ഐഎസ് ഭീകരന് സാദിക്ക് ബച്ചയുടെ കേരള സാന്നിധ്യം. കര്‍ണാടകയിലെ ബുര്‍ക്ക സമരം. അഫ്ഗാനിസ്ഥാനിലെ സുവാഹിരി വധം ഇവ മൂന്നും പരസ്പരബന്ധമുണ്ടോ? ഇല്ലെന്ന് ഒറ്റനോട്ടത്തില്‍ പറയാം. പക്ഷേ, അങ്ങിനെ ഉറപ്പിക്കാന്‍വരട്ടെ. തമിഴ്നാട്ടിലെ ഭീകരന് സാദ്ദിഖ് ബച്ച എന്ന ഇക്കാമ സാദ്ദിഖ് തലസ്ഥാനത്ത് തമ്പടിച്ചിരുന്നു എന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. രാജ്യദ്രോഹകേസില്‍ അറസ്റ്റിലായശേഷവും ഇയാള്‍ തലസ്ഥാനത്ത് താമസിച്ചു. രണ്ടു വര്‍ഷത്തോളം നിത്യസന്ദര്‍ശകനായിരുന്നു. സാദ്ദിഖ് ബച്ചയുടെ കേരള സന്ദര്‍ശനം സംബന്ധിച്ച് എന്‍ഐഎ വിവരം കൈമാറിയിട്ടും കേരളപോലീസ് കാര്യമായി നിരീക്ഷിച്ചില്ലെന്ന പരാതിയും ഉയര്‍ന്നു.
2018 ലാണ് വട്ടിയൂര്‍ക്കാവ് കല്ലുമല എംആര്‍എ 33 തെന്നല്‍വീട്ടില്‍ സുനിത സുറുമി(22)യെ ചെന്നൈയില്‍ സാദ്ദിഖ് ബച്ച വിവാഹം കഴിച്ചത്. സുനിത സുറുമിയുടെ അമ്മയുടെ ചെന്നൈയിലുള്ള സഹോദരി വഴിയാണ് സാദ്ദിഖ് ബച്ചയുമായി വിവാഹം നടക്കുന്നത്. സാദ്ദിഖ് ബച്ചയുടെ രണ്ടാം വിവാഹം ആയിരുന്നു. തുടര്‍ന്ന് തമിഴ്നാട്ടിലെ മയിലാടുതുറയിലേക്ക് താമസം മാറി. 10 മാസം കഴിഞ്ഞപ്പോള്‍ സാദ്ദിഖ് ബച്ച അറസ്റ്റിലായി. തുടര്‍ന്ന് ജയിലിലായി. ഇതോടെ സുനിത സുറുമി വട്ടിയൂര്‍ക്കാവിലേക്ക് തിരികെ എത്തി. ജയിലില്‍ നിന്നും ഇറങ്ങിയ സാദ്ദിഖ് ബച്ച വട്ടിയൂര്‍ക്കാവിലേക്ക് എത്തി. വട്ടിയൂര്‍ക്കാവിലെ മഞ്ചാടിമൂട്, തോപ്പുമുക്ക് എന്നിവടങ്ങളില്‍ വാടകയ്ക്ക് താമസിച്ചു. തമിഴ്നാട്ടിലെ നദൂരില്‍ കച്ചവടം നടത്തിയിരുന്ന ഇയാള്‍ വട്ടിയൂര്‍ക്കാവിലെ നിത്യസന്ദര്‍ശകനായിരുന്നു. വട്ടിയൂര്‍ക്കാവില്‍ നിത്യസന്ദര്‍ശകനായിരിക്കെയാണ് 2022 ഫെബ്രുവരി 21 ന് തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്യുന്നതും പിന്നാലെ എന്‍ഐഎ കേസ് ഏറ്റെടുക്കുന്നതും.
തീവ്രവാദ ബന്ധമുള്ള സാദ്ദിഖ് ബച്ചയുടെ കേരള ബന്ധത്തെ കുറിച്ച് ഇയാളുടെ വിവാഹം കഴിഞ്ഞ 2018 മുതല്‍ എന്‍ഐഎ കേരള പോലീസിനെ അറിയിച്ചിരുന്നു എന്നാണ് വിവരം. ചിത്രവും വിലാസവും അടക്കം നല്കി. സംസ്ഥാനപോലീസിന്റെ ആന്റി ടെററിസ്റ്റ് സ്ക്വാഡോ രഹസ്യാന്വേഷണ വിഭാഗമോ കാര്യമായി അന്വേഷിച്ചിരുന്നില്ല. ഈവര്‍ഷം ഫെബ്രുവരിയില്‍ അറസ്റ്റിലായ ശേഷവും എന്‍ഐഎ വിവരം കൈമാറി. എന്നിട്ടും സംസ്ഥാനത്തെ ആന്റി ടെററിസ്റ്റ് സ്ക്വാഡ്പോലും കാര്യമായ അന്വേഷണം നടത്തിയിട്ടില്ല. ഇവിടെയാണ് കേരളത്തിന്റെ മികവ് (?) പ്രകടമാകുന്നത്.
2011ല്‍ ഉസാമ ബിന്‍ ലാദനെ യുഎസ് വധിച്ചതിനുശേഷം അല്‍ ഖായിദയുടെ തലപ്പത്ത് എത്തിയ സവാഹിരി കൊല്ലപ്പെട്ടതായി മുന്‍പ് പലപ്പോഴും റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇതിനു പിന്നാലെ വിഡിയോ സന്ദേശങ്ങളുമായി സവാഹിരി വീണ്ടും രംഗത്തുവന്നിരുന്നു. സെപ്റ്റംബര്‍ 11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലും 1998ല്‍ ടാന്‍സാനിയയിലും കെനിയയിലും യുഎസ് എംബസികള്‍ ലക്ഷ്യമാക്കി നടന്ന ബോംബാക്രമണങ്ങളിലും സവാഹിരിക്കു പങ്കുള്ളതായി യുഎസ് കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നു.
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബുര്‍ഖ ധരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം പരാമര്‍ശിച്ച് ഏപ്രിലില്‍ സവാഹിരിയുടേതായി ഒരു വിഡിയോ പുറത്തുവന്നിരുന്നു. സമകാലിക വിഷയത്തെ പരാമര്‍ശിച്ച് നടത്തിയ പരാമര്‍ശമാണ് സവാഹിരി ജീവിച്ചിരിക്കുന്നുവെന്ന് യുഎസ് രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ക്ക് ഉറപ്പ് നല്‍കിയതെന്നു സൂചനയുണ്ട്. ഇതില്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണങ്ങളാണ് അഫ്ഗാനിസ്ഥാനിലേക്കു നീണ്ടത്.
വധിക്കാനുള്ള ആസൂത്രണത്തിന്റെ ഭാഗമായി സവാഹിരി കാബൂളില്‍ താമസിച്ചു വന്ന വീടിന്റെ ചെറുമാതൃകയും വൈറ്റ് ഹൗസിലെ ‘സിറ്റുവേഷന് റൂമി’ല്‍ നടത്തിയ ചര്‍ച്ചകളില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് വിലയിരുത്തി. സവാഹിരി തന്നെയാണ് കാബൂളിലെ വസതിയിലുള്ളതെന്നു സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് ഏപ്രിലിലാണു ബൈഡനു കൈമാറുന്നത്.
സവാഹിരിക്കു പിന്തുണ നല്കുന്ന ശൃംഖല കാബൂളില്‍ ഉണ്ടെന്ന തിരിച്ചറിവിനു പിന്നാലെ നടത്തിയ അന്വേഷണങ്ങളാണു ഭാര്യയ്ക്കും മകള്‍ക്കും അവരുടെ കുട്ടികള്‍ക്കും ഒപ്പം സവാഹിരി ഈ വീട്ടിലുണ്ടെന്ന സൂചനകളിലേക്ക് നയിച്ചത്. ഈ വിവരം നിരന്തര അന്വേഷണങ്ങളിലൂടെ യുഎസ് രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. ഈ വസതിയുടെ രൂപരേഖ തയാറാക്കി നടത്തിയ നിരീക്ഷണങ്ങളിലാണു ബാല്‍ക്കണിയില്‍ സ്ഥിരമായി ചില സമയങ്ങളില്‍ സവാഹിരി എത്താറുണ്ടെന്ന നിര്‍ണായക വിവരം രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തുന്നത്.
സവാഹിരി താമസിച്ച വീടിന്റെ രൂപരേഖ നിര്‍ണായകമായതും ഈ സാഹചര്യത്തിലാണ്. പ്രസിഡന്റിനു മുന്നില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടുകളിലും പഴുതടച്ച ആസൂത്രണമികവ് ഉറപ്പാക്കാന്‍ സിഐഎ ഉന്നത കേന്ദ്രങ്ങള്‍ ശ്രമിച്ചു. മേയ്, ജൂണ്‍ മാസങ്ങളില്‍ നടത്തിയ വിലയിരുത്തലുകള്‍ അതാതു സമയങ്ങളില്‍ ബൈഡനെ അറിയിക്കുന്നതിലും സിഐഎ ഡയറക്ടര്‍ ബില്‍ ബേണ്‍സ്, ഡയറക്ടര്‍ ഓഫ് നാഷനല്‍ ഇന്റലിജന്‍സ് അവ്റില്‍ ഹെയിന്‍സ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്, ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ഫിന്നര്‍, ഹോംലാന്‍ഡ് സെക്യൂരിറ്റി ഉപദേഷ്ടാവ് ലിസ് ഷെര്‍വുഡ് റാന്‍ഡല്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ‘നിര്‍ണായക സംഘം’ ശ്രദ്ധിച്ചു. ഒടുവില്‍ ജൂലൈ ഒന്നിന് വൈറ്റ്ഹൗസിലെ സിറ്റുവേഷന് റൂമില്‍ ചേര്‍ന്ന നിര്‍ണായക വിലയിരുത്തലിലും ഇവര്‍ ഇഴകീറിമുറിച്ച് നീക്കങ്ങള്‍ പ്രസിഡന്റിനോടു വിശദമാക്കി.
സവാഹിരി താമസിച്ച വീടിന്റെ നിര്‍മാണരീതി, പ്രദേശത്തെ കാലാവസ്ഥ തുടങ്ങിയ വിശദാംശങ്ങള്‍ പോലും ബൈഡന് രഹസ്യാന്വേഷണ ഉന്നതസംഘത്തില്‍ നിന്ന് ചോദിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. സാധാരണക്കാരുടെ മരണം കഴിവതും ഒഴിവാക്കി വേണം സവാഹിരിയെ വധിക്കാനുള്ള നീക്കം നടപ്പാക്കാനെന്നതാണ് ബൈഡന് പ്രധാനമായും ആവശ്യപ്പെട്ടത്.
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ആസൂത്രണം നടത്തിയ ‘തലച്ചോറു’കളെ തകര്‍ത്ത യുഎസിന്റെ രണ്ട് നിര്‍ണായക നീക്കങ്ങളിലും വൈറ്റ്ഹൗസില്‍ ബൈഡന്റെ സാന്നിധ്യമുണ്ടായെന്നതും മറ്റൊരു പ്രത്യേകത. 2011 ല്‍ ഉസാമ ബിന്‍ ലാദനെ വധിക്കുന്നത് സിറ്റുവേഷന് റൂമില്‍ നിന്ന് വീക്ഷിച്ച യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്കൊപ്പം വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ ചിത്രം ഏറെ പ്രശസ്തമായിരുന്നു.
അല്‍ഖായിദയില്‍ ലാദനു ശേഷം തലപ്പത്തെത്തിയ സവാഹിരിയെ വധിച്ച വിവരം വൈറ്റ്ഹൗസില്‍ അറിയിക്കുമ്പോള്‍ അദ്ദേഹം പ്രസിഡന്റിന്റെ വേഷത്തിലാണ്. ഡ്രോണ്‍ ഉപയോഗിച്ച് പരമാവധി ജീവഭയം ഒഴിവാക്കി സവാഹിരിയുടെ വധം കൂടിയായപ്പോള്‍ ഇടിവ് നേരിടുന്ന ബൈഡന്റെ ജനപ്രീതി ഉയരുകയാണത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: