വാഷിങ്ടണ്‍ : യുഎസില്‍ ആക്രമണത്തിന് ഇരയായ എഴുത്തുകാരന് സല്മാന് റുഷ്ദി ഗുരുതരാവസ്ഥയില്‍. ആക്രമണത്തില്‍ കൈയ്യിന്റെ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. കരളിനും പരിക്കേറ്റിട്ടുണ്ട്. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകള്‍. വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ഷൗതൗക്വ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രസംഗിക്കാനെത്തിയപ്പോഴാണ് റുഷ്ദിക്ക് നേരെ ആക്രമണമുണ്ടായത്. റുഷ്ദിയെ വേദിയിലേക്ക് സ്വാഗതം ചെയ്തതിന് പിന്നാലെ ഒരാള്‍ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. കഴുത്തിനാണ് പരിക്കേറ്റത്. റുഷ്ദി നിലത്തുവീണശേഷമാണ് അക്രമി പിന്‍വാങ്ങിയത്. പ്രതിയെ അറസ്റ്റുചെയ്തു.
ഗുരുതരമായി പരിക്കേറ്റ റുഷ്ദിയെ ഉടന്‍ തന്നെ ഹെലിക്കോപ്ടറില്‍ ആശുപത്രിയില്‍ എത്തിക്കുകയും അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. നിലവില്‍ അദ്ദേഹത്തിന് സംസാരിക്കാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ആരോഗ്യ സ്ഥിതി ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇസ്ലാമിനെ വിമര്‍ശിക്കുന്ന ആരും എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടാമെന്ന് സല്മാന് റുഷ്ദിയുടെ ആക്രമണത്തില്‍ എഴുത്തുകാരി തസ്ലിമ നസ്രിന് പ്രതികരിച്ചു. സല്മാന് റൂഷ്ദി ആക്രമിക്കപ്പെട്ടുവെന്ന വാര്‍ത്ത വലിയ ഞെട്ടല്‍ ഉളവാക്കി. ഇങ്ങനെ നടക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല.
യൂറോപ്പിലാണ് അദ്ദേഹം താമസിക്കുന്നത്. 1989 മുതല്‍ അദ്ദേഹം സംരക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. റുഷ്ദി ആക്രമിക്കപ്പെട്ടൂ എങ്കില്‍ ഇസ്ലാമിനെ വിമര്‍ശിക്കുന്ന ആരു വേണമെങ്കിലും ആക്രമിക്കപ്പെടാം. എനിക്ക് ആശങ്കയുണ്ടെന്നും തസ്ലിമ നസ്റിന് ട്വിറ്ററിലൂടെ അറിയിച്ചു.
മുംബൈയില്‍ ജനിച്ച സല്മാന് റുഷ്ദി നിലവില്‍ ബ്രിട്ടീഷ് പൗരനാണ്. 1988-ല്‍ പ്രസിദ്ധീകരിച്ച ദ സാത്താനിക് വേഴ്സസ് എന്ന നോവല്‍ ഏറെ വിവാദമായി. മതനിന്ദ ആരോപിച്ച് ഇറാന് ഇതിന് വിലക്കേര്‍പ്പെടുത്തി. റുഷ്ദിയെ വധിക്കുന്നവര്‍ക്ക് 30 ലക്ഷം ഡോളര്‍ (ഏകദേശം 24 കോടി രൂപ) പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: