തിരുവനന്തപുരം: പൊന്മുടിയിൽ ശക്തമായ മണ്ണിടിച്ചിൽ. പുതുക്കാട് എസ്റ്റേറ്റിന് സമീപമുള്ള റോഡിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇതിനെത്തുടര്‍ന്ന് എസ്റ്റേറ്റിലെ നൂറിലേറെ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ ഒറ്റപ്പെട്ടു. ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. വലിയ പാറക്കഷണങ്ങളടക്കം റോഡിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു.
അഗ്നിരക്ഷാ സേനയ്‌ക്ക് സ്ഥലത്തെത്താന്‍ കഴിയാത്ത സാഹചര്യമാണ്. പൊന്മുടി വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള യാത്ര നിലവിൽ തടഞ്ഞിരിക്കുകയാണ്. പൊന്മുടി കൂടാതെ കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടഞ്ഞുകിടക്കുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന അതിശക്തമായ മഴയ്‌ക്ക് നേരിയ ശമനമുണ്ടായെങ്കിലും പലയിടങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. അഞ്ച് ഡാമുകളിലും റെഡ് അലര്‍ട്ട് തുടരുകയാണ്.
ഇടുക്കിയിലെ പൊന്മുടി, ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, കുണ്ടള ഡാമുകളിലാണ് മുന്നറിയിപ്പ്. പെരിങ്ങല്‍കുത്ത്, ഷോളയാര്‍ മീങ്കര, മംഗലം ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. വ്യഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാല്‍ ഇടുക്കി, കക്കി ഡാമുകളിലേക്ക് കൂടുതല്‍ വെള്ളമൊഴുകിയെത്തുകയാണ്. രണ്ട് ഡാമുകളിലും ഒന്നാം ഘട്ട മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് ഇനിയും ഉയരുകയാണെങ്കില്‍ ഇടുക്കി ഡാം തുറന്നേക്കുമെന്നാണ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: