ന്യൂദല്‍ഹി : പദവിയെ മാനിക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെതിരെയുള്ള ലോക്സഭ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. ചൗധരിയുടെ പരാമര്‍ശം പാര്‍ലമെന്റില്‍ ഉള്‍പ്പടെ വിവാദമായിരുന്നു. അതിനിടെയാണ് കോണ്‍ഗ്രസ് നേതാവ് തന്നെ ചൗധരിയെ തള്ളി രംഗത്ത് എത്തിയിരിക്കുന്നത്. ട്വിറ്ററിലൂടയായിരുന്നു വിമര്‍ശനം.
‘ഭരണഘടനാ പദവികളില്‍ ഇരിക്കുന്നവര്‍, സ്ത്രീയോ പുരുഷനോ, ആരുമാകട്ടെ അവര്‍ ആദരവ് അര്‍ഹിക്കുന്നു. അവരിരിക്കുന്ന പദവിയെ മാനിക്കണം. ലിംഗഭേദത്തിന്റെ ഭ്രമണ പഥത്തില്‍ വഴിതെറ്റുന്നതില്‍ അര്‍ത്ഥമില്ലെന്നുമായിരുന്നു മനീഷ് തിവാരിയുടെ ട്വീറ്റ്.
നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് സ്വകാര്യ മാധ്യമത്തിന് നല്കിയ പ്രതികരണത്തിനിടെ രാഷ്ട്രപതിയ ‘രാഷ്ട്രപത്നി’ യെന്ന് പരാമര്‍ശത്തില്‍ വ്യാഴാഴ്ച ഭരണപക്ഷം പാര്‍ലമെന്റില്‍ പ്രതിഷേധം ഉയര്‍ത്തുകയും സഭ തത്കാലത്തേയ്ക്ക് നിര്‍ത്തിവെയ്ക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ ദേശീയ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്. നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. അടുത്ത മാസം മൂന്നിന് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചൗധരി നടത്തിയ പരാമര്‍ശം, അപമാനമുളവാക്കുന്നതും, സ്ത്രീവിരുദ്ധവും ആണെന്ന വിലയിരുത്തലിലാണ് നടപടി.
ചൗധരിക്കെതിരെ മധ്യപ്രദേശ് പോലീസ് കേസെടുത്തിട്ടുമുണ്ട്. ബിജെപിയുടെ പാരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അതിനിടെ രാഷ്ട്രപതിയെ നേരില്‍ കാണാന്‍ അധിര്‍ രഞ്ജന്‍ ചൗധരി സമയം തേടിയിട്ടുണ്ട്. നേരിട്ട് ഖേദം അറിയിക്കാന്‍ തയ്യാറാണെന്നും ചൗധരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: