തിരുവനന്തപുരം: മുൻ മന്ത്രിയും എംഎൽഎയുമായ കെ.ടി. ജലീൽ നടത്തിയ രാജ്യദ്രോഹ പരാമർശത്തിൽ സർക്കാർ പ്രോസിക്യുഷൻ നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പാക് അനുകൂലികളുടെയും തീവ്രവാദികളുടെയും നിലപാടിനെ പിന്തുണയ്‌ക്കുന്ന പരാമർശമാണ് ജലീൽ നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാക്കിസ്ഥാൻ അനധികൃതമായി കൈവശം വച്ചിരിക്കുന്ന പാക് അധീന കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നത് നമ്മുടെ രാഷ്‌ട്രത്തിന്റെ പ്രഖ്യാപിത നിലപാടാണ്. ആ പ്രദേശത്തെ “ആസാദ് കാശ്മീർ ” എന്ന് വിശേഷിപ്പിക്കുന്നത് പാക് ഭീകര പ്രസ്ഥാനങ്ങളും അവരുടെ ഏജന്റുമാരും ആണ്. സിമിയിൽ പ്രവർത്തിച്ച പാരമ്പര്യമുള്ള ജലീലിന്റെ ഇന്ത്യാ വിരുദ്ധ നിലപാട് മറനീക്കി പുറത്തു വന്നിട്ടും ഇക്കാര്യത്തിൽ മൗനം ദീക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് സംശയാസ്പദമാണ്.
നയതന്ത്ര ചാനലുകൾ ദുരുപയോഗം ചെയ്ത കേസിൽ അന്വേഷണം നേരിടുന്ന ജലീൽ, സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ നാളുകളിൽ ദേശദ്രോഹ പ്രസ്താവന നടത്തിയത് മുസ്ലീം മത മൗലിക വാദികളുടെ താല്പര്യാർത്ഥമായിരിക്കണം. ജലീലിനെ നിയമസഭാംഗമാക്കുകയും സ്വർണ്ണക്കടത്തു കേസിൽ പ്രതിരോധിക്കുകയും ചെയ്യുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നും ഫേസുബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: