വെള്ളരിക്കുണ്ട്: ജില്ലയിലെ മലയോര താലൂക്കായ വെള്ളരിക്കുണ്ടില്‍ ഇന്നലെ പുലര്‍ച്ച മുതല്‍ മഴ കനത്തു. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ മരുതോം കോട്ടഞ്ചേരി റിസര്‍വ് ഫോറസ്റ്റുകളില്‍ ഉരുള്‍പൊട്ടി. പുഴകളും തോടുകളും നിറഞ്ഞു കവിഞ്ഞു. മിക്കയിടങ്ങളിലും ചെറു പാലങ്ങളില്‍ വെള്ളം കയറി. മലയോര ഹൈവേ കടന്നു പോകുന്ന ബളാല്‍ പഞ്ചായത്തിലെ മരുതോം ചുള്ളിയില്‍ വനമേഖലയില്‍ ഉരുള്‍ പൊട്ടലുണ്ടായി. പാലക്കൊല്ലിയില്‍ കല്ലും മണ്ണും നിറഞ്ഞ ചെളിവെള്ളം നിറഞ്ഞൊഴുകി.
ജനങ്ങള്‍ ഭീതിയിലാണ്. മണ്ണും കല്ലും ചെളിയും വന്നു നിറഞ്ഞ വെള്ളംകുത്തിയൊലിച്ച് മലയോര ഹൈവേയില്‍ തടസം നേരിട്ടു. മരുതോം മാലോം ബൈപാസ് മണ്ണിടിഞ്ഞ് ഗതാഗതം നിലച്ചു.ഞാണിക്കടവ് പാലം, കാര്യാട്ട് ചാല്, മാലോം ടൗണ്‍പാലം എന്നിവടങ്ങളിലെല്ലാം വെള്ളം കയറി.
മലയോര ഹൈവേയില്‍ മരുതോം ചുരം വഴിയുള്ള യാത്രയാണ് ഇതോടെ തടസപ്പെട്ടത്. അവധി നല്കാത്തതിനാല് സ്കൂളുകളും കോളജുകളും തുറന്ന് പ്രവര്‍ത്തിച്ചെങ്കിലും ഹാജര്‍ നില കുറവായിരുന്നു. ബളാല്‍ ചുള്ളിയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ മാലോത്തെ വാടക സ്ഥാപനമായ പീയെം ഡെക്കറേഷന്റെ ലൈറ്റ് ആന്റ് സൗണ്ടിന്റെ സാധനങ്ങളും പാത്രങ്ങളും പന്തല്‍ സാമഗ്രികളും മലവെളളത്തില്‍ ഒലിച്ച് പോയി. ഏകദേശം പത്ത് ലക്ഷം രൂപയിലേറെ നഷ്ടങ്ങളുണ്ടായി.
പരപ്പ ഗവ.ഹൈസ്കൂളിലെ റിട്ട.അധ്യാപിക ഒഴുക്കില്‍പ്പെട്ടു. വെളളരിക്കുണ്ട് കൂരാക്കുണ്ടില്‍ താമസിക്കുന്ന രവീന്ദ്രന്റെ ഭാര്യ ലത(58)യാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. ചാലിന് സമീപത്താണ് ഇവരുടെ വീട്. രാവിലെ ചാലിന്റെ ഭാഗത്ത് ഇവര്‍ പോയിരുന്നു. ഈ സമയത്താണ് ഉരുള്‍പ്പൊട്ടി മലവെള്ളം ഒഴുകി വന്നത്. ഇതിന് ശേഷമാണ് ഇവരെ കാണാതായത്. ഫയര്‍ഫോഴ്സിന്റെയും നാട്ടുകാരുടെയും സിവില്‍ഡിഫന്‍സ് അംഗങ്ങളുടെയും നേതൃത്വത്തില്‍ തിരച്ചില്ആരംഭിച്ചിട്ടുണ്ട്. മലവെള്ളപാച്ചലില്‍ ചുള്ളി സി.വി.കോളനി റോഡ് പൂര്‍ണ്ണമായും തകര്‍ന്നു. ഈ പ്രദേശം ഒറ്റപ്പെട്ടു.
18 കുടുംബങ്ങളെ ചുള്ളി ഗവ.എല്‍പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു.സബ്ബ്കളക്ടര്‍ ആര്.മേഘശ്രീ ഐഎഎസ് ദുരിതാശ്വാസക്യാമ്പ് സന്ദര്‍ശിച്ചു സ്ഥിതി ഗതികള്‍ വിലയിരുത്തി.18 കുടുംബങ്ങളിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പേര്‍ക്കും ദുരിതാശ്വാസ ക്യാമ്പില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി.12 കുട്ടികളും 23സ്ത്രീകളും 14 പുരുഷന്മാരുമാണ് ക്യാമ്പിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: