മക്കളേ,
രാമന്‍ ഈശ്വരനാണോ മനുഷ്യനാണോ എന്നു ചിലര്‍ ചോദിക്കാറുണ്ട്. വാസ്തവത്തില്‍ ജീവനും ഈശ്വരനും ഒന്നുതന്നെ. ജീവന്റെ പരിമിതികള്‍ അതിക്രമിച്ച മനുഷ്യന്‍ ഈശ്വരന്‍ തന്നെയെന്നു പറയുന്നതില്‍ തെറ്റില്ല. ഒരു മനുഷ്യന്‍ ഈശ്വരപദത്തിലേക്ക് എങ്ങനെ ഉയരണം എന്നു പഠിപ്പിക്കാന്‍ തന്നെയാണ് ഈശ്വരന്‍ മനുഷ്യനായി അവതരിക്കുന്നത്. മനുഷ്യനായി അവതരിക്കുമ്പോള്‍ മാനുഷികമായ പരിമിതികള്‍ ഈശ്വരനും പ്രകടമാക്കും. മറ്റുള്ളവര്‍ക്ക് അവരോട് അടുക്കുവാനും അവരുടെ സാമീപ്യം അനുഭവിക്കുവാനും വേണ്ട സാഹചര്യം ഒരുക്കുവാന്‍ വേണ്ടിയാണ് അവര്‍ അങ്ങനെ ചെയ്യുന്നത്. ഒരു ജീവന്‍ പൂര്‍ണതയിലേക്ക് എങ്ങനെ സഞ്ചരിക്കണം എന്നു പരമാത്മാവുതന്നെ നമുക്കു കാട്ടിത്തരുന്നതാണ് രാമന്റെ ജീവിതം. ‘അയന’മെന്നാല്‍ സഞ്ചാരമെന്നര്‍ത്ഥം. ദേശകാലാതീതമായ പരമാത്മതത്ത്വത്തിനു സഞ്ചാരവുമില്ല, ഗതിയുമില്ല. എന്നാല്‍ മനുഷ്യനായി അവതരിക്കുമ്പോള്‍ തന്റെ ജീവിതലീലകളിലൂടെ മറ്റുള്ള ജീവന്മാര്‍ക്കു പൂര്‍ണതയിലേക്ക് ഉയരാനുള്ള മാതൃക കാട്ടുകയാണ് അവതാരപുരുഷന്മാര്‍ ചെയ്യുന്നത്.
രാമന്റെ ജീവിതം ആദ്യാവസാനം നിരീക്ഷിച്ചാല്‍ നമുക്കു ഒരു കാര്യം വ്യക്തമാകുന്നു. ഓരോ സമയത്തും ചെയ്യേണ്ട ധര്‍മത്തെ യാതൊരു വീഴ്ചയും കൂടാതെ അനുഷ്ഠിക്കുക എന്നതാണു ഭഗവാന്‍ സ്വജീവിതത്തില്‍ അനുവര്‍ത്തിച്ച ആദര്‍ശം. ജീവിതത്തില്‍ പാലിക്കേണ്ട കടമകള്‍ എത്ര നിസ്സാരമായാലും അവയെല്ലാം യാതൊരു വിട്ടുവീഴ്ചയും കൂടാതെ പാലിക്കുവാന്‍ അവിടുന്നു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഈശ്വരന്‍ മനുഷ്യരൂപത്തില്‍ രാമനായി ജന്മമെടുത്തത്, മാനവലീലയാടിയത് ധര്‍മ്മസംസ്ഥാപനത്തിനു വേണ്ടിയായിരുന്നു, മനുഷ്യരെ മാനവധര്‍മ്മപാഠങ്ങള്‍ പഠിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു.
രാമന്റെ ചരിതം ശ്രദ്ധയോടെ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും ധര്‍മ്മത്തെക്കുറിച്ചു സൂക്ഷ്മമായ അവബോധമുണ്ടാകും. ഒരു വ്യക്തിക്ക് അച്ഛനമ്മമാരോടുള്ള ധര്‍മ്മം, സഹോദരന്മാരോടും, ബന്ധുക്കളോടുമുള്ള ധര്‍മ്മം, സുഹൃത്തുക്കളോടും അനുചരന്മാരോടുമുള്ള ധര്‍മ്മം, സമൂഹത്തോടും രാജ്യത്തോടും രാജ്യത്തെ പൗരന്മാരോടുമുള്ള ധര്‍മ്മം ഇതെല്ലാം അണുവിട തെറ്റാതെ അവിടുന്ന് അനുഷ്ഠിച്ചു. ധര്‍മ്മപാലനത്തിനായി എത്ര വലിയ ത്യാഗം ചെയ്യാനും അവിടുന്ന് മടിച്ചില്ല.
അഭിഷേകത്തലേന്നു രാത്രിയില്‍ മന്ഥരയുടെ ദുരുപദേശത്താല്‍ ബുദ്ധി കെട്ടുപോയ കൈകേയി ദശരഥനോടു്, തനിക്കു തരാനുള്ള രണ്ടു വരങ്ങളായി ഭരതന്റെ രാജ്യാഭിഷേകവും രാമന്റെ പതിനാലു വര്‍ഷത്തെ വനവാസവും ആവശ്യപ്പെട്ടപ്പോള്‍ ശ്രീരാമന് ദുഃഖമോ നിരാശയോ ക്രോധമോ ഉണ്ടായില്ല. നേരെമറിച്ച് അച്ഛനോടുള്ള തന്റെ കടമ നിര്‍വഹിക്കാനായി സന്തോഷപൂര്‍വം വനവാസത്തിനൊരുങ്ങി. തന്നെ ബന്ധനസ്ഥനാക്കി രാജ്യം പിടിച്ചെടുക്കാന്‍ ദശരഥന്‍ ആവശ്യപ്പെട്ടെങ്കിലും രാമന്‍ അതിനു തയ്യാറായില്ല. അച്ഛന്റെ വാക്ക് അസത്യമാകരുത് എന്ന കാര്യത്തില്‍ അവിടുത്തേയ്‌ക്കു നിര്‍ബ്ബന്ധമുണ്ടായിരുന്നു. മാത്രമല്ല, വനവാസത്തിനു കാരണക്കാരിയായ കൈകേയിയോട് അല്പംപോലും ദേഷ്യമോ പകയോ അവിടുത്തെ മനസ്സില്‍ ഉണ്ടായിരുന്നില്ല.
ഭരതന്‍ വനത്തില്‍ വന്നു രാമനെ തിരിച്ച് അയോദ്ധ്യയ്‌ക്കു കൂട്ടിക്കൊണ്ടുപോകാനും ഭരണമേല്പിക്കാനും ശ്രമിച്ചപ്പോഴും രാമന്‍ സ്വധര്‍മ്മത്തില്‍ ഉറച്ചുനിന്നു.
രാവണവധത്തിനുശേഷം പുത്രന്മാര്‍ ആരും ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തില്‍ രാവണന്റെ ചിതകൊളുത്തുവാന്‍ വിഭീഷണന്‍ മടിച്ചപ്പോഴും രാമന്‍ വിഭീഷണനെ അതിന് പ്രേരിപ്പിക്കുകയാണുണ്ടായത്. വിഭീഷണന്‍ അതിനു തയ്യാറായില്ലങ്കില്‍ താന്‍തന്നെ അതു നിര്‍വഹിക്കുമെന്നും രാമന്‍ അറിയിച്ചു. തുടര്‍ന്ന് വിഭീഷണനെ ലങ്കാധിപതിയായി അഭിഷേകം ചെയ്തതിലൂടെ ഒരു സുഹൃത്തിനോടുള്ള ധര്‍മ്മം എങ്ങനെ നിര്‍വഹിക്കണം എന്നു രാമന്‍ കാണിച്ചുതന്നു.
ജീവിതത്തില്‍ നമ്മുടെ കര്‍ത്തവ്യനിര്‍വഹണത്തിനിടയില്‍ പല വെല്ലുവിളികളെയും നേരിടേണ്ടിവന്നേയ്‌ക്കാം. അപ്പോഴെല്ലാം എന്തൊക്കെ ത്യാഗം സഹിച്ചായാലും ധര്‍മ്മം നിര്‍വഹിക്കാന്‍ നമുക്കു കഴിയണം. അതിനുള്ള ഉള്‍ക്കാഴ്ചയും പ്രേരണയും രാമന്റെ ചരിതത്തില്‍നിന്ന് നമുക്കു ലഭിക്കുന്നു.
മാതാ അമൃതാനന്ദമയീ ദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: