സിപിഎമ്മിനെ ആര്‍എസ്എസ് ആക്കാന്‍ പി. ജയരാജന് ശ്രമം തുടങ്ങിയിട്ടു കുറച്ചുകാലമായി. ആ ശ്രമത്തിന്റെ ഏറ്റവും പുതിയ ചുവടുവയ്പാണ് കര്‍ക്കടകവാവുബലിയില്‍ സഖാക്കളുടെ ഇടപെടല്‍ വേണമെന്ന കഴിഞ്ഞദിവസത്തെ ആഹ്വാനം. ആര്‍എസ്എസ്സുകാര്‍ സ്വാധീനം ചെലുത്തുന്ന മേഖലകളിലൊക്കെ കടന്നുചെന്ന് ആ സ്വാധീനം തങ്ങളുടേതാക്കി മാറ്റുക എന്ന മാര്‍ക്സിയന്‍ രാഷ്ട്രീയ തന്ത്രമാണ് ജയരാജന് സഖാവ് കുറച്ചുകാലമായി പയറ്റിക്കൊണ്ടിരിക്കുന്നത്. കണ്ണൂരാണ് ഇതിന്റെ പരീക്ഷണശാല. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റ 2014 മുതലാവണം ജയരാജന് സിപിഎമ്മിനെ ആര്‍എസ്എസ് ആക്കിയാലോ എന്ന ചിന്ത ഉദിച്ചത്. കാരണം കേന്ദ്രത്തില്‍ ബിജെപി ഭരണം വരുമെന്ന് സ്വപ്നത്തില്‍ പോലും അദ്ദേഹം കരുതിയിരുന്നില്ല. അതുമാത്രമല്ല, കേന്ദ്രഭരണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളിലൊക്കെ സ്വയംസേവകര്‍. അപ്പോള്‍ കേന്ദ്രത്തിലെത്താന്‍ സഖാക്കള്‍ മാതൃകയാക്കേണ്ടത് ആര്‍എസ്എസ്സിനെയല്ലേ. കൃത്യമായ നിരീക്ഷണം. പിന്നീട് ഒട്ടും വൈകിയില്ല. ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തന പദ്ധതികളെക്കുറിച്ച് പഠിച്ച് അത് അനുകരിക്കാനുള്ള ശ്രമം തുടങ്ങി. അങ്ങനെയാണ് സംഘം നടത്തുന്ന പരിപാടികള്‍, അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പറ്റിയതാണോ എന്ന പരിശോധന പോലും കൂടാത, ഒന്നൊന്നായി ഏറ്റെടുത്ത് നടത്താന്‍ തുടങ്ങിയത്.
2015-16 കാലഘട്ടത്തില്‍ത്തന്നെ തുടങ്ങിയിരുന്നു ഈ കലാപരിപാടികള്‍. അന്ന് പി. ജയരാജന് പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്. കേരളത്തിലെ സിപിഎമ്മില്‍ സംസ്ഥാന സെക്രട്ടറി കഴിഞ്ഞാല്‍ അടുത്തയാള്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്. പി.ജെ. ആര്‍മിയും സ്തുതിഗീതങ്ങളും ഒക്കെയായി ‘പിജെ’ വിലസി നടക്കുന്ന കാലം. അന്നാണ് ആര്‍എസ്എസ് ആകാനുള്ള തന്ത്രങ്ങള്‍ അദ്ദേഹം ആവിഷ്കരിച്ചത്. ശ്രീകൃഷ്ണജയന്തി ശോഭായാത്രകള്‍ സംഘടിപ്പിക്കലായിരുന്നു ആദ്യം. ശ്രീകൃഷ്ണ ജയന്തി ദിവസം നവോത്ഥാന നായകരുടെ നിശ്ചലദൃശ്യങ്ങളും ചെണ്ടമേളവുമൊക്കെയായി ഗംഭീരഘോഷയാത്രകള്‍ നടത്തിയത് പാര്‍ട്ടി നേരിട്ടു തന്നെ. പലയിടത്തും പന്തലിട്ട് ശ്രീകൃഷ്ണവിഗ്രഹങ്ങള്‍ വിളക്കും മാലയുമൊക്കെയായി ചില പരിപാടികളും നടന്നു. അത് പാര്‍ട്ടിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നില്ല, പരോക്ഷമായിരുന്നു. പിന്നെ, ഗണേശോത്സവമായിരുന്നു. വാദ്യമേളങ്ങളുമൊക്കെയായി നിമജ്ജനത്തിനായി എഴുന്നള്ളിച്ചത് ‘ചുവപ്പന്‍’ ഗണേശവിഗ്രഹമായിരുന്നു എന്നുമാത്രം. യോഗാഭ്യസ പരിശീലനവും അതിനായി പ്രത്യേക സ്ഥാപനവും ആരംഭിച്ചത് പിന്നാലെ. പാര്‍ട്ടി പരിപാടികളില്‍ കായികാഭ്യാസ പരിശീലനവും യോഗ പ്രദര്‍ശനവുമൊക്കെ നടത്തിയതും ഇക്കാലത്തു തന്നെ. എല്ലാം ആര്‍എസ്എസ് പരിപാടികളുടെ മുറയ്ക്കു തന്നെ.
എന്നാല്‍ ഈ എല്ലാ പരിപാടികളും പരാജയപ്പെടുകയും വ്യക്തിപൂജ മാത്രം ബാക്കിയാവുകയും ചെയ്തു. പിജെ തന്നെക്കാള്‍ വളരുന്നുണ്ടോ എന്ന് സംശയം തോന്നിയ പിണറായി സഖാവിന്റെ കൂച്ചുവിലങ്ങും വന്നു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്ന് ജയരാജനെ മാറ്റി തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് തോല്പിച്ചു. മൂലയ്ക്കായെങ്കിലും അവിടെയിരുന്നുകൊണ്ട് തന്റെ കലാപരിപാടികള്‍ സോഷ്യല്‍മീഡിയ വഴി തുടരുകയാണ് ജയരാജന് സഖാവ്. കര്‍ക്കടകവാവിലേക്കുള്ള ഇടിച്ചുകയറ്റത്തെ അതിന്റെ ഭാഗമായി മാത്രം കണ്ടാല്‍ മതി.
ഏറെ തത്ത്വചിന്താപരമാണ് കര്‍ക്കടകവാവ് സംബന്ധിച്ച സഖാവിന്റെ പോസ്റ്റ്. തുടക്കം തന്നെ ഇങ്ങനെയാണ്: ‘ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായുള്ള സാങ്കല്‍പ്പിക സംഗമങ്ങള്‍ ആണ് കര്‍ക്കടക വാവ് ബലി. നാളെ മലയാളികളില്‍ വളരെയധികം പേര് പിതൃസ്മരണകളില്‍ മുഴുകും. ആഘോഷങ്ങളും ആചാരങ്ങളുമെല്ലാം തന്നെ മണ്മറഞ്ഞു പോയവരുടെ സ്മൃതികള്‍ നമ്മളില്‍ ഉണര്‍ത്തുമെങ്കിലും കര്‍ക്കടക മാസത്തിലെ കറുത്തപക്ഷം പിതൃക്കള്‍ക്കു വേണ്ടി മാത്രമുള്ളതാണ്. മരണത്തെ കാല്‍പ്പനികവല്‍ക്കരിച്ചും ആചാര വിശ്വാസങ്ങളില്‍ തളച്ചിട്ടും മതങ്ങളുടെ അരികു ചേര്‍ന്നും മനുഷ്യന് ആ മഹാ നിശബ്ദതയെ തന്നാലാവുന്ന വിധമെല്ലാം ചേര്‍ത്ത് നിര്‍ത്തുന്നു.’
ഇത്രയും മഹത്തായ ഒരു സങ്കല്പത്തിനൊപ്പം സംഘടിതരായ സര്‍വ്വരാജ്യതൊഴിലാളികളെല്ലാം ചേര്ന്നുനില്ക്കണമെന്നാണ് സഖാവിന്റെ ആഹ്വാനം. ബലിതര്‍പ്പണ കേന്ദ്രങ്ങളെല്ലാം ആര്‍എസ്എസ്സുകാരുടെ നിയന്ത്രണത്തിലായതിന്റെ വിഷമത്തിലാണദ്ദേഹം. അത് തടയാന്‍ കമ്മ്യൂണിസ്റ്റുകള്‍തന്നെ ബലിതര്‍പ്പണ സംഘാടകരാകണമെന്നാണ് പോസ്റ്റിന്റെ ചുരുക്കം.
സിപിഎമ്മിനെ ആര്‍എസ്എസ് ആക്കാന്‍ പി. ജയരാജന് ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ്സിനെ സിപിഎം ആക്കാനാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ശ്രമിക്കുന്നത്. അദ്ദേഹം അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ഓരോ നീക്കവും അതിലേക്കാണ്. സ്ഥാനമേറ്റയുടന്‍ സുധാകരന് പ്രഖ്യാപിച്ചത് കോണ്‍ഗ്രസ്സിനെ സെമി കേഡര്‍ പാര്‍ട്ടിയാക്കുമെന്നാണ്. ബ്രാഞ്ച് കമ്മിറ്റിക്ക് സമാനമായ യൂണിറ്റ് കമ്മിറ്റികളായി പിന്നെ. ഇപ്പോഴിതാ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്ക് സിപിഎം മോഡല്‍ ലെവിയും ഏര്‍പ്പെടുത്തുമെന്ന് ചിന്തന്‍ ശിബിരത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നു. കോണ്‍ഗ്രസ് സിപിഎമ്മിനെ അനുകരിച്ചാല്‍ അവര്‍ക്ക് കേരളത്തിലെ ഭരണവും സിപിഎം ആര്‍എസ്എസ്സിനെ അനുകരിച്ചാല്‍ അവര്‍ക്ക് കേന്ദ്രഭരണവും കൈവരും എന്നു കരുതിയായിരിക്കുമോ ഈ അനുകരണസിദ്ധാന്തങ്ങള്‍ ആവിഷ്കൃതമായത്. പക്ഷേ, ‘തേങ്ങ എത്ര അരച്ചാലും താളല്ലേ കറി’ എന്നാണ് രണ്ടുപാര്‍ട്ടികളുടേയും അണികളുടെ സംശയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: