ന്യൂദല്‍ഹി : കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപത്നിയെന്ന് വിളിച്ചതില്‍ രാജ്യ സഭയില്‍ ബഹളം. ദൗപദി മുര്‍മു രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായപ്പോള്‍ തന്നെ കോണ്‍ഗ്രസ് നിരന്തരം അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളാണ് നടത്തുന്നതെന്നും രാഷ്ട്രപതിയെ അധിക്ഷേപിച്ചതില്‍ മാപ്പു പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നാക്കുപിഴ സംഭവിച്ചതാണെന്നും മാപ്പ് പറയേണ്ട കാര്യമില്ലെന്നും ഇതിന്റെ പേരില്‍ തൂക്കിലേറ്റണമെങ്കില്‍ തൂക്കിലേറ്റാമെന്നും അധീര്‍ രഞ്ജന്‍ ചൗധരി മറുപടി നല്‍കിയതോടെയാണ് പ്രതിഷേധം ശക്തമായത്.
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ആദിവാസി പാരമ്പര്യത്തെ അപമാനിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചതായി കേന്ദമന്ത്രിമാരായ നിര്‍മല സീതാരാമനും സ്മൃതി ഇറാനിയും ആരോപിച്ചു. ദ്രൗപദി മുര്‍മു രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായപ്പോള്‍ തന്നെ കോണ്‍ഗ്രസ് നിരന്തരം അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുകയാണ്. രാഷ്ട്രപതിയെ അധിക്ഷേപിച്ചതില്‍ മാപ്പു പറയണം. കോണ്‍ഗ്രസ് സ്ത്രീ വിരുദ്ധരും ആദിവാസി വിരുദ്ധരുമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി കുറ്റപ്പെടുത്തി.
അധീര്‍ രഞ്ജന്‍ ചൗധരിയുടെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മാപ്പുപറയണമെന്നു കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് ആവശ്യപ്പെട്ടു. അതിനിടെ പാര്‍ലമെന്റില്‍ സ്മൃതി ഇറാനിയോട് സോണിയ ഗാന്ധി തട്ടിക്കയറിയെന്നും, തന്നോട് മിണ്ടിപ്പോവരുതെന്ന് പറഞ്ഞതായും നിര്‍മ്മല സീതാരാമന് പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ പ്രസ്താവനയ്ക്കെതിരെയുള്ള പ്രതിഷേധം ശക്തമായതോടെ സഭ മൂന്ന് മണിവരെ നിര്‍ത്തിവെച്ചു.
നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഇഡി നടപടികള്‍ക്കെതിരെ പാര്‍ലമെന്റിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചിനിടെ ഒരു ഹിന്ദി ചാനലിന് നല്കിയ പ്രതികരണത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ചത്. ആദ്യം രാഷ്ട്രപതിയെന്ന് പറഞ്ഞത് തിരുത്തി രാഷ്ട്രപത്നി എല്ലാവര്‍ക്കുമുള്ളതാണെന്ന് അധിര്‍ രഞ്ജന്‍ പറയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: