ലണ്ടന്‍: എണ്‍പതുകളില്‍ ഇരുനൂറു കോടി വില പറഞ്ഞിട്ടിട്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് വാങ്ങാന്‍ കഴിയാതിരുന്ന വന്‍ റിയല്‍ എസ്റ്റേറ്റ് വ്യവസായി മൈക്കിള്‍ നൈറ്റണ് അതേ മോഹവുമായി വീണ്ടും. ഇത്തവണ അതു സംഭവിച്ചാല്‍ അടുത്തിടെ കായികലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ പണം മറിയുന്ന കൈമാറ്റമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഇംഗ്ലീഷ് മാധ്യമങ്ങള്‍ നൈറ്റന്റെ നീക്കള്‍ക്കു പിന്നാലെയാണ്. ടാബ്ലോയിഡുകളില്‍ ഗോസിപ്പുകളും, എണ്‍പതുകളില്‍ നൈറ്റണ് എന്തുകൊണ്ട് മാഞ്ചസ്റ്റര്‍ വാങ്ങാന്‍ കഴിഞ്ഞില്ലെന്ന ഭൂതകാല റിപ്പോര്‍ട്ടുകളും നിറയുന്നു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആസ്ഥാനമായ ഓള്‍ഡ് ട്രഫോഡില്‍ അസാധാരണമായത് എന്തോ സംഭവിക്കുന്നു എന്നാണ് സൂചന. കഴിഞ്ഞ കുറേക്കാലത്തിനിടയിലെ ഏറ്റവും മോശമായ പ്രീമിയര്‍ ലീഗ് പ്രകടനത്തിന്റെ നടുക്കത്തിലാണ് മാഞ്ചസ്റ്റര്‍ ആരാധകര്‍. കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനമെന്ന നിരാശജനകമായ അവസ്ഥയിലായിരുന്നു ക്ലബ്. പുതിയ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയുമൊക്കെ മികച്ച കളിക്കാരെ മറ്റു ക്ലബ്ബുകളില്‍ നിന്നു വന്‍ തുകയ്ക്ക് എത്തിച്ചു തുടങ്ങി.
മോശം പ്രകടനം തുടരുന്ന സാഹചര്യത്തില്‍ ക്ലബ്ബ് ആര്‍ക്കെങ്കിലും വില്‍ക്കുന്നതാണ് നല്ലതെന്ന ഉപദേശത്തിന്റെ സമ്മര്‍ദത്തിലാണ് യുണൈറ്റഡിന്റെ ഇപ്പോഴത്തെ ഉടമകളായ അമേരിക്കയിലെ അതിസമ്പന്ന ഗ്ലെയ്സര്‍ കുടുംബം. കഴിഞ്ഞ സീസണിലെ അവസാന ഹോം മാച്ചുകളില്‍ യുണൈറ്റഡിന്റെ ആരാധകര്‍ ഗ്ലെയ്സര്‍ കുടുംബത്തിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു. ഒരു ഘട്ടത്തില്‍ ഗ്ലെയ്സേഴ്സ് ഔട്ട് എന്നെഴുതിയ വലിയ ബാനര്‍ ആരാധകര്‍ ഗ്യാലറിയില്‍ ഉയര്‍ത്തിയിരുന്നു.
ക്ലബ് വാങ്ങാന്‍ തയാര്‍, വില പറയൂ എന്ന മൈക്കിള്‍ നൈറ്റണിന്റെ സന്ദേശം ഗ്ലെയ്സര്‍ കുടുംബത്തിനു കൈമാറയി. മാഞ്ചസ്റ്റര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു യൂട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തില്‍ കടുത്ത ഭാഷയിലാണ് ഗ്ലെയ്സര്‍ കുടുംബത്തെ നൈറ്റണ് വിമര്‍ശിച്ചത്. ഫുട്ബോളിനെക്കുറിച്ച് ഒന്നു മറിയാത്ത ഒരു കുടുംബം ഒരു ക്ലബ്ബിനെ വന്‍ പ്രതിസന്ധിയിലാക്കിയെന്നാണ് നൈറ്റണ് പറഞ്ഞത്. യുണൈറ്റഡിന്റെ വിഖ്യാത മാനേജര്‍ അലക്സ് ഫെര്‍ഗൂസണുമായി അടുത്ത സൗഹൃദത്തിലായിരുന്നു നൈറ്റണ്. 1989ല്‍ ക്ലബ്ബിന് ആദ്യം നൈറ്റണ് വില പറഞ്ഞ ഘട്ടത്തില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ ഇംഗ്ലീഷ് ടാബ്ലോയിഡുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
അന്ന് മാഞ്ചസ്റ്ററിന്റെ ഉടമസ്ഥാവകാശം നൈറ്റണിന് ഉറപ്പായതാണ്. അന്നത്തെ ചീഫ് എക്സിക്യൂട്ടിവ് മാര്ട്ടിന് എഡ്വേര്‍ഡുമായി എല്ലാം പറഞ്ഞുറപ്പിച്ചതാണ്. ഇരുവരും ഒന്നിച്ച് മാധ്യമങ്ങളെക്കണ്ടു. എന്നാല്‍ 89-90 സീസണിന്റെ തുടക്കത്തില്‍ ആഴ്ണലുമായുള്ള കളി തുടങ്ങുന്നതിനു തൊട്ടുമുമ്പ്, ക്ലബ്ബിന്റെ ജഴ്സിയണിഞ്ഞ് ഓള്‍ഡ് ട്രഫോഡിലെ സ്റ്റേഡിയത്തില്‍ എത്തിയ നൈറ്റണ് പന്തുമായി കളത്തിലിറങ്ങി. ഗ്രൗണ്ടില്‍ പന്തു തട്ടി. ക്ലബ്ബിന്റെ കൈമാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാത്രം നടക്കുന്ന ഘട്ടത്തില്‍ നൈറ്റണ് ഇങ്ങനെ ചെയ്തത് മാര്ട്ടിന് എഡ്വേര്‍ഡിനെയും ക്ലബ്ബിന്റെ മറ്റ് ഡയറക്ടര്‍മാരെയും അമ്പരപ്പിച്ചു. ഇതേക്കുറിച്ച് നൈറ്റണ് ആരുമായും ചര്‍ച്ച ചെയ്തിരുന്നില്ല. ഈ ഒറ്റസംഭവത്തോടെ നൈറ്റണുയായുള്ള ചര്‍ച്ചയില്‍ നിന്ന് ക്ലബ് പിന്നോട്ടു പോയി. അന്ന് 38 വയസായിരുന്നു നൈറ്റണ്. ഇപ്പോള്‍ എഴുപതാം വയസിലും മാഞ്ചസ്റ്റര്‍ മോഹം അവസനിച്ചിട്ടില്ല നൈറ്റണ്.
ഫുട്ബോള്‍ ലോകം കണ്ട ഏറ്റവും വലിയ തുകയ്ക്കുള്ള വില്‍പ്പനയിലൂടെയാണ് 2005ല്‍ യുണൈറ്റഡിനെ ഗ്ലെയ്സര്‍ കുടുംബം സ്വന്തമാക്കിയത്. ഏതാണ്ട് 7000 കോടിയുടെ ഇടപാടായിരുന്നു അത്. ഇതിനേക്കാള്‍ കൂടുതല്‍ തുകയ്ക്ക് യുണൈറ്റഡ് വാങ്ങാനാണോ നൈറ്റണ് കളത്തിലിറങ്ങിയതെന്ന സംശയവും ഉയരുന്നു. ക്ലബ്ബിന്റെ മോശം പ്രകടനത്തില്‍ ആരാധകര്‍ക്കുള്ള രോഷത്തിന്റെ സമ്മര്‍ദ്ദം മുതലെടുക്കാണ് നൈറ്റണിന്റെ നീക്കമെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: