ബെംഗളൂരു: യുവമോര്‍ച്ച ജില്ലാ സെക്രട്ടറി പ്രവീണ്‍ കുമാര്‍ നെട്ടാരുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഒരാളെ കൂടി കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. കാണിയൂര്‍ സ്വദേശി സദ്ദാം എന്നയാളെയാണ് ഇന്ന് പിടികൂടിയത്. ഇയാള്‍ സുള്ള്യയിലെ ബെല്ലാരെയില്‍ ചിക്കന്‍ സെന്റര്‍ നടത്തി വരികയായിരുന്നു. ഇതിന് സമീപം തന്നെയായിരുന്നു പ്രവീണിന്റെ ചിക്കന്‍ സെന്ററും പ്രവര്‍ത്തിച്ചിരുന്നത്.
ഇതിനാല്‍ പ്രവീണ്‍ കടയില്‍ എത്തുന്ന സമയവും തിരിച്ച് പോകുന്ന സമയവും സദ്ദാമിന് കൃത്യമായി അറിയാമായിരുന്നു. ഈ വിവരങ്ങള്‍ സദ്ദാം കൊല നടത്തിയവര്‍ക്ക് പറഞ്ഞുകൊടുത്തുവെന്നാണ് പോലീസ് പറയുന്നത്. പ്രതികളായ മുഹമ്മദ് ഷഫീക്കിനെയും സക്കീറിനെയും കേരളത്തിലെ കാസര്‍കോട് ജില്ലയില്‍ നിന്ന് കര്‍ണാടക പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഉള്‍പ്പെട്ടവരെ കൂടാതെ 15 പേര്‍ കൂടെയാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ളത്.
പ്രവീണിന്റെ കൊലപാതകത്തില്‍ നാലു പോലീസ് സംഘങ്ങളെയാണ് സര്‍ക്കാര്‍ അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം മംഗളൂരുവിലെ സൂറത്കലില്‍ കഴിഞ്ഞ ദിവസം രാത്രി കടയുടെ മുന്നില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ ഒരു സംഘം ആള്‍ക്കാര്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. മംഗല്‍പേട്ടില്‍ മുഹമ്മദ് ഫാസില്‍ (30) ആണ് മരിച്ചത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാണെങ്കിലും കൃത്യം നടത്തിയ നാലംഗ കൊലയാളി സംഘത്തെ തിരിച്ചറിയാനായിട്ടില്ല. അക്രമികള്‍ എത്തിയ കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പോലീസ് അറിയിച്ചു.
മരിച്ചയാളുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സംസാരിച്ചതിലൂടെ ഫാസില്‍ ഒരു അസോസിയേഷനിലോ പാര്‍ട്ടിയിലോ അംഗമായിരുന്നില്ല എന്നത് വളരെ വ്യക്തമാണ്. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലായിരുന്നു. ദിവസക്കൂലിക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. അതിനാല്‍ ഇത് രാഷ്‌ട്രീയ കൊലപാതകം ആവാന്‍ സാധ്യതയില്ലെന്നാണ് പോലീസ് പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഉത്തരവാദിത്തത്തോടെ പെരുമാറാന്‍ തങ്ങള്‍ ആളുകളോട് അഭ്യര്‍ത്ഥിക്കുന്നു. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. കിംവദന്തികളില്‍ വിശ്വസിക്കരുത്. വ്യാജ ഐഡികള്‍ വഴി തെറ്റായതും കെട്ടിച്ചമച്ചതുമായ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുകയും സോഷ്യല്‍ മീഡിയയില്‍ കൈമാറുകയും ചെയ്യരുതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ദക്ഷിണ കന്നഡയില്‍ സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇടങ്ങളിലെ നിരോധനാജ്ഞ തുടരുകയാണ്. കൂടുതല്‍ പോലീസിനെയും ഈ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. എഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ മംഗളൂരുവില്‍ ക്യാമ്പ് ചെയ്യുകയാണ്. വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: