തിരുവനന്തപുരം : ജമ്മുവും, കശ്മീര്‍ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന ജമ്മു കശ്മീര്‍. കശ്മീരില്‍ നിന്നും വേര്‍പെട്ട ഭാഗം പാക് അധീന കശ്മീര്‍ ആസാദ് കശ്മീരെന്ന് അറിയപ്പെട്ടിരുന്നെന്ന് വിവാദ പരാമര്‍ശവുമായി എംഎല്‍എയും മുന്‍ മന്ത്രിയുമായ കെ.ടി. ജലീല്‍. മലയാളി സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ അമൃത്സറില് എത്തിയ ജലീല്‍ കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഈ പരാമര്‍ശം.
കശ്മീരിന്റെ എല്ലായിടത്തും പട്ടാളക്കാരാണെന്നും പതിറ്റാണ്ടുകളായി കശ്മീരിന്റെ നിറം പട്ടാളപ്പച്ചയാണെന്നും കേന്ദ്ര സര്‍ക്കാരിനേയും ജലീല്‍ വിമര്‍ശിക്കുന്നുണ്ട്. വിഭജന കാലത്ത് നല്കിയ സ്വതന്ത്ര പദവി സമ്മതം കൂടാതെ എടുത്തു മാറ്റിയതില്‍ കശ്മീര്‍ ജനതയ്ക്ക് ദുഃഖമുണ്ട്. എന്നാല്‍ സ്വസ്ഥത തകര്‍ക്കാന്‍ അവര്‍ക്ക് ഇഷ്ടമല്ല. വിഭജന കാലത്ത് പാകിസ്താനൊപ്പം ചേര്‍ക്കപ്പെട്ട ഭാഗം ആസാദ് കശ്മീര്‍ എന്നാണ് അറിയപ്പെട്ടത്. സിയാഉല്‍ ഹഖ് പാക് പ്രസിഡന്റായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറിയെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ത്യ- പാക് സൈന്യം പരസ്പരം ഏറ്റുമുട്ടിയത് വലിയ ആള്‍നാശം ഉണ്ടാക്കി. ഭൂമിയിലെ സ്വര്‍ഗ്ഗമായ കശ്മീര്‍ നഗരമായി മാറി. പട്ടാളം പട്ടണങ്ങളിലും നാട്ടിന് പുറങ്ങളിലും വിന്യസിക്കപ്പെട്ടു. നുഴഞ്ഞു കയറ്റക്കാര്‍ ഉണ്ടാക്കിയ പ്രശ്നങ്ങളുടെ പ്രാരംഭ കാലത്ത് ജനങ്ങളും സൈനികരും ശത്രുതയിലായി വര്‍ത്തിച്ചു. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുന്നതിനിടെയാണ് കശ്മീരിനെ കേന്ദ്രഭരണ പ്രദേശങ്ങള്‍ ആക്കിയത്. ജനമനസ്സുകള്‍ കിഴടക്കാന്‍ യന്ത്രത്തോക്കുകള്‍ക്കാവില്ലെന്ന് ഭരണകൂടവും ഭീകരവാദികളും തിരിച്ചറിയണമെന്നും ജലീന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: