തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ നിയമനവും പ്രതിഷേധത്തെ തുടര്‍ന്നു മാറ്റിയതിലൂടെയും സര്‍ക്കാര്‍ നല്‍കുന്നത് തെറ്റായ സന്ദേശമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തിരുവനന്തപുരം കേസരി ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചു കാറോടിച്ചു ഒരു മാധ്യമപ്രവര്‍ത്തകനെ ഇടിച്ചുകൊന്ന കേസിലെ പ്രതിയാണ്. അത്തരം ഒരാളെ ആലപ്പുഴ കളക്ടറായി നിയമിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുജനത്തിനുമുണ്ടാകുന്ന വികാരം മനസിലാക്കാന്‍ സര്‍ക്കാര്‍ വൈകിപ്പോയി. സര്‍ക്കാരുമായി അടുത്തുനില്‍ക്കുന്ന കാന്തപുരം വിഭാഗത്തിന്റെ വികാരം മറികടക്കാന്‍ സര്‍ക്കാരിന് പ്രയാസമാണ്. അവരെ വെറുപ്പിക്കാന്‍ തയ്യാറല്ല. അതുകൊണ്ടാണ് തീരുമാനം തിരുത്തേണ്ടിവന്നത്. എതിര്‍പ്പു വരുമെന്നു കണക്കാക്കി നിയമിക്കാതിരിക്കുകയായിരുന്നു വേണ്ടിയിരുന്നത്. അക്കാര്യത്തില്‍ വീഴ്ച പറ്റി. മാറ്റിയ നടപടി തെറ്റായ സന്ദേശമാണ് നല്‍കുന്നത് വെള്ളാപ്പള്ളി പറഞ്ഞു.
കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം നേരത്തെ ഉള്ളതിനേക്കാള്‍ വര്‍ധിച്ചിട്ടുണ്ട്. അതിന് ബിജെപിയെ മാത്രം കുറ്റം പറയുന്നതെന്തിനാണ്. സമൂഹത്തില്‍ നിയമങ്ങളും ചട്ടങ്ങളും ഒക്കെ ഒരു പ്രത്യേക വിഭാഗത്തിന് ഗുണകരമാവുമ്പോള്‍ ദാരിദ്യത്തില്‍ കഴിയുന്ന വിഭാഗങ്ങളുണ്ട്. ഒരു ഗതിയും പരഗതിയുമില്ലാത്തവര്‍ ഇന്നുമുണ്ട്. 75000 പേര്‍ അതിദാരിദ്രരായുണ്ട്. ലൈഫ് പദ്ധതി ഒക്കെയുള്ളപ്പോഴും ലക്ഷകണക്കിന് വീടില്ലാത്തവര്‍ ഇന്നുമുണ്ട്. സമുദായത്തിലെ ഇത്തരക്കാരുടെ സാമ്പത്തിക ഉന്നമനത്തിനുവേണ്ടിയാണ് യോഗം മൈക്രോഫിനാന്‍സ് പദ്ധതി ആവിഷ്‌കരിച്ചത്. ചിലയിടങ്ങളില്‍ ചില സാമ്പത്തികകുഴപ്പങ്ങള്‍ ഉണ്ടായി. ചിലര്‍ അതിനെ പെരുപ്പിച്ചുകാട്ടി സംഘടനയെ തകര്‍ക്കാനാണ് ശ്രമിച്ചത്. പാവപ്പെട്ടവരുടെ വോട്ട് കൊണ്ട് വിജയിച്ചാണ് താന്‍ 25 വര്‍ഷമായി സെക്രട്ടറി സ്ഥാനത്ത് തുടരുന്നത്. 34 ലക്ഷം വരുന്ന സമുദായംഗങ്ങള്‍ക്ക് വോട്ട് ചെയ്യുന്നതിന് സാഹചര്യമുണ്ടാക്കുന്നതിന്റെ പ്രായോഗികത മനസിലാക്കണം.
എന്‍എസ്എസുമായുള്ള ഐക്യമെന്നത് ചത്ത കൊച്ചിന്റെ ജാതകം നോക്കുന്നത് പോലാണ്. തമ്പ്രാന്‍ അടിയാന്‍ മനോഭാവം ഇക്കാലത്ത് നിലനില്‍ക്കില്ല. സമഭാവനയാണ് വേണ്ടത്. തങ്ങളല്ല. എന്‍എസ്എസ് ആണ് സഹകരിക്കില്ലെന്നു പറഞ്ഞു പോയത്. ദേവസ്വംബോര്‍ഡില്‍ മുന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് സമുദായത്തോട് സര്‍ക്കാര്‍ ചെയ്ത ദ്രോഹമാണ്. ദേവസ്വംബോര്‍ഡില്‍ 96 ശതമാനം സംവരണവും മുന്നാക്കക്കാര്‍ക്കാണ്.
യുഡിഎഫിന്റെ ഭാവി അധോഗതിയാണ്. എല്ലായിടത്തും ഗ്രൂപ്പുണ്ടാക്കി കോണ്‍ഗ്രസ് തീര്‍ന്നു. അഖിലേന്ത്യാതലത്തില്‍ അമ്മ ഒരു വഴി, മകന്‍ ഒരു വഴി, അണികള്‍ ഒരു വഴി. നശിച്ചുകൊണ്ടിരിക്കുന്ന ഒരു പാര്‍ട്ടി. അതേസമയം ബിജെപി ഇന്ത്യ മുഴുവന്‍ ഭരിച്ചുകൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണയ്‌ക്കും. അതേസമയം, സര്‍ക്കാരിനെ തിരുത്തേണ്ടിടത്ത് തിരുത്താനുമാണ് നവോത്ഥാന സമിതി. പുന്നല ശ്രീകുമാര്‍ ചുമതല രാജിവച്ചിട്ടില്ലെന്നും കമ്മറ്റിയില്‍ പ്രവര്‍ത്തിക്കാമെന്ന് പറഞ്ഞു ഒഴിവായതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: