ചെന്നൈ: ചെസ് ഒളിമ്പ്യാഡ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ചെസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന ചെസ്സിന്റെ ഏറ്റവും വലിയ ആഗോള സംഘടനയായ ഫിഡെ ( ഇന്റര്‍നാഷണല്‍ ചെസ് ഫെഡറേഷന്) വൈസ് പ്രസിഡന്റായി വിശ്വനാഥന് ആനന്ദിനെ തെരഞ്ഞെടുത്തു.
അര്‍ക്കാഡി വൊര്‍കോവിച് തന്നെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ഉക്രൈന് ഗ്രാന്റ് മാസ്റ്ററായ ആന്‍ഡ്രി ബാരിഷ്പോലെറ്റ്സിനെ 16നെതിരെ 157 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അര്‍കാഡി വീണ്ടും പ്രസിഡന്റായത്.
“ചെസ് എന്നത് ഞാന്‍ ആര് എന്നതിന്റെ ഒരു ഭാഗമാണെനിക്ക്. ഒരു ചെസ് താരമെന്ന നിലയ്ക്ക് ഒരു സവിശേഷ ഗെയിം എന്നതില്‍ നിന്നും ജനമിഷ്ടപ്പെടുന്ന ഗെയിമായി ചെസ് മാറുന്നത് കാണാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്. ഈ പോസിറ്റീവായ മാറ്റം തുടരാന്‍ അര്കാഡിയൊടൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. “- ആനന്ദ് ട്വിറ്ററില്‍ കുറിച്ചു.
“പുതിയ യുവത്വത്തെ ചെസ്സിലേക്ക് ആകര്‍ഷിക്കാനും ഇന്ത്യന്‍ ചെസ്സിന്റെ പാദസ്പര്‍ശം ആഗോളതലത്തില്‍ വിപുലമാക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. ചെസ്സിന്റെ ദീര്‍ഘകാല വളര്‍ച്ചയ്ക്ക് ഇത് ആവശ്യമാണ്. ഇന്ത്യയിലും ചെസ് വളര്‍ത്തേണ്ടത് ആവശ്യമാണ്. കാരണം ഇന്ത്യ ഒരു പ്രധാനപ്പെട്ട രാഷ്ട്രവും പ്രധാന വിപണിയുമാണ്. നിരവധി പേര് ചെസ് കളിക്കുന്നുണ്ട്. പക്ഷെ അത് ഇനിയും വികസിപ്പിക്കേണ്ടതുണ്ട്. “- ആനന്ദ് പറഞ്ഞു.
കഴിഞ്ഞ കുറെക്കാലമായി ചെസ് കളിക്കുന്നത് കുറച്ച് ചെസ് ഭരണത്തിലേക്ക് വരാന്‍ ശ്രമിക്കുകയായിരുന്നു താനെന്നും ആനന്ദ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: