തിരുവനന്തപുരം: എകെജി സെന്ററിന് നേരെ പടക്കമേറ് നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതി ഇപ്പോഴും അജ്ഞാതനായി തുടരുന്നു. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടിട്ടും ഒരു പ്രയോജനവും ഇതുവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞ ജൂണ്‍ 30 ന് രാത്രി 11.30ന് സിപിഎം സംസ്ഥാന ആസ്ഥാന മന്ദിരം എ.കെ.ജി സെന്ററിനെതിരേ പടക്കമേറ് നടന്നത്. വലിയ ബോംബാക്രമണമെന്നാണ് ആദ്യം സിപിഎം പ്രചരിപ്പിച്ചത്. എന്നാല്‍, പിന്നീട് നടന്ന പരിശോധനയില്‍ ചെറിയ ഏറുപടക്കമാണ് എറിഞ്ഞതെന്ന് വ്യക്തമായി. കോണ്‍ഗ്രസാണ് ബോംബെറിഞ്ഞതെന്ന് സിപിഎം നേതാക്കളെല്ലാം ആവര്‍ത്തിച്ചു. ആദ്യ പ്രസ്താവന വന്നത് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കൂടിയായ പി.കെ ശ്രീമതിയില്‍ നിന്നായിരുന്നു. ഇടിവെട്ടുന്നതിനുമപ്പുറം, കെട്ടിടം തകരുന്ന പോലുള്ള ശബ്ദം. പുസ്തകം വായിക്കുന്നതിനിടെ ശബ്ദത്തിന്റെ മുഴക്കം കൊണ്ട് ഞാനൊന്ന് ഞെട്ടിത്തെറിച്ച് ഇളകിപ്പോയി. പിന്നെ കണ്ടത് കേരളമൊട്ടാകെ സി.പി.എമ്മിന്റെ പ്രതിഷേധമാണ്. കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസുകള്‍ വ്യാപകമായി കേരളത്തില്‍ ആക്രമിക്കപ്പെട്ടു.
എന്നാല്‍, സ്വര്‍ണക്കടത്തുള്‍പ്പെടെയുള്ള സംഭവ വികാസങ്ങളില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരുന്നതിനിടെയായിരുന്നു എകെജി സെന്ററിന് നേരെ നടന്ന പടക്കമേറ്. അതിനാല്‍ ആരംഭം മുതല്‍ തന്നെ സംഭവത്തിന് പിന്നില്‍ സിപിഎം തന്നെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
പ്രധാനമായും സി.സി.ടി.വി ദൃശ്യങ്ങളും പ്രതിസഞ്ചരിച്ച വാഹനവും കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണമെങ്കിലും ഇതില്‍ കാര്യമായൊരു നേട്ടവുമുണ്ടായില്ല. സി.സി.ടി.വി ദൃശ്യം കൂടുതല്‍ വ്യക്തമാകാനായി ആദ്യം സിഡാക്കിലും പിന്നീട് ഫോറന്‍സിക്ക് ലാബിലും ഒടുവില്‍ അനൗദ്യോഗികമായി ദല്‍ഹിവരേയും പോലീസ് പോയെങ്കിലും ഫലമുണ്ടായില്ല. ദൃശ്യത്തിന്റെ വ്യക്തത കുറവായതിനാല്‍ എന്‍ലാര്‍ജ് ചെയ്യാന്‍ കഴിയാതാവുകയും പ്രതിയെ തിരിച്ചറിയാന്‍ പറ്റാതെ വരികയുമായിരുന്നു. പ്രതി സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചും പരിശോധന നടന്നു. ഡിയോ സ്കൂട്ടറിലാണ് പടക്കമെറിഞ്ഞയാള്‍ എ.കെ.ജി സെന്ററിന് സമീപത്തെത്തിയതെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. പിന്നീട് നഗരത്തിലെ പടക്ക കച്ചവടക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം തുടര്‍ന്നു. എന്നിട്ടും ഒരു തുമ്പും കണ്ടെത്താനായില്ല. ഒടുവില്‍ സിപിഎം പാര്‍ട്ടി ആസ്ഥാനത്തിനു നേരേ നടന്ന പടക്കേറും ഒടുവില്‍ തെളിയിക്കാനാകാതെ അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ് സര്‍ക്കാരും പോലീസും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: