ചെന്നൈ: ഏറ്റവും കൂടുതല്‍ കളികള്‍ ജയിക്കുന്ന പുരുഷനും വനിതയ്ക്കും ചെസ് ഒളിമ്പ്യാഡില്‍ പ്രത്യേക സ്വര്‍ണ്ണമെഡല്‍ ഉണ്ട്. ഇപ്പോള്‍ 44ാമത് ചെസ് ഒളിമ്പ്യാഡ് എട്ട് റൗണ്ട് പിന്നിടുമ്പോള്‍ ഈ സ്വര്‍ണ്ണമെഡലിന് അരികെ നില്‍ക്കുന്നത് ഇന്ത്യയുടെ കൗമാര ചെസ് താരം ഡി. ഗുകേഷും വനിതകളില്‍ പോളണ്ടിന്റെ ഒളിവിയ കിയോല്ബാസയും.
ഇരുവരും ഇതുവരെ എട്ട് റൗണ്ടുകളില്‍ കളിച്ച് എട്ട് മത്സരങ്ങളിലും ജയിച്ച് നില്‍ക്കുകയാണ്. നാല് തവണ ലോകചാമ്പ്യനായ മാഗ്നസ് കാള്സന് എട്ട്കളിള് നിന്നും ആറ് പോയിന്റേ ഉള്ളൂ. കാള്സന് തോറ്റില്ലെങ്കിലും രണ്ടില്‍ അധികം ഗെയിമുകളില്‍ സമനില വഴങ്ങേണ്ടി വന്നു. മൂന്നാമത് നില്‍ക്കുന്നത് അയര്‍ലന്റിന്റെ കൊന്നോര്‍ മര്‍ഫിയാണ് ഏഴ് കളികളില്‍ 6.5 പോയിന്റ്. ഇന്ത്യയുടെ ബി ടീമില്‍ ലീഡ് ബോര്‍ഡില്‍ കളിക്കുന്ന ഗുകേഷ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്ററാണ്. ഇപ്പോള്‍ പ്രായം 16. ചെസ് ഒളിമ്പ്യാഡില്‍ എട്ട് കളികളില്‍ ഗുകേഷ് തറപറ്റിച്ചത് നിസ്സാരക്കാരെയല്ല. സ്പെയിന്റെ ഗ്രാന്റ് മാസ്റ്റര്‍ അലക്സി ഷിറോവിനെയും യുഎസിന്റെ ഗ്രാന്റ് മാസ്റ്ററും ലോകത്തിലെ രണ്ടാം നമ്പര്‍ താരവുമായി അറിയപ്പെടുന്ന ഫാബിയാനോ കരുവാനയെയും അര്‍മേനിയയുടെ ഗബ്രിയേല്‍ സര്ഗിസ്സിയനെയും സ്വിറ്റ്സര്ലാന്റിന്രെ ഗ്രാന്റ് മാസ്റ്റര്‍ ജോര്ജിയാഡിസ് നികോ ഉള്‍പ്പെടെ എട്ട് കരുത്തരായ ഗ്രാന്റ് മാസ്റ്റര്‍മാരെയാണ് കഴിഞ്ഞ കളികളില്‍ തോല്പിച്ചത്. ഇപ്പോള്‍ വിശ്വനാഥന് ആനന്ദ് കഴിഞ്ഞാല്‍ ഏറ്റവുമധികം ഫിഡെ റേറ്റിംഗ് ഉള്ള ഗ്രാന്റ്മാസ്റ്ററാണ് ഗുകേഷ്.
ഈ വര്‍ഷം ആദ്യമായി ചെസ് ഒളിമ്പ്യാഡില്‍ അരങ്ങേറ്റം കുറിച്ച ഗുകേഷ് ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ജയിക്കുന്ന താരമായി ചെസ് ഒളിമ്പ്യാഡില്‍ തന്നെ ചരിത്രം കുറിക്കാന്‍ പോവുകയാണ്. ചെന്നൈയിലെ ചെസ് ഒളിമ്പ്യാഡില്‍ ഗുകേഷിന്റെ പെര്‍ഫോമന്‍സ് റേറ്റിംഗ് 3335 ആണ്. ഇത് മാഗ്നസ് കാള്‍സനേക്കാള്‍ 300 പോയിന്റ് അധികം. വിശ്വനാഥന് ആനന്ദ് പറയുന്നത് റാപ്പിഡ് ചെസ്സിലോ, ബ്ലിറ്റ്സിലോ അല്ലാതെ ക്ലാസിക് ചെസ്സില്‍ (അതും ഓണ്‍ലൈന്‍ അല്ലാതെ) തുടര്‍ച്ചയായി ഇത്രയധികം വിജയം കൊയ്തത് അപാരനേട്ടമെന്നാണ്. ബി ടീമിലെ മറ്റ് യുവ ഗ്രാന്റ് മാസ്റ്റര്‍മാരായ പ്രഗ്നനാന്ദ, നിഹാല്‍ സരിന് അതുപോലെ ഇന്ത്യന്‍ എ ടീമിലെ അര്ജുന് എരിഗെയ്സി എന്നിവര്‍ക്കൊന്നുമില്ലാത്ത നേട്ടം ഗുകേഷിന്റെ പേരിലുണ്ട്. 2700 ഇലോ പോയിന്റ്. ലോകത്ത് ഇപ്പോള്‍ മാഗ്നസ് കാള്‍സള്‍, വെയ് യി, അലിറെസ് ഫിറൂസ്ജ എന്നിവര്‍ക്ക് മാത്രമുള്ള നേട്ടമാണിത്. ഇന്ത്യയില്‍ ആനന്ദ്, ശശികിരണ്‍, ഹരികൃഷ്ണ, വിദിത് ഗുജറാത്തി, ബി. അദിപന്‍ എന്നിവരും ഈ നേട്ടം കരസ്ഥമാക്കിയവരാണ്.
വനിതകളില്‍ പോളണ്ടിന്റെ ഒളിവിയയാണ് എട്ടില്‍ എട്ടുകളികളും ജയിച്ച് അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്. 22കാരി ഒളിവിയ കിയോല്ബാസ കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഗ്രാന്റ് മാസ്റ്റര്‍ പി.വി. നന്ദിതയെ തോല്പിച്ചിരുന്നു. ഇത് ഒളിവിയയുടെ ആദ്യ ചെസ് ഒളിമ്പ്യാഡാണ്. ഏഴാം റൗണ്ടില്‍ ബള്‍ഗേറിയയുടെ ബെലോസ്ലാവ ക്രസ്റ്റെവയെ തോല്പിച്ചിരുന്നു. വിയറ്റ്നാം ഗ്രാന്റ് മാസ്റ്റര്‍ ഗുയെന്‍ തി മായ് ഹുങ്, നെതര്‍ലാന്റ്സിന്റെ വാന്‍ ഫൊറീസ്റ്റ് മാച്ടെല്ഡ്, റുമാനിയയുടെ ജിയൊലാകു അലെസ്സിയ, സെര്‍ബിയയുടെ ഗ്രാന്റ് മാസ്റ്റര്‍ എരിക് ജൊവാന എന്നിവരെയും ഒളിവിയ തോല്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: