കണ്ണൂര്‍: സിപിഎം ഔദ്യോഗിക പക്ഷത്തിനെതിരെ വലതുപക്ഷ വ്യതിയാനം ആരോപിച്ച് പാര്‍ട്ടിക്കകത്ത് കലാപക്കൊടിയുയര്‍ത്തിയ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായിരുന്നു ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍. ഇടതുപക്ഷത്തോടൊപ്പം നിന്നപ്പോഴും പാര്‍ട്ടിക്ക് പുറത്തായപ്പോഴും സിപിഎമ്മിന്റെ തെറ്റായ നയങ്ങളെ താനെഴുതിയ പുസ്തകങ്ങളിലൂടെയടക്കം അദ്ദേഹം അതിരൂക്ഷമായി വിമര്‍ശിച്ചു. കുറെവര്ഷക്കാലം സിപിഎമ്മിലെ തെറ്റായ നയങ്ങളെ എതിര്‍ത്തതിനാല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പിനു കാരണമായി. വി.എസ് അച്യുതാനന്ദനുമായുള്ള അടുപ്പത്തിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയുടെ കാലത്ത് പിണറായി പക്ഷത്തിന് വിരുദ്ധനായി നിലകൊണ്ടു.
പാര്‍ട്ടിയുടെ നയവ്യതിയാനങ്ങളെ എതിര്‍ക്കുന്ന നിലപാട് സ്വീകരിച്ചതോടെ പാര്‍ട്ടി നേതൃത്വവുമായി ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍ അകന്നു. പാര്‍ട്ടി നേതൃത്വത്തെ എതിര്‍ക്കുമ്പോള്‍ തന്നെ വി.എസ്. അച്യുതാനന്ദനുമായി അദ്ദേഹം അടുപ്പം പുലര്‍ത്തി. സിപിഎമ്മില്‍ നേരത്തെയുണ്ടായിരുന്ന വിഭാഗീയതയുടെ ഭാഗമായി ഈ ബന്ധം കൂട്ടിവായിക്കപ്പെട്ടതോടെ വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് നീങ്ങി. പാര്‍ട്ടി തള്ളിപ്പറഞ്ഞ കാലത്ത് വി.എസ്. അച്യുതാനന്ദന് ബര്‍ലിനെ വീട്ടിലെത്തി സന്ദര്‍ശിച്ചത് പാര്‍ട്ടിക്കകത്ത് വലിയ വിവാദമാണ് ഉണ്ടാക്കിയത്.
ദീര്‍ഘകാലം ജര്‍മ്മനിയില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം നാട്ടിലെത്തിയശേഷം സിപിഎമ്മിന്റെ പ്രാദേശിക ഘടകത്തില്‍ സജീവമായി. 2005 മാര്‍ച്ച് 25ന് അന്നത്തെ സംസ്ഥാനസെക്രട്ടറി പിണറായി വിജയനെതിരെ പൊളിച്ചെഴുത്തുകള്‍ എന്ന പുസ്തകത്തില്‍ പൊയ്മുഖം വലിച്ചുകീറിയതിന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. 79 ാം വയസില്‍ പാര്‍ട്ടി ഘടകമായ നാറാത്ത് ബ്രാഞ്ച് കമ്മറ്റിയിലെ മുഴുവന്‍ അംഗങ്ങളുടെയും എതിര്‍പ്പ് മറികടന്നായിരുന്നു ലോക്കല്‍ കമ്മറ്റി തീരുമാനപ്രകാരം കുഞ്ഞനന്തനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.
പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ബര്‍ലിനെ പിന്നീട് ഉള്‍പാര്‍ട്ടി സമരത്തില്‍ വി.എസ് പക്ഷം ആയുധം വെച്ചുകീഴടങ്ങിയതിനു ശേഷം 2015 ലാണ് തിരിച്ചെടുത്തത്. അപ്പോഴെക്കും ഓര്‍മ്മക്കുറവും ആരോഗ്യശേഷികുറവും അദ്ദേഹത്തെ ബാധിച്ചിരുന്നു. ഇഎംഎസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. ബര്‍ലിനില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പത്രങ്ങളുടെ ലേഖകനായി പ്രവര്‍ത്തിച്ചു. ഏറെക്കാലം സിപിഎമ്മിന്റെ സന്തതസഹചാരിയായിരുന്ന അദ്ദേഹം പിന്നീട് കേരളത്തിലെ പാര്‍ട്ടിയോട് അകല്ച്ചപാലിക്കുകയായിരുന്നു.
എം.എന്‍. വിജയനെ പോലെ ഒരുകാലത്ത് സിപിഎമ്മിന്റെ ആശയമുഖമായി ജീവിച്ചു. അനഭിമതനായപ്പോള്‍ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത ആള് എന്നുവരെ അദ്ദേഹത്തെ സിപിഎം നേതാക്കള്‍ തന്നെ ആക്ഷേപിച്ചു. ഏകാധിപതികള്‍ അര്‍ഹിക്കുന്നത്, മുഖ്യമന്ത്രി പിണറായി വിജയനേയും കണ്ണൂരിലെ സിപിഎം നേതൃത്വത്തേയും തുറന്നു കാട്ടുകയും നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്ന ഒളിക്യാമറകള്‍ പറയാത്തത്, പൊളിച്ചെഴുത്ത് എന്ന ആത്മകഥ എന്നിവ ഏറേ ചര്‍ച്ച ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: