ന്യൂദല്‍ഹി: കായിക മേഖലയിലെ ഉത്തേജക മരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് രാജ്യസഭയില്‍ പി.ടി. ഉഷയുടെ കന്നിപ്രസംഗം. മുതിര്‍ന്ന കായിക താരങ്ങള്‍ മാത്രമായിരുന്നു മുമ്പ് ആരോപണവിധേയരായിരുന്നതെങ്കില്‍ ഇപ്പോഴത് ജൂനിയര്‍ താരങ്ങളിലേക്ക് വരെ എത്തിയിരിക്കുകയാണെന്നും സ്ഥിതിഗതി ഗുരുതരമാണെന്നും ഉഷ മുന്നറിയിപ്പ് നല്കി. രാജ്യസഭയില്‍ ആന്റി ഡോപ്പിങ് ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ആന്റി ഡോപ്പിങ് പോളിസിയെ പിന്തുണച്ച പി.ടി. ഉഷ, ശക്തമായ നിയമനിര്‍മാണത്തിലൂടെയും നടപടികളിലൂടെയും ഉത്തേജകമരുന്നുപയോഗം ഇല്ലാതാക്കാന്‍ സാധിക്കണമെന്ന് പറഞ്ഞു. മികച്ച കായിക താരങ്ങള്‍ ഉത്തേജക മരുന്നിന് അടിപ്പെടുന്നത് വഴി അവരുടെ ഭാവിയും ജീവിതവും നഷ്ടപ്പെടുത്തുകയാണ്. രാജ്യത്തിന്റെ പ്രതിച്ഛായയെ തകര്‍ക്കാന്‍ ഇതു വഴിവയ്‌ക്കുമെന്നും ഉഷ പറഞ്ഞു.
കായിക താരങ്ങള്‍ക്കും പരിശീലകര്‍ക്കും കായികതാരങ്ങളുടെ രക്ഷിതാക്കള്‍ക്കും ഉത്തേജക മരുന്ന് പ്രയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍ ബോധ്യപ്പെടുത്തണം, ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സി (നാഡ)യുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണം, ദേശീയ ഡ്രഗ് ടെസ്റ്റിങ് ലബോറട്ടറിക്ക് കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം നല്കി മികച്ചതാക്കണം തുടങ്ങിയ ആവശ്യങ്ങളും പി.ടി. ഉഷ മുന്നോട്ട് വച്ചു. എണ്ണൂറ് കായികതാരങ്ങള്‍ പങ്കെടുക്കുന്ന ഇവന്റില്‍ നാഡ എത്തുന്നത് വെറും പത്ത് പരിശോധനാ കിറ്റുകള്‍ കൊïാണെന്നും സാമ്പത്തിക അപര്യാപ്തതയാണ് ഇതിന്റെ പ്രശ്നമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സഭാംഗങ്ങള്‍ കൈയടിയോടെയാണ് രാജ്യസഭയില്‍ ആദ്യമായി പ്രസംഗിക്കാനെത്തിയ പി.ടി. ഉഷയെ സ്വീകരിച്ചത്. പ്രസംഗത്തിനിടെ നിരവധി തവണ അംഗങ്ങള്‍ കൈയടികളുമായി ഉഷയെ പ്രശംസിച്ചു.
ആന്റി ഡോപ്പിങ് ബില്‍ രാജ്യസഭയും പാസാക്കി. രാജ്യത്തെ കായികരംഗത്തിന്റെ ശുദ്ധീകരണത്തിന് വഴിവയ്‌ക്കുന്ന ബില്‍ കായികതാരങ്ങള്‍ക്കും ഉത്തേജക പരിശോധനാ ഏജന്‍സികള്‍ക്കും പ്രയോജനകരമാണെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച ലോക്സഭ പാസാക്കിയതാണ് ഈ ബില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: