ന്യൂദല്‍ഹി: ഹര് ഘര്‍ തിരംഗയുടെ ആവേശത്തില്‍ പഴയ ഒരു മഹാഭാരത കഥ അയവിറക്കിയത് കേന്ദ്ര സാംസ്കാരിക മന്ത്രി ജി. കിഷന് റെഡ്ഡി. ഹനുമാനെ കുരുക്ഷേത്രയുദ്ധവുമായി ബന്ധപ്പെടുത്തുന്നതാണ് ഈ കഥ.
ദുര്യോധനനെ തോല്പിച്ചത്തോടെ കുരുക്ഷേത്രയുദ്ധം അവസാനിച്ചു. ശ്രീകൃഷ്ണന് തേരില്‍ അര്‍ജുനനെ കൂട്ടി യുദ്ധഭൂമിയുടെ ഒരു മൂലയിലേക്ക് പോയി. പിന്നീട് കൃഷ്ണന് കുതിരകളെ അഴിച്ച് വിട്ട് സ്വതന്ത്രരാക്കി. അര്‍ജ്ജുനനെയും കൂട്ടി തേരില്‍ നിന്നും പരമാവധി ദൂരേയ്ക്ക് നടന്നു.
അതുവരെ തേരിന്റെ മുകളില്‍ ഉയര്‍ന്നു പറന്നിരുന്ന പതാകയില്‍ നിന്നും ഹുനുമാന് അപ്രത്യക്ഷമായതോടെ പതാക ശൂന്യമായി വെറും ഒരു തുണിക്കഷണമായി കാറ്റില്‍ പാറിക്കൊണ്ടിരുന്നു. അല്പനേരത്തിന് ശേഷം തേര് പൊട്ടിത്തെറിച്ച് വെറും കനല്‍ക്കട്ടകളായി.
പിന്നീട് ശ്രീകൃഷ്ണന് അര്ജുനനോട് രഥത്തിന് മുകളില്‍ ഉയര്‍ന്നു പറന്നിരുന്ന പതാകയുടെ കരുത്തിന്റെ, ശക്തിയുടെ, പ്രതിരോധത്തിന്റെ രഹസ്യം പറയാന്‍ തുടങ്ങി: “വാസ്തവത്തില്‍ ഭീഷ്മരും ദ്രോണരും കര്‍ണ്ണനും പ്രയോഗിച്ച് ദിവ്യായുധങ്ങള്‍ പതിച്ച് ഈ തേര് ഇതിന് മുന്‍പേ തകരേണ്ടതായിരുന്നു. എന്നാല്‍ തേരിന് മുകളിലെ പതാകയിലിരുന്ന ഹനുമാന്റെ സാന്നിധ്യമാണ് ഈ ആയുധങ്ങളെയെല്ലാം നിര്‍വ്വീര്യമാക്കിയത്. “
“ഈ സ്വാതന്ത്ര്യത്തിന് ഓരോ വീട്ടിലും പതാക ഉയര്‍ത്തുമ്പോള്‍ ഈ പതാകയുടെ കഥയും എല്ലാവരും ഓര്‍ക്കണം, ” – കേന്ദ്രമന്ത്രി കിഷന് റെഡ്ഡി ഓര്‍മ്മിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: