തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ വ്യാപക തെരച്ചിലില്‍ പ്രതികളുടെ വീട്ടില്‍ നിന്നും ആധാരം ഉള്‍പ്പടെയുള്ള രേഖകള്‍ ശേഖരിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇഡിയുടെ പ്രത്യേക സംഘം ബാങ്ക് ഹെഡ് ഓഫീസ് അടക്കം മുഖ്യ പ്രതികളുടെ വീടുകളും ഒരേ സമയം തെരച്ചില്‍ നടത്തുകയായികുന്നു. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ ആരംഭിച്ച തെരച്ചില്‍ ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് അവസാനിച്ചത്.
റബ്കോ ഏജന്റായിരുന്ന ബിജോയുടെ വീട്ടിലെ പരിശോധന ബുധനാഴ്ച രാത്രി 10.30വരെ നീണ്ടു. തട്ടിപ്പ് നടന്ന കാലയളവില്‍ ബാങ്കിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളുടെ രേഖകളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിച്ചു. പ്രതികളുടെ വീട്ടില്‍ നിന്ന് ആധാരം ഉള്‍പ്പടെയുള്ള രേഖകളുടെ പകര്‍പ്പ് ശേഖരിച്ചിട്ടുണ്ട്.
75 പേരടങ്ങുന്ന കൊ ച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘമാണ് പരിശോധന നടത്തിയത്. ബാങ്ക് പ്രസിഡന്റ് ആയിരുന്ന കെ.കെ. ദിവാകരന്, സെക്രട്ടറി ആയിരുന്ന സുനില്‍ കുമാര്‍, മുന്‍ ശാഖ മാനേജര്‍ ബിജു കരീം എന്നിവരുടെ വീടുകളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടില്‍ ഒരേ സമയം ആണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. ബാങ്കിലേക്ക് എവിടെനിന്നാണ് പണം എത്തിയതെന്നും ഏതുസമയത്താണ് പിന്‍വലിച്ചതെന്നും കണ്ടെത്തുകയാണ് ലക്ഷ്യം.
നോട്ട് നിരോധിച്ച 2016ല്‍ കരുവന്നൂര്‍ ബാങ്കില്‍ പ്രവര്‍ത്തിച്ചിരുന്ന വി ബാങ്ക് സോഫ്റ്റ്വേര്‍ വ്യാപകമായി ദുരുപയോഗപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ആ സമയത്തുതന്നെ സോഫ്റ്റ്വെയറിലെ ഡേ ഓപ്പണ്‍, ഡേ എന്‍ഡ് സംവിധാനം ഇല്ലാതാക്കി. ഏതുസമയത്ത് എത്ര തുകയാണ് നിക്ഷേപിച്ചതെന്നും പിന്‍വലിച്ചതെന്നും ഇതിനാല്‍ കണ്ടെത്താനാകില്ല.
2017 ജൂണ്‍ ആറിനാണ് ഡേ ഓപ്പണ്‍, ഡേ എന്‍ഡ് സംവിധാനം പുനഃസ്ഥാപിച്ചത്. ഇതിനോടകം നിക്ഷേപിച്ച തുകയില്‍ ഭീമമായ സംഖ്യ പിന്‍വലിക്കുകയും ചെയ്തു. ആ കാലത്ത് ബാങ്കിലെ ഏതൊരാള്‍ക്കും ഇടപാടുകാര്യം ആരുമറിയാതെ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇത് പിന്നീട് വീണ്ടെടുക്കാനാകാത്ത വിധത്തില്‍ സോഫറ്റ്വെയറില്‍ കൃത്രിമം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: