസ്സ് കാട്ടിയ താരങ്ങളോട് മോദി നന്ദി പറഞ്ഞു. മോദിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു ആഘോഷം. നേരത്തെ വാഗ്ദാനം ചെയ്തതു പോലെ വിജയോത്സവം ആഘോഷിക്കുകയാണെന്ന് മോദി പറഞ്ഞു.
നിങ്ങളുടെ കഠിനാധ്വാനവും പ്രചോദിപ്പിക്കുന്ന നേട്ടവും അഭിമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കായികരംഗത്ത് കഴിഞ്ഞ ആഴ്ച ഇന്ത്യ രണ്ട് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കി. ബര്‍മിങ് ഹാമില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വന്‍ നേട്ടം കൊയ്തത് ഒന്നാമത്തെ നേട്ടമെങ്കില്‍ ചെസ്സ് ഒളിമ്പ്യാഡ് സംഘടിപ്പിക്കാന്‍ സാധിച്ചതാണ് രണ്ടാമത്തെ നേട്ടം. – മോദി പറഞ്ഞു. ഇന്ത്യയ്ക്ക് നിറയെ സ്വര്‍ണ്ണം ലഭിക്കാറുള്ള ഷൂട്ടിംഗ് എന്ന ഇനം ഇക്കുറി ഇല്ലാതിരുന്നിട്ടും ഇന്ത്യ 22 സ്വര്‍ണ്ണമെഡലുകളോടെ ഇക്കുറി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാലാം സ്ഥാനത്തെത്തിയിരുന്നു. ട്രാക്ക് ആന്റ് ഫീല്‍ഡ് ഉള്‍പ്പെടെയുള്ള മേഖലകളിലും ഇന്ത്യ ഇക്കുറി മികവ് തെളിയിച്ചത് ചരിത്രനേട്ടമായി മാറി.
ചെസ് ഒളിമ്പ്യാഡില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യയുടെ പുരുഷ വിഭാഗം ബി ടീമിനെയും വനിതാ ടീമിനെയും മോദി അഭിനന്ദിച്ചു. രാജ്യം ചെസ് ഒളിമ്പ്യാഡ് സംഘടിപ്പിക്കുക മാത്രമല്ല, ചെസിന്റെ സമ്പന്നപാരമ്പര്യം നിലനിര്‍ത്തുകയും ചെയ്തു. ചെന്നൈയില്‍ നടന്ന 44ാമത് ചെസ് ഒളിമ്പ്യാഡില്‍ പ്രഗ്നാനന്ദ, ഗുകേഷ് ഡി, നിഹാല്‍ സരിന്, റൗണക് സാധ്വാനി, അധിപന് എന്നിവരുള്‍പ്പെട്ട ഇന്ത്യ ബി ടീം വെങ്കല മെഡല്‍ നേടിയപ്പോള്‍ കൊനേരു ഹംപി, വൈശാലി, ഹരിക ദ്രോണാവല്ലി, ഭക്തി കുല്‍കര്‍ണി, തന്യ സച് ദേവ് എന്നിവരുള്‍പ്പെട്ട വനിത ടീമും വെങ്കലമെഡല്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: