തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി മാറിയിരിക്കുന്ന സ്വര്‍ണക്കള്ളക്കടത്ത് ദേശവിരുദ്ധ-തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായതിനാല്‍ ആന്റി ടെററിസ്റ്റ് സ്ക്വാഡ് അന്വേഷിക്കണമെന്നും അതിന് സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്.
സ്വര്‍ണക്കടത്ത് വലിയൊരു ക്രമസമാധാന പ്രശ്നമായി മാറിയിരിക്കുകയാണ്. ഇതിന്റെ പേരില്‍ തട്ടിക്കൊണ്ടുപോകലുകളും കൊലപാതകങ്ങളും വര്‍ധിക്കുന്നു. സ്വര്‍ണക്കടത്തില്‍ നിന്ന് ലഭിക്കുന്ന ലാഭം രാജ്യവിരുദ്ധ പ്രവര്ത്തനങ്ങള്ക്കുപയോഗിക്കുകയാണ്. ഇതൊക്കെയായിട്ടും സംസ്ഥാനസര്‍ക്കാര്‍ മൗനം പാലിക്കുന്നു. സ്വര്‍ണക്കടത്തില്‍ പിണറായി വിജയന് കുറ്റാരോപിതനായതുകൊണ്ടാണോ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
കെഎസ്ആര്‍ടിസിയില്‍ ശമ്പളം കിട്ടാത്തതിന്റെ പേരില്‍ കഴിഞ്ഞദിവസം കാട്ടാക്കടയില്‍ നടന്ന ആത്മഹത്യയുള്‍പ്പെടെ നാല്പതോളം പേര് ഇതുവരെ ആത്മഹത്യചെയ്തു. പണിയെടുത്തവര്‍ക്ക് കൂലികൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പൊതുമോഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയെ അടച്ചുപൂട്ടാനുള്ള നടപടികളാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. കെഎസ്ആര്‍ടിസിയെ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുത്ത് സേവനമേഖലയായി സംരക്ഷിക്കണമെന്നും കൃഷ്ണദാസ് മാധ്യമങ്ങളോടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: