സി.വി. തമ്പി
സീതാപരിത്യാഗം ശ്രീരാമ തീരുമാനമായിരുന്നെങ്കിലും, അത് നടപ്പില്‍ വരുത്താനുള്ള നിയോഗം ലക്ഷ്മണനായിരുന്നു. സീത അഗ്നിശുദ്ധി വരുത്തിയെങ്കിലും, പതിവ്രതാരത്നമെന്ന് ശ്രീരാമന് ഉത്തമബോധ്യം വന്നെങ്കിലും, കടുത്ത ദുഷ്പേര് നാട്ടിലെങ്ങും വ്യാപിച്ചിരുന്നതിനാല്‍, അത്യധികം മനോവ്യഥയിലകപ്പെട്ട ശ്രീരാമന് മറ്റൊരു മാര്‍ഗമുണ്ടായിരുന്നില്ല. അദ്ദേഹം ഭര്‍ത്താവുമാത്രമല്ലല്ലോ, രാജാവുകൂടിയാണല്ലോ. പ്രജാഹിതം പാലിക്കലാണല്ലോ രാജധര്‍മം . ഇങ്ങനെയൊരു തീരുമാനം കൈക്കൊള്ളുമ്പോള്‍ തന്റെ ഹൃദയം പിളര്‍ന്നു പോയി എന്നാണ് ശ്രീരാമന് സഹോദരങ്ങളോടു പറയുന്നത്.
ജ്യേഷ്ഠകല്പന (തമസാ നദിയുടെ തീരത്ത്, വാല്മീകി മഹര്‍ഷിയുടെ ദിവ്യാശ്രമത്തിനടുത്തുള്ള ശൂന്യപ്രദേശത്ത് സീതയെ ഉപേക്ഷിക്കുക) കേട്ട ലക്ഷ്മണന് നുറുങ്ങിയ ഹൃദയത്തോടെ ആ രാത്രി കഴിച്ചുകൂട്ടി. നേരം പുലര്‍ന്നപ്പോള്‍ മന്ത്രി സുമന്ത്രരോട് രഥമൊരുക്കാന്‍ ആവശ്യപ്പെട്ടു.
ഗംഗാതീരത്തുള്ള പുണ്യാശ്രമപ്രദേശങ്ങള്‍ കാണാനുള്ള ആഗ്രഹം സീത മുമ്പേ ശ്രീരാമനോട് പ്രകടിപ്പിച്ചിട്ടുള്ളതാണ്. അതിനാലാണ് സീതയെ ഉപേക്ഷിക്കാന്‍ ഈ പ്രദേശം ശ്രീരാമന് തെരഞ്ഞെടുത്തതും. ഇതു കേട്ടമാത്രയില്‍ (യാത്രയുടെ ഉദ്ദേശ്യം അറിയാതെ) സീത അത്യധികം സന്തോഷവതിയും ആഹ്ലാദചിത്തയുമായി കാണപ്പെട്ടു. എന്നാല്‍, രഥം വായുവേഗത്തില്‍ കുതിക്കുമ്പോള്‍ ലക്ഷ്മണന്റെ മനഃക്ലേശം ഇരട്ടിക്കുന്നു. സീത അമംഗളങ്ങള്‍ കാണുന്നു. സീതയുടെ ശരീരം വിറയ്ക്കുന്നു, ഉത്കണ്ഠയേറുന്നു, മനസിന്റെ സമനില തെറ്റുന്നതുപോലെ തോന്നുന്നു. അനുവാചകര്‍ക്കും ഇതേ അനുഭവങ്ങള്‍ ഉണ്ടാകുന്നു. ലക്ഷ്മണന്റെ ദുര്യോഗം ഏതു വായനക്കാരനെയും വേദനിപ്പിക്കും. കഥാപാത്രങ്ങളുടെ അനുഭവങ്ങളെ അനുധാവനം ചെയ്യുന്ന വായനക്കാരിലും അനുഭവ സ്വാംശീകരണം നടക്കുന്നു. ഇത് രചനാ വൈഭവംകൊണ്ടു കൂടിയാണ് അറക്കാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയുള്ള സീതയുടെ അവസ്ഥ ഏതൊരു ഹൃദയത്തെയും മഥിക്കും. ദുര്യോഗങ്ങളുടെ കുത്തൊഴുക്ക്, പക്ഷെ, രാമായണത്തിന്റെ കാന്തിയും വര്‍ധിപ്പിക്കുന്നുണ്ട്. ‘വിധിവിഹിതമേവനും ലംഘിച്ച് കൂടുമോ ?’ അനിവാര്യതകളെ വിധിയെന്നല്ലാതെ മറ്റെന്തു വിളിക്കാന്‍! കഥാപാത്രങ്ങളുടെ മനോവിക്ഷോഭം, വിഭ്രമം, സംത്രാസം എന്നിവ രാമായണകാവ്യത്തെ ഒരു വിലാപകാവ്യമാക്കി മാറ്റുന്നു. ഈ വിലാപത്തില്‍ നിന്നുമാണ് ഭക്തിരസം മുളയ്ക്കുന്നത്. ഇതാണ് ജീവിതത്തിന്റെ സ്ഥായീഭാവങ്ങളെന്ന തിരിച്ചറിവ് ഈ ഇതിഹാസകാവ്യത്തിന്റെ കാന്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
അന്നു രാത്രി ഗോമതീതീരത്തെത്തിയ അവര്‍ അവിടെ ഒരു ആശ്രമത്തില്‍ തങ്ങി. പിറ്റേന്നാണ് പാപനാശിനിയായ ഗംഗാതീരത്ത് എത്തിച്ചേര്‍ന്നത്. അവിടെയെത്തിയപ്പോള്‍, ദുഃഖഭാരം താങ്ങാനാകാതെ ലക്ഷ്മണന് പൊട്ടിക്കരയുന്നു. സീതയാകട്ടെ, ഒരു ആഗ്രഹ പൂര്‍ത്തീകരണത്തിന്റെ ധന്യതയിലുമായിരുന്നു. പിന്നീട്, ഒരു തോണിയിലാന്ന് മറുകരയെത്തിയത്. ലക്ഷ്മണന് സീതാദേവിയോടു പറയുന്നു :’വിഷം പുരട്ടിയ അസ്ത്രം ഹൃദയത്തില്‍ തറച്ച ദുഃഖത്തോടെയാണ് ഞാന്‍ ഇവിടേക്ക് പുറപ്പെട്ടത്. ലക്ഷ്മണ ദുഃഖം വീണ്ടും അണപൊട്ടിയൊഴുകി. തുടര്‍ന്ന്, ധൈര്യമവലംബിച്ച് , അയോധ്യയില്‍ നടന്ന കാര്യങ്ങളെല്ലാം സീതയെ ധരിപ്പിച്ചു: ‘ഗര്‍ഭിണിയായ ദേവിയെ പൗരാപവാദം ഭയന്ന,് പുണ്യാശ്രമസമീപം ത്യജിച്ചിട്ട് ചെല്ലാനാണ് രാജകല്പന’. ഇതു കേട്ട സീതാദേവി ‘വെട്ടിയിട്ട മരം ‘പോലെ നിലത്തുവീണു. ബോധം തെളിഞ്ഞ സീത ഇങ്ങനെ പറയുന്നു:’ ബ്രഹ്മാവ് എന്നെ സൃഷ്ടിച്ചത് എന്നും ദുഃഖിക്കാന്‍ മാത്രമാണല്ലോ’. ദുഃഖ പുത്രിയായ സീതയുടെ വിലാപം ഈ വാക്കുകളിലൊതുങ്ങി .
പതിവ്രത, ഭര്‍തൃഭക്ത, സദ്വൃത്ത ഇതെല്ലാമാണ് സീത. പക്ഷെ, കാലം തനിക്കു നേരെ മറുതലിച്ചു നില്‍ക്കുന്നത് സീതയ്ക്ക് കാണേണ്ടിവരുന്നു. ഭര്‍തൃവാക്കുകള്‍ അനുസരിക്കുന്ന സീത ശത്രുക്കളെയും വണങ്ങുന്നു. തുടര്‍ന്ന് സീത പറയുന്ന വാക്കുകളോരോന്നും സീതയെ മാത്രമല്ല രാമായണത്തെയും ഉത്കൃഷ്ടമാക്കുന്നു. നാലാം ഘട്ടവും ലക്ഷ്മണദുഃഖം അണപൊട്ടിയൊഴുകുന്നു. കരയാന്‍ വിധിക്കപ്പെട്ട ദുരന്ത കഥാപാത്രം പോലെ ലക്ഷ്മണന് കാണപ്പെടുന്നു. പൊട്ടിക്കരഞ്ഞു കൊണ്ടാണ് അദ്ദേഹം തോണിയ്ക്കടുത്തേക്ക് തിരിച്ചു നടന്നത്.
ലക്ഷ്മണദുഃഖം ഒരു മാപ്പുസാക്ഷിയുടെ തീവ്രദുഃഖമായി രാമായണത്തില്‍ തെളിയുന്നു. ലക്ഷ്മണന്റെ കണ്ണുനീരിന് തെളിനീരിന്റെ പരിശുദ്ധിയുണ്ട്. രാമഭക്തനും സഹോദരനും സഹചാരിയുമായതിനാല്‍, ലക്ഷ്മണന് അനുഭവിക്കേണ്ടിവരുന്ന കഠിനവ്യഥ അനുവാചകരുടെ കരളലിയിക്കും. കദനഭാരം പേറുന്ന മനസ്സുമായി നീങ്ങുന്ന ലക്ഷ്മണ മനസ്സിന്റെ പിന്നാലെ, വായനക്കാരനും കേള്‍വിക്കാരനും ഹൃദയമിടിപ്പോടെ, ഉത്കണ്ഠയോടെ മാത്രമേ ചരിക്കാനാവൂ. ഇങ്ങനെ, മധ്യവര്‍ത്തികളായ കഥാപാത്രങ്ങളിലൂടെയാണ് വാല്മീകി, രാമായണകാവ്യത്തെ സുദൃഢമായി നെയ്തു പോകുന്നത്.
ശ്രീരാമനോടും സീതാദേവിയോടും ഒപ്പം നീങ്ങുന്ന ലക്ഷ്മണന് പല ഘട്ടങ്ങളിലും ദുഃഖത്തിന്റെ പടുകുഴിയിലേക്ക് നിപതിക്കുന്നത് കേവല യാദൃച്ഛികതകളിലൂടെയല്ല; മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാണെല്ലാം . ജീവിതത്തില്‍ യാദൃച്ഛികതകളില്ലെന്നും എല്ലാം മുന്‍കൂട്ടി ഈശ്വരനാല്‍ നിശ്ചയിക്കപ്പെട്ട പ്രകാരമാണ് സംഭവിക്കുന്നതെന്നുമാണ് പണ്ഡിതമതം. ഈ താത്വികമതത്തെ സാധൂകരിക്കും വിധമാണ് രാമായണ കാവ്യത്തിലെ ഓരോ കഥാസന്ദര്‍ഭങ്ങളും മുന്നേറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: