വി. പ്രവീണ്‍ കുമാര്‍
നിശ്ശബ്ദത കനംതൂങ്ങിയ ഇടനാഴിയിലേക്ക്
കൂവലിന്റെ സ്വരം.
അത് അവന്റെ ശബ്ദമാണ് നരന്റെ…
മരണശിക്ഷയാണ്, കുറ്റം വ്യക്തമല്ല.
ജയിലറയിലെ കമ്പിയില്‍ പിടിച്ച് അവന്‍
നില്‍ക്കുന്നു.
ഒരു കൊഞ്ചല്‍ നാദം
നരാ…
അവന്റെ കണ്ണുകള്‍ വിടര്‍ന്നു.
നിരാശ കനംതൂങ്ങിയ മുഖം പുഞ്ചിരിയെ
തഴുകി.
തിടുക്കത്തില്‍ ആരാ…?
ഞാനാ…
ഞാനെന്നു പറഞ്ഞാല്‍ നാരായണിയാ…?
ചിരി വിടര്‍ന്നു… അല്ലേയല്ല, അവര്‍ ജയിലിലല്ലേ, ഞാന്‍ സ്വതന്ത്രയാ…
പിന്നെ?
പിന്നേ, അങ്ങനെയൊരാള്‍…
സുന്ദരിയാണോ?
വീണ്ടും ചിരി, അതെനിക്കറിയില്ല…
എന്തുണ്ട് പ്രായം?
ശബ്ദം കേട്ടിട്ട് എന്ത് തോന്നുന്നു? മകള്‍,
പെങ്ങള്‍, പ്രണയിനി, അമ്മ.
ഇടറിയ ശബ്ദം, ഇവരാരുമല്ല.
ഇവരെല്ലാം എനിക്ക് ഭയപ്പെടുത്തുന്ന നിശ്ശബ്ദതയാണ്.
അതിനെല്ലാം മുകളില്‍, എന്റെ പ്രാണനേക്കാള്‍…
വീണ്ടും ചിരി, ഞാന്‍ പോകുന്നു.
അയ്യോ…
പോകല്ലെ,
ഇരുട്ടിനെക്കാള്‍ എനിക്ക് ഭയം നിശ്ശബ്ദതയാണ്.
എനിക്ക് പോണം, എന്നെ കാത്ത് ഏറ്റവും
പ്രിയപ്പെട്ടവര്‍ നില്‍ക്കുന്നു.
അപ്പോ ഞാന്‍?
യാത്രക്കിടയില്‍ കണ്ടുമുട്ടിയ ഒരു വേണ്ടപ്പെട്ടയാള്‍.
കനം തൂങ്ങിയ ശബ്ദത്തില്‍
നിങ്ങള്‍ക്ക് ജയില്‍ സൂപ്രണ്ടിനെ അറിയാമോ?
ഇല്ല… ജഡ്ജിയെ?
ഇല്ല… ചിത്രഗുപ്തനെയോ?
വീണ്ടും ചിരി… അദ്ദേഹത്തെ അറിയാത്തവരുണ്ടോ?
എങ്കില്‍ എനിക്ക് ഒരു സഹായം ചെയ്യാമോ?
പറയൂ…
നിങ്ങള്‍ പോകുന്നതിന് മുന്നേ എന്റെ മരണശിക്ഷ നടപ്പാക്കാന്‍ പറയുമോ…
കടുത്ത നിശ്ശബ്ദത…
വിളറിയ മുഖത്തോടെ നരന്‍ ചുറ്റും നോക്കി, സര്‍വശക്തിയുമെടുത്ത് കൂവി…
നിശ്ശബ്ദതയെ തോല്‍പ്പിക്കാനായില്ല, ശബ്ദം തോല്‍ക്കുന്നു. അവന്റെ മനസ്സ് പറഞ്ഞു.
കഴിഞ്ഞ നാലു പതിറ്റാണ്ടിലെ ശിക്ഷയെന്ത്, ഇനിയുള്ള ശിക്ഷയല്ലേ ശിക്ഷ… മരണം വരേയുള്ള ജീവിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: