കൊച്ചി: കേരള ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനവുമായി സുരേഷ് ഗോപി ചിത്രം. പാപ്പന്‍ റിലീസായി നാലു ദിവസം കൊണ്ട് കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് 13.28 കോടി രൂപയാണ് കളക്ട് ചെയ്തത്. സുരേഷ് ഗോപിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ്ങ് കൂടിയാണിത്. കേരളത്തില്‍ മാത്രമാണ് സിനിമ റിലീസ് ചെയ്തിരുന്നത്.
ആദ്യദിനം കേരളത്തില്‍ നിന്ന് 3.16 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.കേരളത്തില്‍ ആദ്യദിനം 1157 പ്രദര്‍ശനങ്ങളാണ് നടന്നത്. സിനിമ റിലീസ് ചെയ്ത രണ്ടാം ദിനമായ 252 തിയറ്ററുകള്‍ ഹൗസ്ഫുള്ളായിരുന്നു. 136 എക്‌സ്ട്ര ഷോകള്‍ ഇന്നലെ പാപ്പന് വേണ്ടി തന്നെ നടത്തിയിരുന്നു.
സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്തെങ്കിലും സുരേഷ് ഗോപിയുടെ ബോക്‌സോഫീസ് പവറിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് തന്നെയാണ് പാപ്പന്റെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജോഷിസുരേഷ് ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആക്ഷന്‍ ത്രില്ലറാണ് പാപ്പന്‍. ആര്‍.ജെ ഷാനിന്റേതാണ് തിരക്കഥ. ലേലം, പത്രം, വാഴുന്നോര്‍, സലാം കശ്മീര്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജോഷിയും സുരേഷ് ഗോപിയും ഒരുമിക്കുന്നത്. ഗോകുല്‍ സുരേഷ്, അജ്മല്‍ അമീര്‍, ആശ ശരത്, ടിനി ടോം, രാഹുല്‍ മാധവ്, ചന്തുനാഥ്, സാധിക, സജിത മഠത്തില്‍, നന്ദു, കനിഹ, നൈല ഉഷ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.
ശ്രീഗോകുലം മുവീസിന്റെയും ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെയും ഇഫാര്‍ മീഡിയയുടെയും ബാനറില്‍ ഗോകുലം ഗോപാലനും ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ഗള്‍ഫ് മേഖലകളില്‍ ചിത്രം നാളെ മുതലാണ് പ്രദര്‍ശനം തുടങ്ങുക. ജിസിസി മേഖലകളിലെ അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളിലും ഒപ്പം ജിസിസി, യുഎസ് മാര്‍ക്കറ്റുകളിലും സിനിമ നാളെ പ്രദര്‍ശനത്തിനെത്തും. ആദ്യ വാരം കേരളത്തില്‍ നിന്ന് പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ചതിനാല്‍ വിദേശ മലയാളികളില്‍ നിന്നും ചിത്രത്തിന് മികച്ച വരവേല്‍പ്പ് ലഭിക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ. ജിസിസിക്കൊപ്പം യുഎസിലും മികച്ച സ്‌ക്രീന്‍ കൗണ്ട് ആണ് ചിത്രത്തിന്.
ലോസ് ഏഞ്ചലസ്, അറ്റ്‌ലാന്റ, ബോസ്റ്റണ്‍, ഡെട്രോയിറ്റ് തുടങ്ങി പ്രമുഖ നഗരങ്ങളിലെല്ലാം പാപ്പന് റിലീസ് ഉണ്ട്. ആകെ യുഎസിലെ 58 നഗരങ്ങളിലെ 62 സ്‌ക്രീനുകളിലാണ് ചിത്രം എത്തുക. യുഎസിലെ തിയറ്റര്‍ ലിസ്റ്റും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം കേരളത്തില്‍ ചിത്രം നേടിയ മികച്ച കളക്ഷന്‍ കണ്ട് റെസ്റ്റ് ഓഫ് ഇന്ത്യ വിതരണാവകാശമായി മികച്ച തുകയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. യുഎഫ്ഒ മൂവീസ് ആണ് റെസ്റ്റ് ഓഫ് ഇന്ത്യ റൈറ്റ്‌സ് നേടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: