രൂപേഷ് അടൂര്‍
വില്ലുവണ്ടിയിലാണ് മഹാത്മാഗാന്ധി വടക്കടത്തുകാവിലെത്തിയത്. കര്‍ഷകത്തൊഴിലാളികളടക്കം നൂറുകണക്കിന് ആളുകള്‍ അദ്ദേഹത്തെ കാണാനും കേള്‍ക്കാനും കാത്തുനിന്നു. മഹാത്മജിയുടെ വരവിലൂടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഇടംപിടിക്കുകയായിരുന്നു അടൂരിന് സമീപമുള്ള വടക്കടത്തുകാവ് ഗ്രാമം. തങ്ങള്‍ നെയ്ത കുട്ടയും വട്ടിയും മുറങ്ങളുമായാണ് ഗ്രാമീണര്‍ മഹാത്മജിയെ കാണാനെത്തിയത്. സ്വദേശി മുദ്രാവാക്യത്തിന്റെ ജീവിതമാതൃകകള്‍ അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു വടക്കടത്തുകാവ് ഗ്രാമം.
1934 ജനുവരി 19നായിരുന്നു അത്. അടൂരില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ ഗവ.വിഎച്ച്എസ്എസിനും ദേവീക്ഷേത്രത്തിനും സമീപമാണ് അന്ന് ഗാന്ധിജി സംസാരിച്ച ആല്‍ച്ചുവട്. ഫണ്ട് സമാഹരണത്തിനായി അടൂരില്‍ എത്തിയതായിരുന്നു ഗാന്ധിജി. അടൂരില്‍ എസ്എന്‍ഡിപി യൂണിയന്‍ കെട്ടിടത്തിന്റെ (ടി.കെ. മാധവ സൗധം) തറക്കല്ലിട്ടതിനുശേഷം ഉച്ച കഴിഞ്ഞാണ് വില്ലുവണ്ടിയിലേറി ഗാന്ധിജി വടക്കടത്തു കാവിലെത്തിയത്. സ്വാതന്ത്ര്യസമരത്തിലേക്ക് ഇറങ്ങാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്ന പ്രസംഗമായിരുന്നു അദ്ദേഹത്തിന്റേത്. സമ്മേളനത്തില്‍ വച്ച് ഹരിജനോദ്ധാരണ ഫണ്ട് ഗാന്ധിജി ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
സ്വയം നിര്‍മിച്ച കുട്ടയും വട്ടിയും മുറങ്ങളും ജനങ്ങള്‍ സമ്മാനിച്ചു. ആല്‍മരച്ചുവട്ടില്‍ ഗാന്ധിജി പ്രസംഗം നടത്തിയതിന്റെ ഓര്‍മ്മയ്‌ക്കായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വടക്കടത്തുകാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മുന്‍പിലുള്ള ആല്‍മരത്തിന് ചുറ്റും കെട്ടി സംരക്ഷിച്ച് അതില്‍ ഗാന്ധി പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ ദിനത്തിന്റെയും ഗാന്ധിജയന്തി ദിനത്തിന്റെയും ഭാഗമായിട്ടുള്ള പരിപാടികളുടെ സ്ഥിരം വേദിയാണ് ഈ ആല്‍മരച്ചുവട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: