കൊച്ചി: ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമക്കായി നല്കിയ പരസ്യം കേരളത്തിലെ സര്‍ക്കാരിനെതിരല്ലെന്ന് നടന് കുഞ്ചാക്കോ ബോബന്. ഏതെങ്കിലും ഒരു രാഷ്ട്രീയ വിഭാഗത്തെ മാത്രം ലക്ഷ്യം വച്ചല്ല ഈ സിനിമ എടുത്തിരിക്കുന്നത്. മാറി വരുന്ന രാഷ്ട്രീയക്കാര്‍ക്ക് സാധാരണക്കാരന്റെ അവസ്ഥ മനസ്സിലാക്കുകയാണ് ഈ സിനിമയിലൂടെ ലക്ഷ്യമെന്നും കുഞ്ചാക്കോ ബോബന് മാധ്യമങ്ങളോട് പറഞ്ഞു.
സിനിമയുടെ റിലീസ് ദിനമായ ഇന്ന് പത്രത്തില്‍ നല്കിയ പരസ്യത്തിനെതിരായി ഉയര്‍ന്ന സൈബര്‍ ആക്രമണങ്ങള്‍ മറുപടിയായിയാണ് നടന് ഇക്കാര്യം പറഞ്ഞത്. ഞാന്‍ ആസ്വദിച്ച പരസ്യമാണത്. സിനിമ കണ്ട് കഴിയുമ്പോള്‍ ആ പരസ്യം മുന്നോട്ടു വയ്ക്കുന്ന കാര്യങ്ങള്‍ എന്താണെന്ന് കുറച്ച് കൂടി വ്യക്തമാകും.
ആളുകള്‍ക്കും അത് റിലേറ്റ് ചെയ്യുന്നു എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ കണ്ട് എനിക്കും മനസ്സിലായത്. ഈ സിനിമയില്‍ കുഴി മാത്രമല്ല പ്രശ്നം. കുഴിയൊരു പ്രധാന കാരണമാണ്. അത് ഏതൊക്കെ രീതിയില്‍ സാധാരണക്കാരനെ ബാധിക്കും എന്ന് നര്‍മത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് ‘ന്നാ താന്‍ കേസ് കൊട്’ എന്നും അദേഹം പറഞ്ഞു.
നമ്മള് എത്ര മര്യാദയ്ക്ക് ഓടിച്ചാലും കുഴിയില്‍ വീണാല്‍, കൂടെ ഇരിക്കുന്നവര്‍ പറയും മര്യാദയ്ക്ക് ഓടിക്കാന്‍. അല്ലാതെ ഇത്രയും ദൂരം നന്നായി ഓടിച്ചതിനെക്കുറിച്ച് അവര്‍ പറയില്ല. ചിത്രത്തിന്റെ കഥ വര്‍ഷങ്ങള്‍ക്കു മുമ്പേ സംഭവിച്ചതാണ്. അല്ലാതെ ഇന്നത്തെ സാഹചര്യം കൊണ്ട് മനഃപൂര്‍വം സംഭവിച്ചതല്ല. സ്വാഭാവികമായി സംഭവിച്ച കാര്യങ്ങളാണ്.
ഈ സിനിമയുടെ മൂലകഥ തന്നെ തമിഴ്നാട്ടില്‍ നടന്ന സംഭവമാണ്. അതും തമിഴ്നാട്ടിലെ കുഴി കൊണ്ടുണ്ടാകുന്ന പ്രശ്നം. ഇനി തമിഴ്നാട് സര്‍ക്കാരിനെതിരെയാണ് ഈ സിനിമയെന്ന് പറയുമോ? ഞാനെന്നും നല്ല സിനിമകളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ആളാണ്. വിവാദങ്ങളുെട ആവശ്യമില്ലെന്നാണ് തനിക്ക് പറയാനുള്ളതെന്നും കുഞ്ചാക്കോ ബോബന് പറഞ്ഞു.
‘തീയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ’ എന്നായിരുന്നു പത്ര പരസ്യം. ഇതിനു പിന്നാലെയാണ് ഇടത് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്ന് സിനിമക്കെതിരെ ഹേറ്റ് ക്യാമ്പയിനിങ് ആരംഭിച്ചത്. സിനിമ സംസ്ഥാന സര്‍ക്കാരിനെതിരെയാണ് എന്നാണ് ഒരു വിഭാഗം നവമാധ്യമങ്ങള്‍ വഴി പ്രതികരിച്ചത്.
സിനിമയ ബഹിഷ്കരിക്കുന്നു എന്ന തരത്തിലും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. റോഡിലെ കുഴുകള്‍ കൊണ്ട് വ്യക്തികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടാണ് സിനിമയുടെ പ്രമേയം. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറില്‍ നിര്‍മ്മാതാവ് സന്തോഷ് ടി. കുരുവിള നിര്‍മ്മാണവും, കുഞ്ചാക്കോ ബോബന് പ്രൊഡക്ഷന്‍സ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന് സഹനിര്‍മ്മാണം നിര്‍വ്വഹിക്കുന്ന ‘ന്നാ താന്‍ കേസ് കൊട്’ ഹാസ്യപശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. സൂപ്പര്‍ ഡീലക്സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം കൂടിയാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: