ഇപ്പോള്‍ വാക്കുകളിലെ താരം ‘നാക്കുപിഴ’യാണ്! മാധ്യമങ്ങളില്‍ പണ്ടൊക്കെ വല്ലപ്പോഴുമേ ഈ ‘പിഴ’യെ കാണാറുള്ളൂ. ഈ ദാരിദ്ര്യം ‘നിര്‍മാര്‍ജനം’ ചെയ്തത് ‘ജനനാക്കാ'(പേടിക്കേണ്ട, ‘ജനജിഹ്വ’യെ ലളിതമാക്കിയതാണ്)യി സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ചില രാഷ്ട്രീയനേതാക്കളാണ്. ഇവരില്‍ നാക്കുപിഴയ്ക്കുന്നവരും നാക്കിനെ പിഴപ്പിക്കുന്നവരുമുണ്ട്. തങ്ങളുടെ ഏതെങ്കിലും അധിക്ഷേപ പ്രയോഗത്തില്‍ വ്യാപകമായ പ്രതിഷേധമുണ്ടായാല്‍ പലരും ‘നാക്കുപിഴ’യില്‍ അഭയം തേടും. ചിലര്‍ നാക്കുപിഴ ശീലമാക്കിയിട്ടുള്ളവരാണ്! ഇക്കൂട്ടര്‍ ആരെക്കുറിച്ചും എന്തും പറയും! ‘നാക്കുപിഴ’യാണെന്നുപറഞ്ഞാല് പ്രസ്താവം പിന്‍വലിക്കുകയോ മാപ്പുചോദിക്കുകയോ വേണ്ട! വിവാദപ്രസ്താവനകളുണ്ടായി ഏറെ നാള് കഴിഞ്ഞാണ് ചിലര്‍ ‘നാക്കുപിഴ’കളുടെ ലിസ്റ്റ് പുറത്തിറക്കുന്നത്! ‘ആ പരാമര്‍ശം നാക്കുപിഴയെന്ന് മന്ത്രി’, ‘നാക്കുപിഴ സ്വാഭാവികമെന്ന് നേതൃയോഗം’. ഇത്തരം വാര്‍ത്തകള്‍ സാധാരണമായി. ‘നാക്കുപിഴരോഗം’ രോഗിക്കല്ല, മറ്റുള്ളവര്‍ക്കാണ് വിഷമതകളുണ്ടാക്കുന്നത്. ഇതിന് ചികിത്സയോ പ്രതിരോധമോ കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
മുഖപ്രസംഗങ്ങളില്‍ നിന്ന്:
”… ജീവല്‍ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം തുടര്‍ച്ചയായി നിഷേധിച്ചതിനെതിരെ പ്രതിഷേധിച്ചതിനാണ് പാര്‍ലമെന്റിലെ സസ്പെന്ഷന്”
‘എതിരെ പ്രതിഷേധം’ വേണ്ട. അനുകൂലമായി പ്രതിഷേധിക്കാറില്ലല്ലോ. ‘നിഷേധിച്ചതില്‍ പ്രതിഷേധിച്ചതിനാണ്’ എന്നുമതി.
‘വിനാശകരമായ നയങ്ങള്‍ക്കെതിരായ വമര്‍ശനം ഉന്നയിക്കുന്നത് തടയുകയാണ്.’
‘എതിരെ വിമര്‍ശനം’ വേണ്ട
‘………. വിനാശകരമായ നയങ്ങളെ വിമര്‍ശിക്കുന്നത് തടുകയാണ്’ എന്നാക്കാം.
”ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കാനും പാര്‍ലമെന്റിനെ മോദിസര്‍ക്കാര്‍ നോക്കുകുത്തിയാക്കുന്നതിനുമെതിരെ ജനങ്ങളെ അണിനിരത്തി യോജിച്ച പോരാട്ടം ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് അനിവാര്യമാണ്.’
അര്ത്ഥവ്യക്തതയില്ലാത്ത വാക്യം.
‘…ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കാനും നോക്കുകുത്തിയാക്കുന്നതു തടയാനും… എന്നുവേണം.
‘ആദ്യരോഗിയുടെ കാര്യത്തില്‍ റൂട്ട്മാപ്പ് തയ്യാറാക്കിയതിലും സമ്പര്‍ക്കത്തില്‍ ഉണ്ടായവരെ കണ്ടെത്തുന്നതില്‍ പിഴവുവന്നതായും റിപ്പോര്‍ട്ടുകളുണ്ട്.”
‘…റൂട്ട്മാപ്പ് തയ്യാറാക്കിയതിലും സമ്പര്‍ക്കത്തില്‍ ഉണ്ടായവരെ കണ്ടെത്തുന്നതിലും പിഴവുവന്നതായി റിപ്പോര്‍ട്ടുകളുണ്ട്.’ എന്നാണ് വേണ്ടത്.
‘വിവിധ തലങ്ങളിലെ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതുകൂടി ജനാധിപത്യപരമാക്കുന്നില്ലെങ്കില് അര്‍ഹരായ പലരും തഴയപ്പെടുകയും വീതംവെപ്പെന്ന ആക്ഷേപം തുടരുന്നതിനുമിടയാക്കും.’
‘…അര്‍ഹരായ പലരും തഴയപ്പെടുന്നതിനും…’ എന്നായാലേ വാക്യഘടന ശരിയാകൂ. അല്ലെങ്കില്‍ ‘അര്‍ഹരായ പലരും തഴയപ്പെടുകയും വീതംവെപ്പെന്ന ആക്ഷേപം തുടരുകയും ചെയ്യും എന്നാക്കണം.
വാര്‍ത്തകളില്‍ നിന്ന്:
‘ഉദ്യോഗസ്ഥപീഢനം;
ഏകോപന സമിതിയുടെ കളക്ട്രേറ്റ് മാര്‍ച്ച്.
പീഢനം തെറ്റ് പീഡനം ശരി.
‘തുടര്‍ച്ചയായി രണ്ടാംദിവസവും കാട്ടാനശല്യം’
‘തുടര്‍ച്ചയായി’ ഒഴിവാക്കാം.
‘കടമ്പ്രയാറും പരിസരങ്ങളും
കോര്‍പറേറ്റുകള്‍ കൈയ്യടക്കി’
‘കൈയടക്കി’ അല്ലെങ്കില്‍ ‘കയ്യടക്കി’ എന്നാണ് വേണ്ടത്.
‘നിരോധിച്ച പ്ലാസ്റ്റിക്
ഉപയോഗത്തിനെതിരെ
ശിക്ഷാനടപടി’
‘എതിരെ’ ആവശ്യമില്ല. നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗത്തിന് ശിക്ഷ’ എന്നോ’ ‘ഉപയോഗിച്ചാല്‍ ശിക്ഷ’ എന്നോ മതി.
‘സംസ്കൃത സര്‍വകലാശാല:
ഓഗസ്റ്റ് 8 മുതല്‍ ക്ലാസ് തുടങ്ങും’
മുതല്‍, തുടങ്ങും ഇവ ഒന്നുമതി
ഓഗസ്റ്റ് എട്ടിന് ക്ലാസ് തുടങ്ങും.
പിന്കുറിപ്പ്
അധ്യാപകന്: പറഞ്ഞ ഉത്തരങ്ങളെല്ലാം തെറ്റാണല്ലോ?
വിദ്യാര്‍ഥി: നാക്കുപിഴയായി കരുതി, മാര്ക്കുതരണം സാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: