പട്ന: 2024ലെ പൊതുതെരഞ്ഞെടുപ്പിലും നരേന്ദ്ര മോദി തന്നെയായിരിക്കും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി മോർച്ചകളുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഞായറാഴ്ച അമിത് ഷാ. 2024ലും ബിജെപിയും ജെഡിയുവും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അമിത് ഷാ വ്യക്തമാക്കി.
2024 ലോക്സഭാ തിരഞ്ഞെടുപ്പിലും മോദിജി രാജ്യത്തുടനീളമുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തെ നയിക്കും. അദ്ദേഹം തന്നെ വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയാകും. അക്കാര്യത്തിൽ ആർക്കും സംശയം വേണ്ട. അമിത് ഷാ വ്യക്തമാക്കി. 2025 നിയമസഭാ തിരഞ്ഞെടുപ്പിലും ബിഹാറിൽ ബിജെപി- ജെഡിയു സഖ്യം ഒരുമിച്ച് മത്സരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
2024ലെ പൊതുതെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപി തുടക്കം കുറിച്ചു കഴിഞ്ഞു. മോദിയുടെ ജനപ്രീതിയെ ഉപയോഗപ്പെടുത്താന്‍ ഒരു വലിയ ടീമിനെത്തന്നെ രൂപീകരിച്ചിട്ടുണ്ട്. 2019ലെ വിജയം 2024ലും ആവര്‍ത്തിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് ബിജെപിയില്‍. യോഗത്തിൽ, കശ്മീരിൽ നിന്നുള്ള സ്ത്രീകൾ നിർമ്മിച്ച ത്രിവർണ പതാകകൾ വിതരണം ചെയ്തു. സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവുമധികം മന്ത്രിമാരെ ഗ്രാമങ്ങളിൽ നിന്നും വനവാസി മേഖലകളിൽ നിന്നും ദളിത് വിഭാഗങ്ങൾക്കിടയിൽ നിന്നും മന്ത്രിസഭയിൽ എത്തിച്ചത് മോദി സർക്കാർ ആണെന്നും അമിത് ഷാ പറഞ്ഞു. 2019ലെ തെരഞ്ഞെടുപ്പില്‍ മോദി രാജ്യത്തുടനീളം ഒരു ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചു. 100 റാലികളില്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: