തൊടുപുഴ: കരിമണ്ണൂരിൽ നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണം സംഭവിക്കാൻ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു. പ്രസവിച്ച ഉടനെ തന്നെ കുഞ്ഞിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ ഡിസ് ചാർജ് ചെയ്താലുടൻ അ റസ്റ്റ് ചെയ്യും. വ്യാഴാഴ്ച പുലർച്ചെയാണ് അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർക്ക് സംശയം തോന്നിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഡോക്ടർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ ബക്കറ്റിലെ വെള്ളത്തിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഭർത്താവ് അറിയാതിരിക്കാനാണ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിയതെന്ന് യുവതി പോലീസിന് മൊഴി നൽകി. യുവതി ഗർഭിണിയായിരുന്ന കാര്യം ഭർത്താവ് അറിഞ്ഞിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ഭർത്താവുമായി പിണങ്ങി കുറച്ചുകാലമായി യുവതി മറ്റൊരാളുമായി തമിഴ്നാട്ടിലെ ഗൂഡല്ലൂരിലായിരുന്നു. ഭർത്താവ് പരാതി നൽകിയതിനെതുടർന്ന് പോലീസ് യുവതിയെ കണ്ടെത്തുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാൽ കാമുകനൊപ്പം പോകാനാണ് താത്പര്യം എന്നറിയിച്ചതിനെ തുടർന്ന് ഇവരെ അയാൾക്കൊപ്പം വിടുകയായിരുന്നു. പിന്നീട് യുവതി തിരികെ ഭർതൃവീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: