പയ്യന്നൂര്‍: കുഞ്ചാക്കോ ബോബനെ നായകനും ഗായത്രി ശങ്കറിനെ നായികയുമാക്കി രതീഷ് ബാലകൃഷ്ണപ്പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ സിനിമയില്‍ സംവിധായകന് മുതല്‍ അണിയറയിലും മുന്നണിയിലും ഉള്ളവരില്‍ ഏറിയ പങ്കും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലക്കാര്‍ കാസര്‍ഗോഡിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയുടെ ചിത്രീകരണം ചീമേനി, കയ്യൂര്‍, മയ്യിച്ച, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍ ഭാഗങ്ങളിലായിരുന്നു നടന്നത്. സംവിധായകന് പയ്യന്നൂര്‍ക്കാരനാണ്. ചിത്രത്തിന്റെ കാസ്റ്റിങ് ഡയരക്ടറും സുരേഷ് എന്ന കഥാപാത്രവുമായ രാജേഷ് മാധവന്, അസോസിയേറ്റ് ഡയരക്ടര്‍ സുധീഷ് ഗോപിനാഥ്, സംവിധാന സഹായി ഗോകുല്‍നാഥ് എന്നിവരെല്ലാം കാസര്‍ഗോഡ് ജില്ലക്കാരാണ്.
പയ്യന്നൂര്‍ക്കാരനായ സംവിധായകന് മൃദുല്‍ നായര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയില്‍ മന്ത്രിയായെത്തുന്ന കുഞ്ഞിക്കണ്ണന് ചെറുവത്തൂര്‍, മജിസ്ട്രേറ്റായ തടിയന്‍കൊവ്വല്‍ വാര്‍ഡ് മെമ്പര്‍ പി.പി. കുഞ്ഞികൃഷ്ണന്, എംഎല്‍എയായ സി.കെ. സുധീര്‍, എംഎല്‍എയുടെ ഭാര്യ സി.പി. ശുഭ, എംഎല്‍എയുടെ വക്കീലായെത്തുന്ന എ.വി. ബാലകൃഷ്ണന്, സുരേഷന്റെ കാമുകിയായ ചിത്ര നായര്‍, എഞ്ചിനീയറായെത്തുന്ന കെ.ടി. ബാലചന്ദ്രന് എന്നിവരും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലക്കാര്‍ തന്നെയാണ്.
കാസര്‍കോടെ പ്രമുഖ അഭിഭാഷകരായ സി. ഷുക്കൂര്‍ മന്ത്രിയുടെ വക്കീലായും ഗംഗാധരന് കുട്ടമത്ത് കുഞ്ചാക്കോ ബോബന്റെ വക്കീലായും കണ്ണൂരിലെ മാധ്യമപ്രവര്ത്തകന് റിയാസ് കെ.എം.ആര് കോടതി റിപ്പോര്‍ട്ടറായും സ്വന്തം പേരുകളില്‍ തന്നെ കഥാപാത്രങ്ങളായി സിനിമയിലെത്തുന്നുണ്ട്. കോടതി ക്ലാര്‍ക്കുമാരായി കാസര്‍ഗോഡുകാരായ സി.കെ. പുഷ്പയും ദുര്‍ഗ പ്രശാന്തും നെപ്റ്റിയൂണ്‍ ചൗക്കിയും അഭിനയിക്കുന്നുണ്ട്. ഇതിനകം ഒരു കോടിയിലധികം പേര് കണ്ട് സൂപ്പര്‍ ഹിറ്റായി മാറിയ ‘ദേവദൂതര്‍ പാടി… സ്നേഹദൂതര്‍ പാടി’ എന്ന ഗാനം സിനിമയില്‍ സ്റ്റേജില്‍ പാടുന്നത് ചെര്‍ക്കളയിലെ തുളസീധരനാണ്. പയ്യന്നൂരിലെ പ്രശസ്ത നാടകപ്രവര്‍ത്തകന്‍ കോക്കോടന്‍ നാരായണനും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.
സിനിമയിലെ സി.ഐയായ കുഞ്ഞികൃഷ്ണ പണിക്കര്‍, എസ്.ഐ.ലോഹിതാക്ഷന് എന്നിവരും കാസര്‍ഗോഡ് ജില്ലക്കാരാണ്. മന്ത്രിയുടെ പിഎമാരായ ലെനിന്, അനില്‍ നമ്പ്യാര്‍, മധു കണ്ണൂര്‍, രതീഷ് പടോളി എന്നിവരും എം.എല്‍.എയുടെ പിഎമാരായ രാജേഷ് അഴീക്കോടന്‍, കെ. കൃഷ്ണന് എന്നിവരും സിനിമയില്‍ വഴിത്തിരിവുണ്ടാക്കുന്ന ബാഡ്മിന്റണ്‍ കളിയിലെ താരങ്ങളായ മനോജ് കെ. സേതു, ഷിനു തമ്പി, പ്രകാശന് വെള്ളച്ചാല്‍, ദേവദാസ് കണ്ണൂര്‍, വിപിന്‍, മനോജ് എന്നിവരും സിജി രാജന്, ഷാജി ചന്തേര എന്നിവരും കണ്ണൂരും കാസര്ഗോഡുമുള്ളവരാണ്. കൂടാതെ സിനിമയില്‍ കാസര്‍ഗോഡ് ജില്ലയിലെ നാട്ടിന്‍പുറത്തുകാരും വേഷമണിഞ്ഞിട്ടുണ്ട്. കാസര്‍കോടിന്റെ നാട്ടുഭാഷയ്ക്ക് പ്രാമുഖ്യം നല്കുന്ന സിനിമ കൂടിയാണ് ‘ന്നാ താന്‍ കേസ് കൊട്’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: