ന്യൂയോര്‍ക്ക്: ‘ഞാനൊരു ആണായിരുന്നെങ്കില്‍ ഇപ്പോള്‍ വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമായിരുന്നില്ല,’ യുഎസ് ഓപ്പണിന് ശേഷം ടെന്നീസില്‍ വിരമിച്ചേക്കുമെന്ന പ്രഖ്യാപനത്തെത്തുടര്‍ന്ന് ലോകമെമ്പാടും ഉയരുന്ന പ്രതികരണങ്ങള്‍ക്ക് നേരെയാണ് സെറീന വില്യംസ് ഈ വാക്കുകളെറിയുന്നത്. ‘വീടും കുടുംബവും നോക്കി പെണ്ണൊരുത്തി ഒപ്പം ഉണ്ടെങ്കില്‍ ഇനിയും ഞാനെത്രയോ കിരീടങ്ങള്‍ ചൂടിയേനെ.’ ഇരുപത്തിമൂന്ന് തവണ ഗ്രാന്‍ഡ് സ്ലാം നേടിയ സെറീന വോഗ് മാഗസിന്റെ കവര്‍ സ്റ്റോറിയില്‍ എഴുതി.
വിംബിള്‍ഡണില്‍ വിജയിക്കാന്‍ ദൗര്‍ഭാഗ്യം അനുവദിച്ചില്ല. യുഎസ് ഓപ്പണില്‍ അതിനായി പരിശ്രമിക്കുകയാണ് ലക്ഷ്യം സെറീന പറഞ്ഞു. പ്രായം നാല്‍പത്തൊന്നിലേക്ക് കടക്കുന്ന സെറീന കളം വിടാന്‍ പോകുന്നെന്ന വാര്‍ത്തയോട് പ്രതികരിച്ച് ലോകമെമ്പാടുമുള്ള താരങ്ങളും ആസ്വാദകരും രംഗത്തെത്തി. ടെന്നീസിലെ സുവര്‍ണയുഗമാണ് കോര്‍ട്ടില്‍ നിന്ന് വിടവാങ്ങുന്നതെന്ന് ജോണ്‍ മക്കെന്റോ പറഞ്ഞു. രണ്ട് പതിറ്റാണ്ട് വനിതാ ടെന്നീസിനെ അടക്കിവാണത് സെറീനയും സഹോദരി വീനസുമാണ്. അവര്‍ക്കും ചുറ്റും ഏറെ പ്രതിഭാധനരെ വേറെ കണ്ടേക്കാം. എന്നാല്‍ അവരെപ്പോലെ ‘ബോക്സ് ഓഫീസ് ഹിറ്റായ’ താരങ്ങള്‍ വേറെയുണ്ടാവില്ല, അദ്ദേഹം പറഞ്ഞു.
വനിതാ ടെന്നീസിന് മാത്രമല്ല ടെന്നീസ് ലോകത്തിന് തന്നെ സെറീനയെ ‘മിസ്’ ചെയ്യുമെന്ന് റോജര്‍ ഫെഡറര്‍ പറഞ്ഞു. വില്യംസ് സഹോദരിമാര്‍ നിറഞ്ഞ ടെന്നീസ് കാലം കോര്‍ട്ടില്‍ ആവേശഭരിതമായ നിമിഷങ്ങളാണ് സമ്മാനിച്ചതെന്ന് റഫാല്‍ നദാലും പറഞ്ഞു.
1999ല്‍ യുഎസ് ഓപ്പണിലൂടെ ആദ്യ ഗ്രാന്‍ഡ് സ്ലാം നേടി ടെന്നീസില്‍ ഉദിച്ച സെറീന മറ്റൊരു യുഎസ് ഓപ്പണ്‍ കൂടി സ്വന്തമാക്കി വിട പറയാന്‍ അവസരമുണ്ടാകട്ടെ എന്ന ആശംസകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: