വാഷിംഗ്ടണ്‍: ഒരിയ്ക്കലും തയ് വാന്‍ സന്ദര്‍ശിക്കരുതെന്ന ചൈനയുടെ ഭീഷണി വകവെയ്ക്കാതെ യുഎസ് സ്പീക്കര്‍ നാന്‍സി പെലോസി ഏതാനും മണിക്കൂറുകള്‍ക്കകം തയ് വാനിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഇതിനെ നേരിടാന്‍ തയ് വാനിലേക്ക് ചൈനയുടെ യുദ്ധ വിമാനങ്ങള്‍ പുറപ്പെട്ടു കഴിഞ്ഞു. ഇതിനെ നേരിടാന്‍ തയ് വാന്റെ കിഴക്കന്‍ മേഖലയില്‍ അമേരിക്ക നാല് പടക്കപ്പലുകളെ വിന്യസിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. തീ കൊണ്ട് കളിച്ചാല്‍ പൊള്ളുമെന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ വെല്ലുവിളി തള്ളിക്കളഞ്ഞാണ് യുഎസിന്റെ നീക്കം.
റഷ്യയെ പിന്തുണയ്ക്കുന്ന ചൈനയുടെ നിലപാടിനെ എതിര്‍ക്കുന്ന യുഎസിന് ചൈനയെ ഒതുക്കാന്‍ കിട്ടുന്ന ഏറ്റവും നല്ല സന്ദര്‍ഭമാണിത്. കാരണം ഇപ്പോള്‍ ഒരു സംഘര്‍ഷമുണ്ടായാല്‍ റഷ്യയ്ക്ക് ഇടപെടാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.നാന്‍സി പെലോസി തയ് വാന്‍ സന്ദര്‍ശിച്ചാല്‍ ചൈന ഏതറ്റം വരെ പോകും എന്ന് നിരീക്ഷിക്കുക കൂടി അമേരിക്കയുടെ ലക്ഷ്യമാണ്. ഇതില്‍ നിന്നും ചൈനയുടെ കരുത്തും യുദ്ധവീര്യവും അളക്കാന്‍ കഴിയുമെന്നും അമേരിക്ക കണക്കു കൂട്ടുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ പിരുമുറക്കം ഒരു സുവര്‍ണ്ണാവസരവുമാണ്. ചൈനയുടെ അധിനിവേശത്തെയും ലോകസാമ്രാജ്യത്വവികസനത്തെയും തടയാന്‍ കഴിയുന്ന അവസരം. അങ്ങിനെ മൂന്നാം ലോകമഹായുദ്ധത്തിന് അരങ്ങൊരുങ്ങിയോ എന്ന് രാഷ്ട്രതന്ത്രജ്ഞര്‍ ചോദിച്ചത് യാഥാര്‍ത്ഥ്യമാവുകയാണോ? റഷ്യ-ഉക്രൈന് പോരാട്ടം തുടരുന്നതിനിടയില്‍ ഒരു ചൈന- യുഎസ് സംഘര്‍ഷം കൂടിയായാല്‍ ലോകമാകെ രണ്ട് ചേരിയാകുമെന്നുറപ്പ്.
യുഎസ് സ്പീക്കര്‍ നാന്‍സി പെലോസി തയ് വാന്‍ സന്ദര്‍ശിക്കുന്നതിനെച്ചൊല്ലി ചൈനയും യുഎസും തമ്മില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി സംഘര്‍ഷം തുടരുകയായിരുന്നു. ചൈനയെ ഞെട്ടിച്ചുകൊണ്ടാണ് ഇപ്പോള്‍ നാന്‍സി പെലോസി ഉടന്‍ തയ് വാന്‍ സന്ദര്‍ശിക്കുമെന്ന വാര്‍ത്ത പരക്കുന്നത്. ഏറ്റവും വലിയ ദുസ്വപ്നത്തിലേക്ക് ചൈന ഞെട്ടിയുണരുകയാണ്. ചൊവ്വാഴ്ച രാത്രി തയ് വാനില്‍ നാന്‍സി പെലോസി തയ് വാന്റെ തലസ്ഥാനമായ തായ് പേയില്‍ എത്തിച്ചേരുമെന്നാണ് തയ് വാനിലെ പ്രമുഖ ടെലിവിഷന്‍ ചാനലിന്റെ വിദേശകാര്യ കറസ് പോണ്ടന്റായ ടിങ്ടിങ് ലിയു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് ശരിയാവുകയാണ്. അങ്ങിനെയെങ്കില്‍ തയ് വാനില്‍ കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ എത്തിച്ചേരുന്ന ഒരു യുഎസ് പ്രതിനിധിയായി നാന്‍സി പെലോസി മാറും. ഇത് ചൈന- യുഎസ് യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആകാംക്ഷയില്‍ ഉറ്റുനോക്കുകയാണ് ലോകം. .
നാന്‍സി പെലോസി തയ് വാന്‍ സന്ദര്‍ശിക്കുമെന്ന് ഏതാനും ആഴ്ചകള്‍ മുന്‍പ് പ്രഖ്യാപിച്ച ഉടന്‍ ചൈനിസ് പ്രസിഡന്റ് ഷി ജിന്‍പിങ് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ഫോണില്‍ വിളിച്ച് ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ചൈനയുടെ അവിഭാജ്യ ഭാഗമാണ് തയ് വാന്‍ എന്നതാണ് ചൈനയുടെ നയം. ഈ നയത്തെ വെല്ലുവിളിച്ച് തയ് വാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ കൂട്ടുനിന്നാല്‍ തിരിച്ചടിക്കുമെന്ന ചൈനയുടെ തീരുമാനം ഷീ ജിന്‍ പിങ് ജോ ബൈഡനെ അറിയിച്ചിരുന്നു.
നാന്‍സി പെലോസി സന്ദര്‍ശനത്തിന് പുറപ്പെട്ടാല്‍ തങ്ങളുടെ മേഖല സംരക്ഷിക്കാന്‍ തയ് വാന്‍ ചുറ്റും യുദ്ധവിമാനങ്ങള്‍ പറത്തുമെന്നാണ് ചൈന പരസ്യമായി നല്‍കിയിരിക്കുന്ന താക്കീത് . നാന്‍സി പെലോസി തയ് വാന്‍ സന്ദര്‍ശിച്ചാല്‍ ഉറച്ച നടപടികള്‍ ദൃഢനിശ്ചയത്തോടെ കൈക്കൊള്ളുമെന്നാണ് ചൈനയുടെ വിദേശകാര്യമന്ത്രി സാവോ ലിജിയന്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ യുഎസ് സ്പീക്കറായ നാന്‍സി പെലോസി പറക്കുന്ന വിമാനം തടഞ്ഞ് ഒരു നേരിട്ടുള്ള ഏറ്റുമുട്ടലിന് ചൈന മുതിരില്ലെന്ന് യുഎസ് വിശ്വസിക്കുന്നു. പകരം നാന്‍സിയുടെ വിമാനത്തിന് ചുറ്റുമായി ചൈനീസ് യുദ്ധവിമാനങ്ങള്‍ എസ്കോര്‍ട്ടായി പറന്നേക്കുമെന്ന് യുഎസ് കണക്കുകൂട്ടുന്നു. അതിനപ്പുറം എന്തെങ്കിലും സംഭവിച്ചാല്‍ യുഎസ് തിരിച്ചടിക്കുമെന്നുറപ്പാണ്. അതേ സമയം പണ്ട് ജോര്‍ജ്ജ് ബുഷ് പ്രസിഡന്റായിരുന്ന കാലത്ത് ഒരു അമേരിക്കന്‍ ചാരവിമാനം ചൈനീസ് വിമാനം ഇടിച്ചിട്ട സംഭവം ഉണ്ടായിട്ടുണ്ട്. അതായത് അപ്രതീക്ഷിതമായി എങ്ങിനെയും ചൈന പ്രവര്‍ത്തിച്ചുകളയും എന്ന ആശങ്ക യുഎസിനുണ്ട്. പക്ഷെ ചൈനയെ പിന്തുണയ്ക്കാന്‍ ഒരിയ്ക്കലും റഷ്യ എത്തില്ലെന്ന ഉറപ്പ് യുഎസിനുണ്ട്.
ചൈന എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഷീ ജിന്‍പിങ്ങിന്റെ മുഖം നഷ്ടമാകും. കാരണം ചൈന അവരുടെ അവിഭാജ്യ ഘടകമാണെന്ന് പ്രഖ്യാപിച്ച തയ് വാനിലേക്ക് ഒരു യുഎസ് സ്പീക്കര്‍ കടന്നുവരുമ്പോള്‍ യുദ്ധത്തില്‍ കുറഞ്ഞ ഒരു പ്രതികരണം ചൈനയ്ക്ക് ചേരില്ല. അത് ചൈനയെ ലോകരാഷ്ട്രങ്ങള്‍ പുച്ഛിക്കുന്നതിലേക്കെത്തിക്കും.
എന്തായിരിക്കും ചൈനീസ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതെന്ന് കൃത്യമായ ഒരു പിടിയും യുഎസിനില്ല. യുഎസ് ആയുധങ്ങള്‍ നല്കി തയ് വാനെ ചൈനയ്ക്കെതിരായ ശക്തിയാക്കി മാറ്റുമോ എന്ന ഭയം ചൈനയ്ക്കുണ്ട്. ഇപ്പോള്‍ ഉക്രൈന് ആയുധങ്ങള്‍ വാരിക്കോരി റഷ്യയ്ക്കെതിരെ ചങ്കുറപ്പോടെ നിര്‍ത്തുന്നത് യുഎസ് ആണെന്ന് ചൈനയ്ക്ക് നന്നായി അറിയാം.
നാന്‍സി പെലോസി ഏഷ്യയിലെ ഏതാനും രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയാണ്. ഈ പര്യടനത്തിന്റെ ഭാഗമായി നാന്‍സി പെലോസി തന്റെ ഏഷ്യാ പര്യടനം ആഗസ്ത് ഒന്നിന് തിങ്കളാഴ്ച സിംഗപ്പൂരില്‍ തുടങ്ങിവെയ്ക്കുകയും ചെയ്തു. സിംഗപ്പൂരില്‍ നിന്നും നേരിട്ട് തയ് വാനിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്.
ചൈന നടത്തുന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ പൊരുതിയ ചരിത്രമുള്ള വ്യക്തിയാണ് നാന്‍സി പെലോസി. 31 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടിയാനന്മെന് ചത്വരം സന്ദര്‍ശിച്ച് അവിടെ ബാനര്‍ ഉയര്‍ത്തിയിട്ടുണ്ട്. വ്യക്തിയാണ് നാന്‍സി. ഇത് ചൈനീസ് സൈന്യത്തെ ചൊടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: