സിഡ്നി:അംഗോളയിലെ ലുലോ എന്ന് പേരായ ഖനിയില്‍ നിന്നും 170 കാരറ്റുള്ള പിങ്ക് ഡയമണ്ട് കുഴിച്ചെടുത്തു. തീരെ കരടില്ലാത്ത ശുദ്ധമായ പിങ്ക് ഡയമണ്ടാണിതെന്ന് പറയുന്നു.
ലുലോ ഖനിയില്‍ നിന്നും കുഴിച്ചെടുത്തതിനാല്‍ ഇതിന് ലുലോ-ഐ-നൂര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 300 വര്‍ഷങ്ങള്‍ക്കുള്ളില്‍ കുഴിച്ചെടുത്ത ലോകത്തിലെ തന്നെ ഏറ്റവും വലിയ പിങ്ക് ഡയമണ്ടാണിത്. ലുലോ ഖനിയുടെ ഉടമസ്ഥര്‍ ലുകാപാ ഡയമണ്ട് കമ്പനിയാണ്. അത് അങ്കോള സര്‍ക്കാരും ആസ്ത്രേല്യയിലെ കമ്പനിയും തമ്മിലുള്ള സംയുക്തസംരംഭമാണ്. ഈ ഖനി.
ടൈപ് 2എയില്‍ പെട്ടതാണ് ഈ ഡയമണ്ടെന്നതിനാല് ഇത് പ്രകൃതിദത്ത കല്ലുകളിലെ അതിശുദ്ധമായതാണ്. അപൂര്‍വ്വവുമാണ്. “ആഗോളതലത്തില്‍ ഇപ്പോള്‍ അംഗോള ഡയമണ്ടുകളുടെ കാര്യത്തില്‍ പ്രധാന രാജ്യമാണെന്ന് ലുലോ ഖനിയില്‍ നിന്നും കുഴിച്ചെടുത്ത ഈ പിങ്ക് ഡയമണ്ട് തെളിയിക്കുന്നു,”- അംഗോളയുടെ ധാതുവിഭവ മന്ത്രി ഡയമണ്ടിനൊ അസെവെഡോ പറയുന്നു. ഇനി ലുലോ റോസ് എന്ന ഇപ്പോഴത്തെ പിങ്ക് ഡയമണ്ട് കട്ടും പോളിഷും ചെയ്തു കഴിഞ്ഞാലേ വിലമതിക്കാനാവാത്ത ഡയമണ്ടായി മാറുകയുള്ളൂ. പക്ഷെ കട്ടും പോളിഷും കഴിഞ്ഞുവരുമ്പോള്‍ ഇപ്പോഴുള്ള കല്ലിലെ 50 ശതമാനം നഷ്ടമാകും.
ഇതിന് കോടികള്‍ വിലമതിക്കും. ഇതിന് മുന്‍പ് 59.6 കാരറ്റ് മാത്രമുള്ള പിങ്ക് സ്റ്റാര്‍ എന്ന ഡയമണ്ട് ഹോങ്കോങ്ങിലെ ലേലത്തില്‍ വിറ്റുപോയത് 7.12 കോടി ഡോളറിനാണ്.
ഇതിന് മുന്‍പ് 300 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ നിന്നാണ് ഇതിനേക്കാള്‍ ഭാരം കൂടിയ 182 കാരറ്റുള്ള ഡാറിയ- ഐ- നൂര്‍ കണ്ടെടുത്തത്. ഡാറിയ ഐ നൂര്‍ ഇപ്പോള്‍ ഇറാന് കിരീട ആഭരണശേഖരത്തിന്റെ ഭാഗമാണ്. 1739ല്‍ ഇറാനില്‍ നിന്നുള്ള നാദര്‍ ഷാ വടക്കേ ഇന്ത്യ ആക്രമിച്ച് ദല്‍ഹി പിടിച്ചു. ഇന്ത്യയുടെ കിരീടം അന്നത്തെ മുഗള്‍ ചക്രവര്‍ത്തിയായ മുഹമ്മദിന് നല്‍കിയതിന് പകരമായി ഡാറിയ ഐ നൂറും, കോഹിനൂറും പീകോക്ക് സിംഹാസനവും നദാര്‍ ഷാ കൊണ്ടുപോയി. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ഡാറിയ ഐ നൂര്‍ ഇറാനിലെ കിരീട ആഭരണ ശേഖരത്തിലേക്ക് പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: