അന്പ്പത്തിമൂന്ന് വര്‍ഷങ്ങളായി ഭാരതത്തിലെ സംസ്കൃത പ്രേമികള്‍ ‘ശ്രാവണപൂര്‍ണിമ’ ദിനം സംസ്കൃത ദിനമായി ആചരിച്ചു വരുന്നു. ഒരു പൊതു ഭാഷയായി സംസ്കൃതവും അതിന്റെ സാഹിത്യവും ഭാരതീയ ജനതയ്ക്ക് അണമുറിയാത്ത ധാര പ്രദാനം ചെയ്തു. ചരിത്രത്തിലെ അത്യാശ്ചര്യങ്ങളില് ഒന്നാണെന്നാണ് ഇതിനെ സര്‍ദാര്‍ കെ.എം. പണിക്കര്‍ വിശേഷിപ്പിച്ചത്. സംസ്കൃഭാഷാ വിജ്ഞാനീയമെന്ന അനര്ഘസംഭാവന കഴിഞ്ഞ മൂന്നിലധികം സഹസ്രാബ്ദങ്ങളായി തലങ്ങും വിലങ്ങും പ്രചരിക്കുകയും മനുഷ്യ മനസ്സിനെ സമ്പുഷ്ടമാക്കുകയും ചെയ്തു.
നിര്‍ജീവം, വര്‍ഗീയം, കഠിനം എന്നൊക്കെ പിന്നീട് പരാമര്‍ശിക്കപ്പെട്ടു പോന്ന ഈ ‘അമൃത’ ഭാഷയുടെ പ്രാധാന്യം പരക്കെ ബോധ്യപ്പെടുത്തുന്നതിനും സംസ്കൃത ഭാഷാ പഠനത്തിലൂടെ രാജ്യത്തിന്റെ ഐക്യം ഉറപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇന്ന് സംസ്കൃതദിനം ആചരിക്കുന്നത്. പാശ്ചാത്യവത്കൃതമായ സമൂഹങ്ങളില്‍ പോലും ഒരു പുതുമോടിയെന്ന നിലയില്‍ സംസ്കൃതം ഊര്ജ്ജവാഹിനിയാണെന്ന് ചിലരെങ്കിലും തിരിച്ചറിഞ്ഞിരിക്കുന്നത് ഈ ഭാഷയുടെ നവോത്ഥാനത്തിന്റെ ലക്ഷണമായി കാണുന്നു.
സംസ്കൃതം ഒരു വ്യവഹാര ഭാഷ കൂടിയാവണമെന്ന് ആഗ്രഹിച്ച് അതിനു സഹായകമായ ഒരു പഠന രീതി നടപ്പാക്കിയ ‘ഗുരുനാഥന്’ പുന്നശ്ശേരി നീലകണ്ഠശര്‍മ്മ, നമ്പിയുടെ അതേ മാതൃക പിന്തുടര്ന്ന് കേരളത്തിന്റെ നാനാഭാഗത്തു നിന്നും ശിഷ്യരെ ആകര്‍ഷിച്ച് ലളിത ശൈലിയില്‍ സംസ്കൃതം പഠിപ്പിച്ച് ശിഷ്യ-പ്രശിഷ്യരുടെ സൂദീര്‍ഘ പരമ്പര സൃഷ്ടിച്ച സംസ്കൃത പ്രണയഭാജനം പി.ടി.കുര്യാക്കോസ്, സംസ്കൃതപഠനത്തിനായി ജീവിതം സമര്‍പ്പിച്ച പണ്ഡിതരത്നം കെ.പി.നാരായണപിഷാരടി, സരള സംഭാഷണ ക്ലാസ്സുകള്‍ ആരംഭിച്ച വി.കൃഷ്ണ ശര്‍മ്മ, സംസ്കൃതാധ്യയനത്തിന് ആകര്ഷകമാര്ഗം കണ്ടെത്തിയ ഇ.പി.ഭരത പിഷാരടി, ജി.വിശ്വനാഥ ശര്‍മ്മ- ഈ ആദരണീയ വ്യക്തിത്വങ്ങള്‍ ഇവിടെ വഴിവിളക്കുകളായി തെളിഞ്ഞു നില്ക്കുന്നു.
സംസ്കൃതം ഭാരതത്തിന്റെ മുഴുവന്‍ വ്യവഹാര ഭാഷയാവണം, എല്ലാ വിദ്യാലയങ്ങളിലും സംസ്കൃതം നിര്‍ബ്ബന്ധിത വിഷയമാവണം എന്നതൊന്നും പെട്ടെന്ന് സാധിക്കുന്ന വിഷയമല്ല. പക്ഷെ ഭാരതീയ വിജ്ഞാനത്തിന് വേണ്ടത്ര പ്രാധാന്യം ലഭിച്ചേ മതിയാവൂ. ഡോ.കെ.എം. മുന്‍ഷി പറയുന്നതിതാണ്: ‘സാധാരണ ഒരു അവലോകനത്തിന് പുറത്തേക്ക് ആരെങ്കിലും പ്രവേശിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അവരെ ബോധ്യപ്പെടുത്തേണ്ട ഒന്നുണ്ട്. ഭാരതത്തിന് അതിന്റെ അന്തരാത്മാവ് നഷ്ടപ്പെട്ടാല്‍ ഇപ്പോള്‍ കിട്ടിയ, അനുഭവിക്കുന്ന സ്വാതന്ത്ര്യം കൊണ്ട് യാതൊരു അര്‍ത്ഥവുമില്ല. ഭാരതത്തിന്റെ തനതു ശക്തിയുടെ പ്രാഥമിക ഉറവ അവള് ഉപേക്ഷിക്കുന്ന പക്ഷം നമ്മുടെ നിലനില്പുതന്നെ നഷ്ടപ്രായമാകുമെന്നു തീര്‍ച്ച.’
മഹര്‍ഷി അരവിന്ദന് നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞത് സൂചിപ്പിച്ച് ഉപസംഹരിക്കാം: ‘സംസ്കൃതം പോലുള്ള ഒരു ഭാഷ ഏറ്റവും സ്വാഭാവികമായ രീതിയില്‍ എങ്ങനെ പഠിക്കാമോ അങ്ങനെ പഠിക്കാവുന്നതാണ്. മനസ്സിന് കാര്യപ്രാപ്തിയും ഉത്സാഹവും തോന്നുംപടിയാവണമതും. ഏതെങ്കിലും പ്രാചീന കാലശിക്ഷണ സമ്പ്രദായത്തില്‍ നമ്മള് കടിച്ചു തൂങ്ങണമെന്നില്ല. പ്രധാന ചോദ്യം മറ്റൊന്നാണ്. സംസ്കൃതവും മറ്റ് ഇന്ത്യന്‍ ഭാഷകളും പഠിച്ച്, അത് നമ്മള് ഉപയോഗിച്ച്, നമ്മുടെ സംസ്കാരത്തിന്റെ ആപ്തതയേറിയതുടിപ്പുകള് ഗ്രഹിക്കുകയും ഇന്നും സജീവമായ നമ്മുടെ ഭൂതകാലത്തിന്റെ ഇനിയും രൂപം കൊള്ളാനിരിക്കുന്ന ശക്തിയായ ഭാവിയുടെയും അവിഘ്നമായ തുടര്‍ച്ചയെ- നൈരന്തര്യത്തെ-സാക്ഷാത്ക്കരിക്കുകയും ചെയ്യുന്നത് എങ്ങനെയാണ്? ഇതാണ് ചിന്തിക്കേണ്ടത്. ഇംഗ്ലീഷ് പോലുള്ള ഒരു വിദേശ ഭാഷ പഠിക്കുകയും ഉപയോഗിക്കുകയും ചെയ്ത് മറ്റു രാജ്യങ്ങളുടെ ആശയം, ചരിത്രം, സംസ്കാരം എന്നിവ പഠിച്ച് നമുക്കു ചുറ്റുമുള്ള രാജ്യങ്ങളുമായി ശരിയായ ബന്ധം സ്ഥാപിക്കാന്‍ എങ്ങനെ കഴിയും എന്നതും ചിന്തിക്കേണ്ടതാണ്. ശരിയായ ദേശീയ വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യവും തത്വവും ഇതാണ്. തീര്‍ച്ചയായും ആധുനിക കാലത്തെ സത്യത്തെയും വിജ്ഞാനത്തെയും തിരസ്ക്കരിക്കുകയല്ല വേണ്ടത്. നമ്മുടെ സ്വന്തം ഉണ്മയില് തന്നെ അടിസ്ഥാനമുറപ്പിക്കുക. നമ്മുടെ മനസ്സില്‍, ആത്മാവില്‍ എന്നതാണാവശ്യം.’ (ഭാരതത്തിന്റെ പുനര്‍ജനനം- പേജ് 192, 193)
പൊതു സമൂഹത്തിനിടയില്‍ സംസ്കൃതം പഠിക്കാന്‍ ആഗ്രഹിക്കുന്നവരെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍, സന്തോഷിപ്പിക്കാന്‍ സംസ്കൃത സംഘടനകള്‍ക്കും അധ്യാപകര്‍ക്കും കഴിയണം. ‘സംസ്കൃതസംഭാഷണശിബിരപദ്ധതി’യിലൂടെ വളര്‍ന്നു വികസിച്ച മൂവ്മെന്റ് ശ്രദ്ധേയമാണ്. അത്ഭുതാവഹമായ മൂന്നേറ്റമാണ് നടത്തി വരുന്നത്. ദല്‍ഹിയില്‍ ഇന്ത്യന്‍ നോളഡ്ജ് സിസ്റ്റം (ഭാരതീയജ്ഞാന പരമ്പര) സംഘടിപ്പിച്ച സെമിനാര്‍ പ്രാധാന്യമുള്ളതായിരുന്നു. വിദ്യാഭ്യാസ രംഗത്ത് ഭാരതീയ അറിവുകളുടെ ചര്‍ച്ചയായിരുന്നു അത്. ശാസ്ത്ര, സാങ്കേതിക, നിര്‍മ്മാണ ഭാഷാ മേഖലയിലുള്ള ഗവേഷക അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു. ചുരുക്കത്തില്‍ സാംസ്കാരിക പ്രസ്ഥാനങ്ങളിലും സംസ്കൃത പ്രചാരണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ സംഘടനകളും വിദ്യാഭ്യാസസ്ഥാപനങ്ങളും പദ്ധതികളും സഹകരിക്കാനുള്ള സന്നദ്ധതയാണ് വേണ്ടത്. അതു തന്നെയാണ് കരണീയവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: