ഡോ. അരുണ്‍ലാല്‍ ടി.പി
പൗരാണിക ഭാരതത്തിലെ ആയുര്‍വേദ ആചാര്യന്മാരില് പ്രമുഖനാണ് ചരകന്‍. എട്ട് സ്ഥാനങ്ങളും 120 അധ്യായങ്ങളും അടങ്ങിയ വിഖ്യാതമായ ചരകസംഹിത അദ്ദേഹത്തിന്റെ സംഭാവനയാണ്.
സമകാലിക ആരോഗ്യ പ്രശ്നങ്ങള്‍ സമൂഹത്തെ പ്രതിസന്ധിയിലാക്കുന്ന നിലവിലെ സാഹചര്യങ്ങളില്‍ ആരോഗ്യശാസ്ത്രമെന്നത് ശരീരത്തെക്കുറിച്ച് മനസിലാക്കുക മാത്രമല്ല. മറ്റ് വിഷയങ്ങളിലും തുല്യപ്രാധാന്യം ഉണ്ടെന്നത് ബോധ്യപ്പെടുത്തുന്നു. ഇവിടെയാണ് ചരകസംഹിതയുടെ കാലിക പ്രസക്തി ശ്രദ്ധേയമാകുന്നത്. ആരോഗ്യ സംസ്കാരത്തിന്റെ ഒരു പുനര്‍വായന ആരംഭിക്കേണ്ടതുണ്ട്.
ആയുര്‍വേദവും അടിസ്ഥാന പ്രമാണങ്ങളും വരും തലമുറയെ ബോധ്യപ്പെടുത്താനായി പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയില്‍ അതിന് ഉതകുന്ന ഭാഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ സന്നദ്ധത കാണിക്കുന്ന കേന്ദ്ര സര്‍ക്കാറും ആയുഷ്വകുപ്പും വിശ്വ ആയുര്‍വേദ പരിഷത്തും പ്രത്യേക ആദരവ് അര്‍ഹിക്കുന്നു.
‘ജനപദോധ്വംസനീയം’ എന്ന അദ്ധ്യായത്തില്‍ സമൂഹത്തെ ഒന്നടങ്കം രോഗത്തിലേക്കോ മരണത്തിലേക്ക് തന്നെയോ നയിക്കുന്ന കാരണങ്ങളും പരിഹാരവും ചരകസംഹിത വിശദീകരിക്കുന്നു. വായു, ജലം, ദേശം, കാലം ഇവയ്ക്ക് വ്യതിയാനങ്ങള്‍ സംഭവിച്ച് സൂക്ഷ്മാണുക്കളാലുള്ള രോഗം, പ്രകൃതി ദുരന്തങ്ങള്‍, യുദ്ധം, മറ്റ് അധര്‍മ്മങ്ങള്‍ ഇവയാല്‍ സര്‍വനാശം സംഭവിക്കുന്നതായി സംഹിതയില്‍ പരാമര്‍ശിക്കുന്നു. ഇന്നത്തെ ആഗോള ആരോഗ്യ രംഗത്തെ സസൂക്ഷ്മം നിരീക്ഷിച്ചാല്‍ ചരക സംഹിത ജനപദോധ്വംസനീയ അദ്ധ്യായത്തില്‍ പറഞ്ഞിട്ടുള്ള ഈ വസ്തുതകള്‍ തികച്ചും യാഥാര്‍ഥ്യമാണെന്ന് ബോധ്യപ്പെടും. മഹാമാരികള്‍ പടരുന്ന സാഹചര്യത്തില്‍ പുതിയൊരു ആരോഗ്യ സംസ്കാരത്തിന് രൂപം കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ദിനചര്യ, ഋതുചര്യ, സദ്വൃത്തം, പ്രകൃതി സംരക്ഷണം, മാനസികവും ആത്മീയവുമായുമുള്ള ആരോഗ്യം, സംവാദ മാര്‍ഗങ്ങള്‍ എന്നിങ്ങനെ ഒരു വ്യക്തിയുടെ ആരോഗ്യമെന്നതില്‍ മാത്രം ഒതുങ്ങാതെ രാഷ്ട്രനന്മക്കായി ഒരു പൗരനെ വളര്‍ത്തുന്നതിലും ഒരു ദേശത്തിന്റെ സാമൂഹികപരമായ ഉയര്‍ച്ചയ്ക്കായുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്നതിലും ചരകസംഹിത ശ്രദ്ധേയമാണ്.
ചരക ശപഥം (രവമൃമസമ ീമവേ)ഏറെ പ്രസക്തമാണ്. വൈദ്യശാസ്ത്രം പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകന് നല്കുന്ന നിര്‍ദ്ദേശങ്ങളുടെ രൂപത്തിലാണ് ചരകസംഹിതയുള്ളത്. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനുള്ള നിരുപാധിക വ്യവസ്ഥകള്‍ വൈദ്യശാസ്ത്രത്തില്‍ പഠിപ്പിക്കാന്‍ യോഗ്യത നേടുന്നതിന് അവശ്യമാണ്. വിദ്യാര്‍ത്ഥി അനുഷ്ഠിക്കേണ്ട ജീവിത രീതി, വിദ്യാര്‍ത്ഥി-അധ്യാപക ബന്ധം, രോഗിയുടെ ക്ഷേമത്തിനായുള്ള ആത്മസമര്‍പ്പണം, സ്ത്രീകളോടുള്ള പെരുമാറ്റം തുടങ്ങി നിരവധി കാര്യങ്ങളില്‍ ഈ ഭാഗം വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.
ചില വസ്തുതകളെ അടിസ്ഥാനമാക്കി വൈദ്യരംഗത്തെ വ്യാജന്മാരെയും ചരകാചാര്യന്‍ വര്‍ഗീകരിച്ചിട്ടുണ്ട്. ലഘു രോഗങ്ങള്‍ മുതല്‍ മഹാരോഗങ്ങള്‍ വരെ ഉണ്ടാവുന്ന കാരണങ്ങള്‍, അവയ്ക്കുള്ള ചികിത്സ, ഉപദ്രവ ചികിത്സ എന്നിവയെല്ലാം അതിഗംഭീരമായി ആചാര്യന് രേഖപ്പെടുത്തിയിക്കുന്നു.
ഔഷധ സസ്യങ്ങള്‍, അന്നവര്ഗം, ജലവര്ഗം, മാംസവര്ഗം തുടങ്ങി പ്രകൃതിയിലെ എല്ലാ ദ്രവ്യങ്ങളുടെയും വര്‍ഗീകരണവും ഗുണദോഷങ്ങളും ചരകസംഹിതയില്‍ കാണാം.
ഷോഡശ സംസ്കാരം (അതായത് ഒരു മനുഷ്യന് ജനിക്കുന്നത് മുതല്‍ മരണം വരെയുള്ള 16 ആചരണങ്ങള്‍), ആരോഗ്യമുള്ള കുഞ്ഞിനായി സ്ത്രീ പുരുഷ സംയോഗത്തിന് മുമ്പേ ചെയ്യേണ്ട കാര്യങ്ങള്‍, ഗര്‍ഭകാല ചര്യ, അപ്പോഴുണ്ടാവുന്ന രോഗചികിത്സ, സുഖ പ്രസവത്തിനായി ചെയ്യേണ്ടവ, ഔഷധങ്ങള്‍, പ്രസവാനന്തര ചികിത്സ എന്നിവയും വിവരിച്ചിട്ടുണ്ട്.
പ്രകൃതി ഉള്ളിടത്തോളം കാലം ചരകാചാര്യന്റെയും ചരക സംഹിതയുടെയും പ്രാധാന്യത്തിന് മങ്ങലേല്‍ക്കില്ല. വൈദ്യരംഗത്തുള്ളവര്‍ രാഷ്ട്രസേവനത്തിനായി ചരകസംഹിതയെ ധാര്‍മികമായി ഇനിയും ഉപയോഗിക്കുമെന്നു പ്രതീക്ഷിക്കാം. ഭാരതത്തില്‍ ഇനിയുമിനിയും ചരകാചാര്യന്മാര് ജന്മമെടുക്കാനായി പ്രാര്‍ത്ഥിക്കാം. ‘ആയുര്‍വേദഃ അമൃതാനാം…’
പ്രതികരിക്കാൻ ഇവിടെ എഴുതുക: