തിരുവനന്തപുരം: ഭാരതമണ്ണില്‍ അധിനിവേശത്തിന് ശ്രമിച്ച വിദേശ ശക്തികളെ ആദ്യമായി പരാജയപ്പെടുത്തിയ കുളച്ചലില്‍ സൈനിക ഗവേഷണ പഠന കേന്ദ്രം സ്ഥാപിക്കണമെന്ന് കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്. മധു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി സ്വദേശി ജാഗരണ്‍മഞ്ചിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കുളച്ചല്‍ യുദ്ധ വിജയദിനാചരണത്തില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ദേശസ്നേഹം എന്ന ആയുധം മാത്രം ഉപയോഗിച്ചാണ് സര്‍വ്വ സൈനിക സന്നാഹത്തോടെയുള്ള ഡച്ചുസൈന്യത്തെ മാര്‍ത്താണ്ഡ വര്‍മ്മയുടെ നേതൃത്വത്തിലുള്ള തിരുവിതാംകൂര്‍ സൈന്യംപരാജയപ്പെടുത്തിയത്. മറ്റുരാജ്യങ്ങളിലെ സൈനികര്‍ക്കില്ലാത്ത ദേശീയ മത ബോധമാണ് മാതൃഭൂമിക്ക് വേണ്ടി പോരാടുന്ന ഭാരത സൈനികര്‍ക്കുള്ളത്. വിഴിഞ്ഞം മുതല്‍ ഭാരതത്തിന്റെ തെക്കോട്ടുള്ള സമുദ്രതീരങ്ങള്‍ രാജ്യത്തിന്റെ തന്ത്രപ്രധാന സ്ഥലങ്ങളാണ്. വര്‍ത്തമാനകാല സാഹചര്യം മുന്‍ നിര്‍ത്തി അതീവ സുരക്ഷ നല്‍കേണ്ട പ്രദേശം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
വളര്‍ന്നു വരുന്ന തലമുറയ്ക്ക് പൂര്‍വ്വികര്‍ നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ മഹത്വം പകര്‍ന്നു നല്കാന് സാധിക്കാതെ പോയി. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിനെ വില്ലനായി ചിത്രീകരിക്കുന്ന ചരിത്രമാണ് നമ്മള് പാഠപുസ്തകത്തില്‍ പഠിക്കുന്നത്, അദ്ദേഹം വ്യക്തമാക്കി. നമ്മുടെ ചരിത്ര വിജയങ്ങളും നേട്ടങ്ങളും ഇന്നത്തെ തലമുറയെ ബോധവാന്മാരാക്കാന് ശ്രമിക്കണമെന്ന് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യവര്‍മ്മ പറഞ്ഞു. സ്വദേശി ജാഗരണ്‍മഞ്ച് സംസ്ഥാന സംയോജകന്‍ എം.ആര്. രഞ്ജിത് കാര്ത്തികേയന് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് എസ്. സേതുമാധവന്, മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്, മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: