ലാഹോര്‍: പാകിസ്ഥാനിലെ ലാഹോറിലുള്ള പ്രശസ്തമായ വാല്മീകി ക്ഷേത്രം തിരിച്ചു പിടിച്ച് ഹിന്ദു സമൂഹം. ഏറെക്കാലത്തെ നിയമവ്യവഹാരത്തിനൊടുവിലാണ് ഉന്നത സിവില്‍ കോടതി ക്ഷേത്രം ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കാന്‍ ഉത്തരവിട്ടത്. 1,200ലധികം വര്‍ഷം പഴക്കമുള്ള വാല്മീകി ക്ഷേത്രം ലാഹോറിലെ അനാര്‍ക്കലി ബസാറിലാണ് സ്ഥിതി ചെയ്യുന്നത്. കൈയേറ്റക്കാരെ പുറത്താക്കിയ ശേഷം പുനഃസ്ഥാപിക്കുമെന്ന് രാജ്യത്തെ ന്യൂനപക്ഷ ആരാധനാലയങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ഫെഡറല്‍ ബോഡി വ്യക്തമാക്കി. ഹിന്ദുമതം സ്വീകരിച്ചതായി അവകാശപ്പെടുന്ന ക്രിസ്ത്യന്‍ കുടുംബം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വാല്മീകി ക്ഷേത്രം കൈയടക്കി വച്ചിരിക്കുകയായിരുന്നു. 1992ല്‍, ബാബറി മസ്ജിദ് സംഭവത്തിനു ശേഷം പ്രകോപിതരായ മതമൗലികവാദികള്‍ ആയുധങ്ങളുമായി വാല്മീകി ക്ഷേത്രത്തിലേക്ക് ഇരച്ചുകയറുകയും കൃഷ്ണന്റെയും വാല്മീകിയുടെയും വിഗ്രഹങ്ങള്‍ തകര്‍ത്ത് സ്വര്‍ണം കവരുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് അവസ്ഥ മുതലെടുത്ത് ക്ഷേത്രം കൈയേറിയത്. ആരാധനാലയം മാത്രമല്ല, ദാരിദ്ര്യത്തില്‍ ഉഴലുന്ന പാക് ന്യൂനപക്ഷ ജനതയുടെ അഭയകേന്ദ്രം കൂടിയയിരുന്നു വാല്മീകി ക്ഷേത്രം. ലാഹോറിലെ പ്രശസ്തമായ അനാര്‍ക്കലി ബസാറിനടുത്താണ് ഈ ക്ഷേത്രം. വരും ദിവസങ്ങളില്‍ ‘മാസ്റ്റര്‍ പ്ലാന്‍’ അനുസരിച്ച് വാല്മീകി ക്ഷേത്രം പുനഃസ്ഥാപിക്കുമെന്ന് ഇടിപിബി വക്താവ് അമീര്‍ ഹാഷ്മി വ്യക്തമാക്കി. ലാഹോറിലെ ഏക പ്രവര്‍ത്തനക്ഷമമായ ക്ഷേത്രമാണ് വാല്മീകി ക്ഷേത്രം. ഉത്തരവറിഞ്ഞ് നിരവധി ഹിന്ദു സിഖ് നേതാക്കള്‍ ക്ഷേത്രത്തില്‍ എത്തി ആഹ്ലാദം പങ്കിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: