ന്യൂദല്‍ഹി: പങ്കാളിത്ത രീതിയില്‍ രാജ്യത്ത് നൂറ് സൈനിക സ്‌കൂളുകള്‍ സ്ഥാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി പുതിയ ഏഴ് സ്‌കുളൂകള്‍ക്ക് കൂടി സൈനിക സ്‌കൂള്‍ സൊസൈറ്റി അംഗീകാരം നല്‍കി. കേരളത്തില്‍ നിന്ന് കോഴിക്കോട് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയം സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ ഈ പട്ടികയില്‍ ഇടം നേടി. ആന്ധ്രപ്രദേശ്, ബീഹാര്‍, ഗുജറാത്ത്, ഹരിയാന, കര്‍ണാടകം, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഓരോ സ്‌കൂളുകളും രണ്ടാം പട്ടികയില്‍ ഇടം പിടിച്ചു. ഈ ഏഴ് സ്‌കൂളുകളിലും സൈനിക് സ്‌കൂള്‍ പാറ്റേണിലെ അഡ്മിഷന്‍ ഉടന്‍ ആരംഭിക്കും, 2022 ആഗസ്ത് അവസാനത്തോടെ അക്കാദമിക് സെഷന്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
സൈനിക സ്‌കൂള്‍ സൊസൈറ്റി ആദ്യ പട്ടികയില്‍ അംഗീകാരം നല്‍കിയ 12 സ്‌കൂളുകളുമായി ഇതിനകം കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇതില്‍ 10 സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനം പൂര്‍ത്തിയാക്കുകയും ഒന്‍പത് സ്‌കൂളുകളിലെ അക്കാദമിക് സെഷന്‍ ആഗസ്ത് ഒന്നു മുതല്‍ ആരംഭിച്ചിട്ടുമുണ്ട്. കര്‍ണാടകയിലെ ഒരു സ്‌കൂളില്‍ സപ്തംബര്‍ ആറു മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. ബാക്കിയുള്ള രണ്ട് സ്‌കൂളുകളില്‍ അടുത്ത അക്കാദമിക് സെഷനിലായിരിക്കും ക്ലാസുകള്‍ ആരംഭിക്കുക.
പുതുതായി അംഗീകാരം ലഭിച്ച ഈ ഏഴ് സൈനിക സ്‌കൂളുകളിലും ആദ്യ പട്ടികയില്‍ അംഗീകാരം ലഭിച്ച സ്‌കൂളുകളില്‍ പ്രവേശനം നടന്ന അതേ രീതിയിലായിരിക്കും പ്രവേശനം. പുതുതായി അംഗീകാരം ലഭിച്ച സൈനിക സ്‌കൂളുകളില്‍ കുറഞ്ഞത് 40% സീറ്റുകള്‍ ഓള്‍ ഇന്ത്യ സൈനിക സ്‌കൂള്‍ പ്രവേശന പരീക്ഷയുടെ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെ ഇ കൗണ്‍സിലിംഗിലൂടെയും 60% വരെ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന പരീക്ഷയിലൂടെയും നികത്തണം. ഈ സ്‌കൂളുകളില്‍ ഇപ്പോള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ആഗസ്ത് പകുതിയോടെ ന്യൂ സൈനിക് സ്‌കൂള്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: