ആര്‍ട്ടിസ്റ്റ് കെ എസ് ഗോപാലകൃഷ്ണന് ( ഗോപി ) അന്തരിച്ചു.കോട്ടയം കുളമാളൂര് പുളിഞ്ചുവട്ടില്‍ ആണ് താമസം. കുമാരനല്ലൂര്‍ കൊച്ചാലിന് ചുവടിനു തെക്കുവശത്താണ് ജന്മസ്ഥലം.
സ്റ്റിക്കര്‍ പ്രിന്റ് ചെയ്യുന്ന വ്യക്തി എന്ന പേര് അദ്ദേഹത്തെ ഒരുപാട് പ്രശസ്തനാക്കിയിരുന്നു. ഓം എന്ന സ്റ്റിക്കര്‍ അത് വാഹനങ്ങളിലും വീടുകളിലും ഒട്ടിക്കാവുന്ന തരത്തില്‍ പ്രിന്റ് ചെയ്തിരുന്നു. ഏറെ ശ്രദ്ധിച്ചിരുന്നത് വാച്ചിന്റെ ഗ്ലാസില്‍ ഒട്ടിക്കുന്ന ചെറിയ സ്റ്റിക്കര്‍ ആയിരുന്നു. വളരെ പ്രശംസയേറിയതായിരുന്നു അത്. കോട്ടയത്തെ സ്ക്രീന്‍ പ്രിന്റിംഗ് രംഗത്തെ അതികായനായിരുന്നു അദ്ദേഹം. കേരളത്തില്‍ അങ്ങോളമിങ്ങോളം ഈ ഓം സ്റ്റിക്കര്‍ വില്ക്കാന് യാത്ര ചെയ്തിരുന്ന തിരുനക്കരയിലെ റ്റി എസ് കുമാറാണ് ഇതിന് പേരുണ്ടാക്കിയത്. അവസാനം ടി എസ് കുമാര്‍ ഓംകുമാര്‍ എന്ന നാമധാരിയായി. ഇന്നും അദ്ദേഹം ഓംകുമാര്‍ തന്നെ.
ഇരുപതും മുപ്പതും പ്രാവശ്യം ഒരേ ചിത്രത്തില്‍ പ്രിന്റ് ചെയ്യേണ്ടിയിരുന്ന കഥകളി സ്റ്റിക്കര്‍ ഇന്നത്തെ മള്‍ട്ടികളര്‍ പ്രിന്റിംഗ് തോറ്റു പോകുന്ന തരത്തില്‍ വര്‍ണ്ണശോഭ നിറഞ്ഞതായിരുന്നു. സ്ക്രീന്‍ പ്രിന്റിംഗ് രംഗത്തെ എന്തിനും അദ്ദേഹം സ്വന്തം വഴി കണ്ടെത്തുമായിരുന്നു. നാട്ടകം പോളിടെക്നിക്കില്‍ സ്ക്രീന്‍ പ്രിന്റിംഗ് സ്പെഷ്യല്‍ അധ്യാപകനായും അദ്ദേഹം ജോലി ചെയ്തിരുന്നു.
തികഞ്ഞ ദേശസ്നേഹിയും അതുമായി ബന്ധപ്പെട്ട് എപ്പോഴും ആരുമായും സംസാരിക്കുവാന്‍ ജോലിക്കിടെയും സമയം കണ്ടെത്തുകയും ചെയ്യുന്നതില്‍ ശ്രദ്ധാലുവായിരുന്നു. അതിനുവേണ്ടി ധനസഹായം ചെയ്യുന്നതിനും മടിയില്ലായിരുന്നു. പുളിഞ്ചുവട് സ്ഥലത്തെ ധാര്‍മ്മിക പ്രവര്‍ത്തനത്തിന് എപ്പോഴും സഹായിയായിരുന്നു.
എനിക്ക് വളരെ ചെറുപ്പം മുതലേ ഗോപിചേട്ടനെ അറിയാം. കുമാരനല്ലൂര്‍ കൊച്ചാലിന് ചുവട്ടിലുള്ള എന്റെ വീട്ടില്‍ നിന്ന് നോക്കിയാല്‍ കാണാം ഗോപിച്ചേട്ടന്റെ വീട്. അതും ഞങ്ങളുടെ കുടുംബവക സര്‍പ്പക്കാവുകളുടെ സമീപത്തും. കാവിലെ പാട്ടുത്സവങ്ങള്ക്ക് ഈ ഭവനത്തിന്റെ സാമീപ്യവും അന്നുണ്ടായിരുന്നു. കുടുംബങ്ങള്‍ തമ്മില്‍ നല്ല സൗഹൃദവും കാത്തുസൂക്ഷിച്ചിരുന്നു.
പിന്നീട് ചിത്രകലയുമായി ബന്ധപ്പെട്ടുള്ള പരിചയം വളരെ ആഴമേറിയതാണ്. പരസ്പരം അനേകരെ പരിചയപ്പെടുവാന്‍ ഈ ബന്ധം മൂലം സാധിച്ചിട്ടുണ്ട്. അക്കാലത്ത് സ്ക്രീന്‍ പ്രിന്റിംഗ് അപൂര്‍വമായ ഒന്നായിരുന്നു. ഇന്ത്യന്‍ ഓട്ടോ ആക്സസറീസ് (തിരുനക്കര) ഉടമയായിരുന്നു ചെന്നൈയില്‍ നിന്നും വന്ന ഒരു സ്ക്രീന്‍ പ്രിന്ററെകൊണ്ട് ഗോപിച്ചേട്ടനെ സ്ക്രീന്‍ പ്രിന്റിംഗ് പഠിപ്പിച്ചത്.
അന്ന് ആരും തന്നെ ഇത് മറ്റുള്ളവരെ പഠിപ്പിക്കില്ലായിരുന്നു. ഈ മേഖലയിലെ സാധ്യത കുറവായിരുന്നതിനാല്‍ ആയിരിക്കാം അന്ന് അങ്ങിനെ ചെയ്തിരുന്നത്. എനിക്ക് സ്ക്രീന്‍ പ്രിന്റിംഗ് പഠിക്കണം എന്ന് അക്കാലത്തു വലിയ ആഗ്രഹമായിരുന്നു. ശ്രമിച്ചും നോക്കിയതാണ് നടന്നില്ല. പിന്നീട് തിരുവനന്തപുരം പുത്തിരിക്കേണ്ടം മൈതാനത്ത് മന്നംജയന്തി സമ്മേളനത്തില്‍ കോട്ടയം പന്തല്‍ ശിവരാമ പിള്ളയുടെ കൂടെ ചിത്രം വരയ്ക്കാന്‍ പോയ സമയത്താണ് അവിടെയുള്ള ഒരു സ്ക്രീന്‍ പ്രിന്റ്ററുമായി പരിചയപ്പെടാന്‍ ഇടയായത്. അദ്ദേഹത്തില്‍ നിന്നാണ് ആദ്യം പഠിപ്പിച്ചത്. ആ മേഖലയിലും ഒരുപാട് ശോഭിക്കാന്‍ എനിക്കും കഴിഞ്ഞു.
പി ജി ഗോപാലകൃഷ്ണന്
തപസ്യ സംസ്ഥാന സമിതി അംഗം,
ചിത്രകലാ വിഭാഗം സംസ്ഥാന ജനറല്‍ കണ്‍വീനര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: