ആര്.ആര്. ജയറാം
ഇരുപത് ഏക്കര്‍ വനത്തിനുള്ളിലൊരു കാവ്. അവിടെ, വൃക്ഷങ്ങള്‍ ദേവാംശമുള്ളതാകയാല് മുറിക്കാന്‍ വിലക്കുണ്ട്. മറിഞ്ഞോ ഒടിഞ്ഞോ വീഴുന്ന മരം പോലും മുറിക്കില്ല. അവ കാലങ്ങള്‍ കൊണ്ട് ദ്രവിച്ച് മണ്ണില്‍ ചേരണം.
കാവില്‍ വിവാഹം നടത്തുക പതിവില്ല. സുഗന്ധപുഷ്പങ്ങള്‍ പൂജക്ക് ഉപയോഗിക്കില്ല. സുഗന്ധപുഷ്പങ്ങള്‍ ചൂടി ദര്‍ശനത്തിനെത്താനും അനുവാദമില്ല. ഭാരതത്തിലെ 108 ദുര്‍ഗാലയങ്ങളിലൊന്നായ ഇരിങ്ങോള്‍ കാവിനാണ് അനുപമമായ ഈ പ്രത്യേകതകളുള്ളത്.
എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ പട്ടണമധ്യത്തില് നിന്ന് അഞ്ച് കിലോമീറ്ററോളം കിഴക്കു മാറിനഗരപ്രാന്തത്തിലാണ് പരശുരാമന് പ്രതിഷ്ഠ നടത്തിയ ഇരിങ്ങോള്‍ കാവുള്ളത്.
യോഗേശ്വരനായ ഭഗവാന് ശ്രീകൃഷ്ണനൊപ്പം അവതരിച്ച ശക്തിസ്വരൂപിണിയാണ് ഇരിങ്ങോള്‍ കാവില്‍ കുടിയിരിക്കുന്നതെന്നാണ് വിശ്വാസം. മഥുരയിലെ കാരാഗൃഹത്തില്‍ നിന്ന് അമ്പാടിയിലേക്ക് മാറ്റപ്പെട്ട കൃഷ്ണനു പകരം കൊണ്ടുവന്ന പെണ്‍കുഞ്ഞ്. ജനിച്ചത് പെണ്‍കുഞ്ഞെന്ന ധാരണയുണ്ടാക്കാന്‍ ശ്രമിച്ചിട്ടും കംസന് വധിക്കാനൊരുങ്ങിയ പൈതല്‍. കംസന്റെ കൈപ്പിടിയില്‍ നിന്ന് തെന്നിമാറി ഉയര്‍ന്ന് ‘പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ. നിന്റെ അന്തകന്‍ ജനിച്ചു കഴിഞ്ഞു’എന്ന് പറഞ്ഞ് കംസനെ ഭയത്തിലാഴ്ത്തിയ യോഗമായാദേവിയാണ് ഇരിങ്ങോള്‍ കാവില്‍ കുടികൊള്ളുന്നത്. ദേവി ഇരുന്നിടം ഇരുന്നോള് എന്നും പിന്നീട് ഇരിങ്ങോള്‍ എന്നും പ്രസിദ്ധമായി.
ഇരിങ്ങോള്‍ കാവിലെ സ്വയംഭൂവായ ശക്തിസ്വരൂപിണി രാവിലെ സരസ്വതിയായും, ഉച്ചയ്ക്ക് വനദുര്‍ഗയായും, രാത്രി ഭദ്രകാളിയായും ആരാധിക്കപ്പെടുന്നു.
നാഗഞ്ചേരി, പട്ടശ്ശേരി, ഒരോഴിയം തുടങ്ങി 28 മനക്കാര്‍ക്കായിരുന്നു ക്ഷേത്രത്തിന്റെ ഊരാഴ്മ . ആലുവ മുതല്‍ തിരുവനന്തപുരം വരെ 15,000 ഹെക്ടര്‍ ഭൂമിക്ക് ഉടമസ്ഥരായിരുന്നു നാഗഞ്ചേരി മനക്കാര്‍. 15 ഏക്കറില്‍ കൂടുതല്‍ കൈവശം വക്കാനുള്ള അവകാശം ഇല്ലാതായ ഭൂപരിഷ്ക്കരണ നിയമം വന്ന ശേഷം നാഗഞ്ചേരി മനക്കാര്‍ കാവും, വനവും സര്‍ക്കാരിനു കൈമാറി. ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാണ് അവകാശം.
വരുംതലമുറകള്‍ക്കായി നഗരമദ്ധ്യത്തില്‍ ഒരു ചെറുവനം കാത്തു രക്ഷിച്ച നാഗഞ്ചേരിമനയെ നമിക്കാതെ വയ്യ.
ദേവിയുടെ തിരുനാളായ വൃശ്ചിക തൃക്കാര്‍ത്തികയാണ് വിശേഷനാള്‍. അന്ന് ദര്‍ശനം നടത്തിയാല്‍ ദീര്‍ഘായുസ്സും, നെടുമാംഗല്യവും സിദ്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: