തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ കൂടുതല്‍ നിക്ഷേപകര്‍ പരാതിയുമായി രംഗത്ത്. ബാങ്കില്‍ ബാങ്കില്‍ നിക്ഷേപിച്ച പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരായ കുട്ടികളുടെ ചികിത്സയടക്കം മുടങ്ങിയതായി വെളിപ്പെടുത്തി കുട്ടികളുടെ അച്ഛന് മാപ്രാണം സ്വദേശി ടി.ഒ. ജോസഫ് രംഗത്ത്. പ്രവാസിയായ ജോസഫ് 35 വര്‍ഷം ഗള്‍ഫില്‍ ജോലിയെടുത്ത് ഉണ്ടാക്കിയ 13 ലക്ഷം രൂപയാണ് കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചത്. തട്ടിപ്പ് പുറത്ത് വന്നതിന് ശേഷം നിരവധി തവണ പണം ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചെങ്കിലും പണം ലഭിച്ചില്ലെന്ന് ജോസഫ് പറയുന്നു.
മക്കളുടെ ചികിത്സയ്ക്ക് വേണ്ടി പണം വേണമെന്ന ആവശ്യവുമായി ബാങ്ക് അധികൃതരെയും എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളെയും സമീപിച്ചിരുന്നു എന്നാല്‍ മറുപടിയൊന്നും ലഭിച്ചില്ല. പണം തിരികെ നല്‍കുമെന്ന് ഉറപ്പ് നല്കാന് പോലും ബാങ്കിനാകുന്നില്ല. ജീവിതം തന്നെ കൈവിട്ടുപോകുന്ന അവസ്ഥയാണെന്നും ജോസഫ് പറഞ്ഞു. 12 ലക്ഷം രൂപ പിന്‍വലിക്കാന്‍ ജോസഫ് നാളുകളോളം ബാങ്കിന്റെ പടികയറിയിറങ്ങിയെങ്കിലും ഒരു വര്‍ഷത്തിനിടെ ആകെ ലഭിച്ചത് 20,000 രൂപ മാത്രം. വൃക്കരോഗിയായ ജോസഫിന്റെയും മക്കളുടെയും ചികിത്സയ്ക്ക് ഓരോ മാസവും ആവശ്യമുള്ളത് 23,000 രൂപയാണ്. ജോസഫിന്റെ മൂന്ന് മക്കളില്‍ രണ്ടുപേര്‍ ഭിന്നശേഷിക്കാരാണ്. 17 വയസ്സുവരെ ഇരുവരും കിടപ്പുരോഗികളായിരുന്നു.
മക്കളുടെ ചികിത്സ സ്വകാര്യ ആശുപത്രികളില്‍ നിന്നു സര്‍ക്കാര്‍ ആശുപത്രികളിലേക്കു മാറ്റേണ്ടിവന്നു. സുഖമില്ലാത്ത കുട്ടികളെയും കൂട്ടി മണിക്കൂറുകളോളം സര്‍ക്കാര്‍ ആശുപത്രിയുടെ വരാന്തയില്‍ വരിനില്‍ക്കേണ്ട ഗതിയിലാണ് അമ്മ റാണി.അടുത്ത മാസം 10,000 രൂപ കൂടി നല്‍കാമെന്ന് അധികൃതര്‍ പറയുന്നുണ്ട്. വിദേശപഠനത്തിനു പോയ മൂന്നാമത്തെ മകന് പാര്‍ട് ടൈം ജോലി ചെയ്തു സമ്പാദിക്കുന്ന ചെറിയ തുകയാണ് ഈ കുടുംബത്തെ മുന്നോട്ടു നയിക്കുന്നത്.
60 ലക്ഷം രൂപ നിക്ഷേപിച്ച കരുവന്നൂര്‍ സ്വദേശി സഹദേവനും പാരാതിയുമായി രംഗത്തെത്തി. മക്കളുടെ പഠനാവശ്യത്തിനായി നിക്ഷേപമോ പലിശയോ ബാങ്ക് അധികൃതര്‍ നല്‍കിയില്ലെന്നാണ് പരാതി. 60 ലക്ഷം നിക്ഷേപിച്ച തനിക്ക് പണം തിരികെ ചോദിച്ചപ്പോള്‍ ഒരുവര്‍ഷംകൊണ്ട് ലഭിച്ചത് മൂന്ന് ലക്ഷം രൂപ മാത്രമാണെന്നും സഹദേവന് പറയുന്നു.’35 വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്താണ് മടങ്ങിയെത്തിയത്. ബാങ്കിലെ മുന്‍ സെക്രട്ടറി സുനില്‍കുമാറുമായി വലിയ പരിചയമുണ്ടായിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും പണം വീട്ടിലെത്തിക്കാമെന്നാണ് അന്നവര്‍ പറഞ്ഞത്. തുടക്കത്തില്‍ മാത്രം പണം കിട്ടി. പിന്നീട് ആവശ്യത്തിന് പോലും പണം ബാങ്കില്‍നിന്ന് കിട്ടാതായി’, സഹദേവന് പറഞ്ഞു.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെക്കിട്ടാഞ്ഞതിനെത്തുടര്‍ന്ന് മെച്ചപ്പെട്ട ചികിത്സ ലഭിക്കാതെ നിക്ഷേപക മരിച്ച സംഭവത്തിന് പിന്നാലെയാണ് കൂടുതല്‍ പേര് പ്രതിഷേധവുമായി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: