പാലക്കാട്: അട്ടപ്പാടിയിലുള്ള അഗളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ലോകോത്തര നിലവാരമുള്ള എഡ്യൂക്കേഷണൽ ഹോം തീയേറ്റർ സൗജന്യമായി സ്ഥാപിച്ച് ഏരീസ് ഗ്രൂപ്പ്. സെമിനാറുകളും ക്ലാസ്സുകളും മികച്ച ദൃശ്യ ശ്രവ്യ സംവിധാനത്തോടെ അനുഭവിച്ചറിയുവാൻ വിദ്യാർത്ഥികൾക്ക് സാധിക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച തീയറ്ററുകളിൽ ഒന്നായ ഏരീസ് പ്ലക്സ് എസ് എൽ സിനിമാസിന്റെ സ്ഥാപകനും ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ സി ഇ ഒ യുമായ ഡോ. സോഹൻ റോയിയുടെ നേതൃത്വത്തിലുള്ള ഏരിസ് ഡി എം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഈ തീയേറ്റർ പൂർണമായും സൗജന്യമായി നിർമ്മിച്ചു നൽകിയത്. ലോക സിനിമയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ ഒരു ഫിലിം ക്‌ളബ്ബും സ്കൂളിൽ രൂപവൽക്കരിച്ചിട്ടുണ്ട്. വിനോദത്തിലൂടെ വിദ്യാഭ്യാസം എന്ന വിപ്ലവകരമായ ആശയമാണ് എജുക്കേഷൻ തിയേറ്റർ എന്ന കൺസെപ്റ്റിലൂടെ ഉദ്ദേശിക്കുന്നത് എന്ന് ഡോ.സോഹൻ റോയ് പറഞ്ഞു.
“ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്രിസ്റ്റൽ ക്ലിയർ ഫോർ കെ റെസല്യൂഷനിലുള്ള പ്രൊജക്ഷൻ സംവിധാനമാണ് ഈ തീയറ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശബ്ദം ആസ്വാദ്യകരമാക്കാനുള്ള അക്വസ്റ്റിക്സ് സംവിധാനം, കപ്പ് ഹോൾഡ്രോട് കൂടിയ തീയേറ്റർ ചെയറുകൾ, തീയറ്ററുകളിലേതുപോലെ മികച്ച ശബ്ദ സംവിധാനവും പ്രൊജക്ഷൻ സ്ക്രീനും,സ്ക്രീൻ വ്യക്തമായി കാണാനായി തീയറ്റർ മോഡലിലുള്ള ഗ്യാലറി സ്ട്രക്ചർ മുതലായവ ഈ എഡ്യൂക്കേഷണൽ ഹോം തിയേറ്ററിൽ ഉണ്ട്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി, വിദ്യാഭ്യാസത്തിനായി കൂടി ഉപയോഗിക്കണമെന്നതിനാൽ സെമിനാറുകളും ക്ലാസ്സുകളും വളരെ നന്നായി എടുക്കാവുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്ലാസ് എടുത്തു കൊണ്ടിരിക്കുമ്പോൾ തന്നെ, അധ്യാപകന് വെളിച്ചം പൂർണമായും നിയന്ത്രിക്കാൻ സാധിക്കുന്ന ഓട്ടോമേറ്റഡ് ലൈറ്റിംഗ് സിസ്റ്റവും തീയറ്ററിലുണ്ട്. അതേപോലെ, പഠനത്തോടൊപ്പം ക്രിയാത്മകമായ പാഠ്യേതര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വ്യക്തിത്വ വികസനത്തെ സഹായിക്കും. ഇതിനോട് അനുബന്ധിച്ച് രൂപീകരിച്ച ഫിലിം ക്ലബ്ബ് ഈ ലക്ഷ്യം ഉദ്ദേശിച്ചുള്ളതാണ്. ലോക സിനിമയെ അടുത്തറിയുവാനും, സ്കൂളിൽ തന്നെ ഫിലിം ഫെസ്റ്റിവലുകൾ സംഘടിപ്പിക്കാനും, സിനിമ സംബന്ധമായ ചർച്ചകൾ നിരൂപണങ്ങൾ തുടങ്ങിയവയിലൂടെ കലാപരവും നേതൃത്വപരവുമായ കഴിവുകൾ വളർത്തിയെടുക്കുവാനും ഇത് വിദ്യാർത്ഥികൾക്ക് സഹായകരമാകും.” അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് അഞ്ച് വെള്ളിയാഴ്ച ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് നടന്ന ചടങ്ങിൽവച്ച് ഡോ. സോഹൻ റോയ് തീയറ്ററിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ.വി. കെ. ജയിംസ് അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. നീതു. പി.സി വിശിഷ്ടാതിഥിയായിരുന്നു.പാലക്കാട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ . മനോജ് കുമാർ പി.വി, ശ്രീ.സോഹൻ റോയിയിൽ നിന്നും ഡിജിറ്റൽ തിയറ്റർ ക്ലാസ് റൂമിന്റെ താക്കോൽ ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: