Categories: Kerala

ജലനിരപ്പ് പരമാവധി സംഭരണശേഷിയോട് അടുത്തു; ഇടുക്കി ഡാം നാളെ രാവിലെ തുറക്കും, പെരിയാര്‍ തീരത്ത് ജാഗ്രത

Published by

ഇടുക്കി : ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ട് നാളെ തുറക്കുമെന്ന് മന്ത്രി കെ. കൃഷണന്‍ കുട്ടി. വൃഷ്ടി പ്രദേശങ്ങളില്‍ നിന്നുള്ള നീരൊഴുക്ക് ശക്തമായതോടെ ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയോട് അടുത്തതിനെ തുടര്‍ന്നാണ് ഡാം തുറക്കാന്‍ തീരുമാനിച്ചത്. 

ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലിലേക്ക് എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാവിലെ പത്തു മണിക്ക് തുറക്കുമെന്ന് മന്ത്രി അറിയിച്ചു. 50 ക്യുമെക്‌സ് വെള്ളം ആയിരിക്കും തുറന്നു വിടുക. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

2,403 അടിയാണ് ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയായതിനാല്‍ കഴിഞ്ഞ പത്ത് ദിവസമായി ഡാമിലെ വെള്ളം ഉയരുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുള്ള അധിക ജലവും ഇങ്ങോട്ടേയ്‌ക്കാണ് എത്തുന്നത്. 

ഡാമിലെ ജല നിരപ്പ് ഉയര്‍ന്നിട്ടുള്ളതിനാല്‍ ഇവിടെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ശനിയാഴ്ച അണക്കെട്ട് തുറക്കുമെന്നാണ് ആദ്യം അറിയിച്ചതെങ്കിലും പല സ്ഥലങ്ങളിലും മഴ കുറഞ്ഞതോടെ അത് ഞായറാഴ്ചത്തേയ്‌ക്ക് മാറ്റുകയായിരുന്നു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by