വാഷിംഗ്ടണ്‍: ഉക്രൈന് യുദ്ധത്തിന്റെ പേരില്‍ റഷ്യയെ ഒറ്റപ്പെടുത്തി തകര്‍ക്കാമെന്ന അമേരിക്കയുടെ പദ്ധതി പൊളിയുന്നതായി റിപ്പോര്‍ട്ട്. ഉക്രൈനെ ആക്രമിച്ചതിനാല്‍ റഷ്യ ഒറ്റപ്പെട്ടു എന്ന് പ്രഖ്യാപിക്കാന്‍ യുഎസ് ആഗ്രഹിക്കുന്നുണ്ടെങ്കിലും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും മോസ്കോയിലെ ഉന്നത ഉദ്യോഗസ്ഥരും ലോകരാഷ്ട്രങ്ങളുമായുള്ള ബന്ധം സജീവമാക്കുകയാണ്.
കഴിഞ്ഞ ആഴ്ച റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് തന്നെ നാറ്റോയില്‍ അംഗം കൂടിയായ തുര്‍ക്കിയുടെ പ്രസിഡന്റ് റെസെപ് തയ്യിപ് എര്‍ദോഗാനുമായി ഇറാനില്‍ കൂടിക്കാഴ്ച നടത്തി. ഇദ്ദേഹം ഇറാന് പ്രസിഡന്റിനെയും കണ്ടു.
പുടിന്റെ വിദേശകാര്യമന്ത്രി സെര്‍ഗി ലാവ്റോവ് യുഎസിന്റെ സുഹൃദ് രാഷ്ട്രനേതാക്കള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേരുമായി കൂടിക്കാഴ്ച നടത്തി. ഇപ്പോള്‍ റഷ്യയുടെ വിദേശകാര്യമന്ത്രി സെര്‍ഗി ലാവ്റോവുമായി സംസാരിക്കാന്‍ യുഎസ് പ്രതിരോധമന്ത്രി ആന്റണി ബ്ലിങ്കണ് തന്നെ ആഗ്രഹം പ്രകടിപ്പിച്ചതായി ചില മാധ്യമങ്ങള്‍ പുറത്തുവിടുന്നു. ഈയിടെ ഉസ്ബെക്കിസ്ഥാന് സന്ദര്‍ശിച്ച ലാവ്റോവ് പറഞ്ഞത് താന്‍ വിവിധ രാഷ്ട്രങ്ങളില്‍ പര്യടനം നടത്തിയ ശേഷം മോസ്കോയില്‍ തിരിച്ചെത്തിയ ശേഷം മാത്രമേ ആന്റണി ബ്ലിങ്കനുമായി സംസാരിക്കൂ എന്നാണ്. ഉഗാണ്ടയും ഈജിപ്തും ഈയിടെ സെര്‍ഗി ലാവ്റോവിനെ സ്വീകരിച്ചിരുന്നു.
അടുത്തയാഴ്ച നടക്കാന്‍ പോകുന്ന ആസിയാന്‍ ഫോറത്തിലും സെപ്തംബറില്‍ നടക്കുന്ന യുഎന്‍ പൊതുസഭയിലും ഏഷ്യയിലെ ത്രിരാഷ്ട്ര യോഗത്തിലും റഷ്യ പങ്കെടുക്കും. ചൈന, ഇന്ത്യ തുടങ്ങി ഏഷ്യയിലെ മിക്കരാഷ്ട്രങ്ങളുമായും സജീവ ബന്ധം പുലര്‍ത്തുകയാണ് റഷ്യ. ഇന്ത്യ 2021ല്‍ വര്‍ഷം മുഴുവന്‍ 1.2 കോടി ബാരല്‍ അസംസ്കൃത എണ്ണയേ ഇറക്കുമതി ചെയ്തുള്ളൂവെങ്കില്‍ 2022ല്‍ ഇതുവരെ 6 കോടി ബാരല്‍ അസംസ്കൃത എണ്ണ റഷ്യയില്‍ നിന്നും വാങ്ങിക്കഴിഞ്ഞതായി കെപ്ലര്‍ ഡാറ്റ പറയുന്നു.
യുഎസ് ഉപരോധം ഭയന്ന് ഫിലിപ്പൈന്‍സ് മാത്രമാണ് റഷ്യയില്‍ നിന്നും വാങ്ങേണ്ട 16 സൈനിക ഹെലികോപ്റ്ററുകള്‍ വാങ്ങേണ്ടെന്ന് വെച്ചിരിക്കുന്നത്. റഷ്യ ഒറ്റപ്പെട്ടു എന്ന് അമേരിക്ക ഉദ്ഘോഷിക്കാന്‍ ശ്രമിക്കുമ്പോള്‍ സെര്‍ഗി ലാവ്റോവ് വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവിടുകയാണ് റഷ്യ. ചൈന, ഇന്ത്യ, ഇന്തോനേഷ്യ വിദേശകാര്യമന്ത്രിമാരെ ബാലിയില്‍ നടന്ന ജി20 യോഗത്തില്‍ ലാവ്റോവ് കണ്ടതിന്റെ ചിത്രവും ഇക്കൂട്ടത്തിലുണ്ട്. ഉഗാണ്ട പ്രസിഡന്റ് യൊവേ മുസെവെനിയുമായും ലാവ് റോവ് കൂടിക്കാഴ്ച നടത്തിയ ഫോട്ടോയും ഇക്കൂട്ടത്തിലുണ്ട്. യുഎസ് പങ്കാളിയാണ് ഉഗാണ്ട. അതുപോലെ മറ്റൊരു യുഎസ് പങ്കാളിയായ ഈജിപ്തിന്റെ പ്രസിഡന്റ് അബ്ദെല് ഫത്ത എല്‍ സിസിയുമായും ലാവ്റോവ് കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: